ശ്വാസകോശ രോഗങ്ങളുടെ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി ആരോഗ്യവകുപ്പ് ആരംഭിച്ച പദ്ധതികളാണ് ശ്വാസ് ക്ലിനിക്കുകളും ശ്വാസകോശ പുനരധിവാസ ക്ലിനിക്കുകളും. മികച്ച ചികിത്സയും പ്രതിരോധവും ഉറപ്പുവരുത്തിയാണ് ശ്വാസ് ക്ലിനിക്കുകളുടെ പ്രവർത്തനം പുരോഗമിക്കുന്നത്. നിലവിൽ സംസ്ഥാനത്ത് പ്രവർത്തിച്ചുവരുന്ന 513 ശ്വാസ് ക്ലിനിക്കുകൾക്ക് പുറമേ കൂടുതൽ ആശുപത്രികളിൽ ശ്വാസ് ക്ലിനിക്കുകൾ വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ആരോഗ്യവകുപ്പ്.
ശ്വാസകോശ ആരോഗ്യത്തെ ബാധിക്കുന്ന രോഗമാണ് സി.ഒ.പി.ഡി (Chronic Obstructive Pulmonary Disease). വിട്ടുമാറാത്തതും കാലക്രമേണ വര്‍ധിക്കുന്നതുമായ ശ്വാസംമുട്ടല്‍, കഫക്കെട്ട്, ചുമ എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. കേരളത്തിൽ ഏകദേശം 5 ലക്ഷത്തിൽ പരം സി.ഒ.പി.ഡി. രോഗികളുണ്ടെന്നാണ് കണക്ക്. സി.ഒ.പി.ഡിയെ ജീവിതശൈലീ രോഗങ്ങളുടെ ഭാഗമായി ഉള്‍പ്പെടുത്തി ഈ രോഗത്തിന്റെ പ്രതിരോധത്തിനും നിയന്ത്രണത്തിനും ചികിത്സയ്ക്കുമായാണ് ആരോഗ്യവകുപ്പ് ശ്വാസ് ക്ലിനിക്കുകള്‍ ആരംഭിച്ചത്.
സി.ഒ.പി.ഡി.യ്ക്കു വേണ്ടി ഒരു പൊതുജനാരോഗ്യ പദ്ധതി ഇന്ത്യയിൽ ആദ്യമായി ആരംഭിച്ചത് കേരളമാണ്. പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള ആശുപത്രികളില്‍ സജ്ജമാക്കിയ ശ്വാസ് ക്ലിനിക്കുകളിലൂടെ ഈ രോഗികള്‍ക്ക് മികച്ച ചികിത്സ ഉറപ്പു വരുത്തുന്നു. 39 ജില്ലാ, ജനറല്‍ ആശുപത്രികളിളും 474 കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ശ്വാസ് ക്ലിനിക്കുകള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
ശ്വാസ് ക്ലിനിക്കുകള്‍ക്ക് പുറമേ 227 സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ ശ്വാസകോശ പുനരധിവാസ ക്ലിനിക്കുകളും (Pulmonary rehabhilitation) പ്രവർത്തിച്ചു വരുന്നു. ശ്വസന വ്യായാമ മുറകളും, മറ്റു എയറോബിക് വ്യായാമങ്ങളും, പുകവലി നിര്‍ത്തുന്നതിനുള്ള സഹായവും, ശ്വാസകോശ രോഗികള്‍ വിഷാദ രോഗങ്ങള്‍ക്ക് അടിമപ്പെടാതിരിക്കാനുള്ള കൗണ്‍സലിംഗ് സേവനങ്ങള്‍ തുടങ്ങിയവ എല്ലാം തന്നെ ഈ ക്ലിനിക്കുകളിലൂടെ ലഭ്യമാകും. ഈ സേവനങ്ങള്‍ എല്ലാ ശ്വാസകോശ രോഗികള്‍ക്കും കോവിഡാനന്തര രോഗികള്‍ക്കും ഒരുപോലെ സഹായമാകുന്ന ഒന്നാണ്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2022-11-16 15:48:43
ലേഖനം നമ്പർ: 837