ഉത്തരവാദിത്ത ടൂറിസം മിഷന്‍റെ വാട്ടർ സ്ട്രീറ്റ് പദ്ധതിക്ക് അന്താരാഷ്ട്ര പുരസ്കാരം. ലോകത്തിലെ ഏറ്റവും വലിയ ട്രാവൽ ഷോയായ വേൾഡ് ട്രാവൽ മാർക്കറ്റിന്‍റെ ജലസംരക്ഷണ മേഖലയിലെ പ്രവർത്തനങ്ങൾക്കുള്ള കാറ്റഗറിയിലാണ് കേരളത്തിന്‍റെ വാട്ടര്‍ സ്ട്രീറ്റ് പദ്ധതി തിരഞ്ഞെടുക്കപ്പെട്ടത്. ഉത്തരവാദിത്ത ടൂറിസം മിഷന്‍റെ നേതൃത്വത്തില്‍ 2022 ജൂണ്‍ മാസത്തില്‍ കോട്ടയം ജില്ലയിലെ മറവന്‍തുരുത്ത് ഗ്രാമത്തിലാണ് വാട്ടർ സ്ട്രീറ്റ് പദ്ധതി ആരംഭിച്ചത്. ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി പ്രാദേശിക തൊഴിലും വരുമാനവും വർധിപ്പിക്കുകയും പടിപടിയായി പ്രദേശത്തെ അന്താരാഷ്ട്ര ഉത്തരവാദിത്ത ടൂറിസം കേന്ദ്രമാക്കി മാറ്റുന്നതിനുമുള്ള പ്രവർത്തനങ്ങളാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ടൂറിസം മേഖലയില്‍ ജനപങ്കാളിത്തത്തോടെ നടത്തിയ ജല സംരക്ഷണ പ്രവര്‍ത്തനത്തിലെ മാതൃകാ പ്രവര്‍ത്തനത്തിനാണ് വാട്ടര്‍ സ്ട്രീറ്റ് പ്രോജക്ടിന് അവാര്‍ഡ് ലഭിച്ചത്.
ഈ പദ്ധതിയുടെ ഭാഗമായി കനാലുകളും വിവിധ ജലാശയങ്ങളും ആഴം കൂട്ടി വൃത്തിയാക്കി സംരക്ഷിച്ച് ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു. ജലാശയങ്ങളുടെ സംരക്ഷണത്തിനായി കയര്‍ ഭൂവസ്ത്രം വിരിക്കുകയും ചെയ്തു. കയാക്കിങ് ഉള്‍പ്പെടെയുള്ള ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് ഇവ ഉപയോഗിച്ചുവരുന്നു.ഓരോ പ്രദേശത്തും ജനകീയമായി ഒരു ടൂറിസം ഡെസ്റ്റിനേഷന്‍ രൂപപ്പെടുത്തുന്ന പ്രവര്‍ത്തനമാണ് സ്ട്രീറ്റ് പദ്ധതിയില്‍ നടക്കുന്നത്.ഇതിലെ വാട്ടര്‍ സ്ട്രീറ്റ് എന്ന ആശയവും അതിനായി നടക്കുന്ന ജനകീയ മുന്നേറ്റവും മാതൃകാപരമാണ്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2022-11-10 13:30:13
ലേഖനം നമ്പർ: 831