പൊതു​ഗതാ​ഗത രം​ഗത്ത് ദേശീയ പുരസ്കാരം നേടി കെഎസ്ആർടിസി. കെ.എസ്.ആർ.ടി.സിയുടെ സിറ്റി സർക്കുലർ,ഗ്രാമവണ്ടി എന്നിവയ്ക്കാണ് പുരസ്‌കാരം ലഭിച്ചത്.ഭവന നഗരകാര്യ വകുപ്പിന്റെ ഏറ്റവും മികച്ച പൊതുഗതാഗത സംവിധാനമുള്ള ന​ഗരത്തിനുള്ള പുരസ്‌കാരമാണ്  (City with the best Public Transport System)  തിരുവനന്തപുരം സിറ്റി സർക്കുലർ ബസുകളെ തേടിയെത്തിയത്.മികച്ച പൊതുജന പങ്കാളിത്തത്തോടെയുള്ള ഗതാഗത ആസൂത്രണ വിഭാഗത്തിലാണ്   ( Award of Excellence in Urban Transport) ഗ്രാമവണ്ടി പദ്ധതിക്ക് അംഗീകാരം ലഭിച്ചത്.ഇന്ത്യയിലെ എല്ലാ നഗര പ്രദേശങ്ങളിലേയും പൊതു ഗതാഗതം ശക്തിപ്പെടുത്തുന്നതിന് ആവിഷ്കരിച്ച പദ്ധതികൾ ആണ് അവാർഡിന് പരിഗണിച്ചിരുന്നത്.  

തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് പൊതു​ഗതാ​ഗത സൗകര്യം കുറവുള്ള സ്ഥലങ്ങളിലേക്കും, ഗ്രാമപ്രദേശങ്ങളിലേക്കും, സാമൂഹികമായി പിന്നാക്കം നിൽക്കുന്ന മേഖലകളിലേക്കും പൊതു ​ഗതാഗത സൗകര്യം ലഭ്യമാക്കുന്നതിന് ആരംഭിച്ച പ്രത്യേക കെഎസ്ആർടിസി ബസ് സർവീസാണ് ​'ഗ്രാമവണ്ടി'. പൊതുജന പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.  പദ്ധതിയിൽ പൊതു ജനങ്ങളും,വകുപ്പുകളും, സ്ഥാപനങ്ങളും, വ്യക്തികളും, പൊതുജനസേവത്തിനായി മുതൽ മുടക്കുന്നത്  ഇന്ത്യയിലെ നഗര ഗതാഗത സംവിധാനത്തിലെ അതി നൂതന ചുവടുവയ്പാണെന്നാണ് പുരസ്കാര സമിതി വിലയിരുന്നത്. നഗരപ്രാന്ത പ്രദേശങ്ങളിലെയും  ​ഗ്രാമങ്ങളിലെയും  ലാഭകരമല്ലാത്ത റൂട്ടുകളെ  നഗരവുമായും പ്രധാന റൂട്ടുകളുമായും  ബന്ധിപ്പിക്കുന്നതാണ്  ​ഗ്രാമവണ്ടി സർവ്വീസുകൾ .  ഒറ്റപ്പെട്ട എല്ലാ ​ഗ്രാമീണ മേഖലകളെയും ഇത്തരത്തിൽ   ബന്ധിപ്പിക്കുന്നതിന് ഗ്രാമവണ്ടി പദ്ധതി വിഭാവനം ചെയ്യുന്നു. നിലവിൽ  6 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ചേർന്ന് ഗ്രാമവണ്ടി സർവീസുകൾ ആരംഭിച്ചിട്ടുണ്ട്, കൂടുതൽ സർവീസുകൾ കൊല്ലം, തിരുവന്തപുരം കോർപ്പേറേഷനുകളിൽ  അടക്കം വിഭാവനം ചെയ്തു നടപ്പിലാക്കി വരുകയാണ്. പത്തിയൂരിൽ ​ഗ്രാമവണ്ടിയുടെ സർവ്വീസ് ഉടൻ  ആരംഭിക്കും. 

തിരുവനന്തപുരം ന​ഗരത്തിൽ പ്രധാന സർക്കാർ സ്ഥാപനങ്ങൾ, ആശുപത്രികൾ, മറ്റ് പ്രധാന കേന്ദ്രങ്ങൾ എന്നിവയെ ബന്ധിപ്പിച്ചാണ് സിറ്റി സർക്കുലർ ബസുകൾ സർവീസ് നടത്തുന്നത്.  66 ബസുകൾ ഉപയോഗിച്ച് രാവിലെ ഏഴു മണി മുതൽ വൈകുന്നേരം ഏഴു മണി വരെ സിറ്റി സർക്കുലർ സർവീസ് നടത്തുകയും, പ്രതിദിനം ഏകദേശം 4000 യാത്രക്കാരിൽ നിന്ന് 34000 യാത്രക്കാർ എന്ന നിലയിലേക്ക് വളരുകയും ചെയ്തതും, ഇതിന് അനുബന്ധം ആയി 150 ഓളം സിറ്റി ഷട്ടിൽ, സിറ്റി റേഡിയേൽ എന്നീ സർവീസുകളും തിരുവന്തപുരം നഗരത്തിൽ ഓപ്പറേറ്റ് ചെയ്തത് വഴി നഗര ഗതാഗത്തിന് പുതിയ മുഖം നൽകിയതാണ്  ഏറ്റവും നല്ല ഗതാഗത സംവിധാനം എന്ന വിഭാഗത്തിലുള്ള അവാർഡിന് സിറ്റി സർക്കുലറിനെ അർഹമാക്കിയത്. പ്രതി മാസം  9  ലക്ഷം യാത്രക്കാർ ആണ് പുതിയതായി ഈ സംവിധാനത്തെ ആശ്രയിക്കുന്നത്.അഖിലേന്ത്യ തലത്തിലുള്ള ഈ അവാർഡുകൾ കെഎസ്ആർടിസി യുടേയും, സംസ്ഥാനത്തിന്റയും നവഗതാഗത പരിഷ്കാരങ്ങൾക്കു വർദ്ധിത ഊർജം ആണ് പകർന്നിരിക്കുന്നത്.


 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2022-11-03 14:09:28

ലേഖനം നമ്പർ: 820

sitelisthead