കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിലുണ്ടായ അഭൂതപൂർവമായ വളർച്ചക്ക് ദേശീയ അംഗീകാരം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സ്കൂൾ വിദ്യാഭ്യാസ നിലവാരത്തെക്കുറിച്ച് തയാറാക്കുന്ന പെർഫോമൻസ് ഗ്രേഡിങ് ഇൻഡക്സിൽ 928 പോയിന്റോടെ കേരളം ഒന്നാമതെത്തി. 2020-21 ലെ പ്രകടനം അടിസ്ഥാനപ്പെടുത്തിയാണ് പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്സ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിദ്യാഭ്യാസ അവസരത്തിലും സൗകര്യത്തിലും ഗുണനിലവാരത്തിലും ഉയർന്ന പോയിന്റുകൾ കേരളം നേടി.
പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്സ് ആദ്യമായി പ്രസിദ്ധീകരിച്ച 2017-18 സമയത്ത് 826 പോയിന്റ് ലഭിച്ചത് തുടർവർഷങ്ങളിൽ (2018-19, 2019-20) 862 പോയിന്റ്, 901 പോയിന്റ് എന്നിങ്ങനെ ഉയർത്തിയാണ് കേരളം മുന്നേറിയത്. വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങങ്ങളിലെയും വിദ്യാഭ്യാസ നിലവാരത്തിലുണ്ടായ മാറ്റങ്ങൾ വിലയിരുത്തുന്ന സൂചികയാണ് പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്സ്. സ്‌കൂൾ വിദ്യാഭ്യാസ നിലവാരം വിശകലനം നടത്തി സ്‌കൂളുകളുടെ പ്രവർത്തനനിലവാരം ഉയർത്തുന്ന നിർണായക മേഖലകൾ ഏതൊക്കെയാണെന്ന് കണ്ടെത്തി വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനുള്ള പുതിയ സ്ട്രാറ്റജി ഉണ്ടാക്കുക എന്നതാണ് ഇതിന്റെ ലക്‌ഷ്യം. പോരായ്മകൾ ശാസ്ത്രീയമായി വിലയിരുത്തി എല്ലാ തലത്തിലും വിദ്യാഭ്യാസ സമ്പ്രദായം ശക്തമാക്കുന്നതിനുള്ള ഇടപെടൽ നടത്തുന്നതിന് ഇത് സഹായിക്കുന്നു.
ലേണിങ് ഔട്ട്കംസ് (LO) (സ്കോർ 154 /180),ആക്സസ് (A) (സ്കോർ 79 /80 ,ഇൻഫ്രാസ്ട്രക്ചർ & ഫെസിലിറ്റീസ് (IF)(സ്കോർ 135 /150 ),ഇക്വിറ്റി (ഇ)(സ്കോർ 218 /230), ഗവേർണൻസ് പ്രോസസ്സ് (ജിപി) (സ്കോർ 342 /360 ) എന്നിവയാണ് \ഇൻഡക്സ് ഉണ്ടാക്കുന്നതിനുള്ള പ്രധാന പരാമീറ്ററുകൾ. സ്‌കൂൾ പ്രവേശനം, സ്കൂളുകളിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക്, മുഖ്യധാരയിലേക്കുള്ള വിദ്യാർത്ഥികളുടെ ചുവടുവെയ്പ് , സ്കൂളുകളിലെ അടിസ്ഥാനസൗകര്യ വികസനം, വിദ്യാർത്ഥികൾക്ക് തുല്യ നീതിയും സമത്വവും ഉറപ്പാക്കുന്ന പ്രവർത്തങ്ങൾ എന്നിവയെല്ലാം ശാസ്ത്രീയമായി ഈ 5 പരാമീറ്ററുകളിലൂടെ വിലയിരുത്തിയാണ് സ്കോർ നിശ്ചയിക്കുന്നത്. അറിവും നൈപുണ്യവും കൈമുതലായ ഒരു വിജ്ഞാന സമൂഹത്തെ വാർത്തെടുക്കുന്നതിന് പൊതുവിദ്യാഭ്യാസ യജ്ഞം പോലെയുള്ള വികസന ദൗത്യങ്ങൾ, വിദ്യാഭ്യാസ അടിസ്ഥനസൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള പദ്ധതികൾ, സാമൂഹ്യാവബോധം വളർത്തുന്നതിനായുള്ള പ്രചാരണ പരിപാടികൾ തുടങ്ങിയ വിവിധ പ്രവർത്തനങ്ങളാണ് പൊതു വിദ്യാഭ്യാസവകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നത്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2022-11-05 21:21:44
ലേഖനം നമ്പർ: 827