വൈദ്യുതി ഉത്പാദനത്തിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി ട്രഞ്ച് വിയർ സംവിധാനത്തിൽ നിർമ്മിച്ച കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതിയായ ബാരാപ്പോൾ. വാര്‍ഷിക ഉത്പാദന ലക്ഷ്യമായ 36 ദശലക്ഷം യൂണിറ്റ് 4 മാസം കൊണ്ടാണ് ബാരാപ്പോള്‍ മിനി ജല വൈദ്യുത പദ്ധതി പിന്നിട്ടത്. പുഴയില്‍ നീരൊഴുക്ക് ശക്തമായതിനാല്‍ 5 മെഗാവാട്ടിന്റെ 3 ജനറേറ്ററുകളും മുഴുവന്‍ സമയവും പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞതിലൂടെയാണ് വാര്‍ഷിക ഉത്പാദന ലക്ഷ്യം വേഗത്തില്‍ കൈവരിക്കാനായത്. ഈ നേട്ടത്തോടെ KSEB-യുടെ ഏറ്റവും മികച്ച ചെറുകിട ജല വൈദ്യുത പദ്ധതി എന്ന സ്ഥാനത്തേക്ക് ഉയർന്നിരിക്കുകയാണ് ബാരാപ്പോള്‍. നിലവിലെ അവസ്ഥയിൽ കുറഞ്ഞത് 50 ദശലക്ഷം യൂണിറ്റ് വൈദ്യുതിയെങ്കിലും ഒരുവർഷ കാലയളവിൽ ഉത്പ്പാദിപ്പിയ്ക്കാനാകുമെന്നാണ് കണക്കുകൂട്ടുന്നത്.
കര്‍ണ്ണാടകയിലെ ബ്രഹ്മഗിരി മലനിരകളില്‍ നിന്നും ഒഴുകി വരുന്ന ബാരാപ്പോള്‍ പുഴയിലെ ജലം മൂന്നര കിലോമീറ്റര്‍ നീളമുള്ള കനാലിലൂടെ ബാരാപ്പോള്‍ പവര്‍ഹൗസില്‍ എത്തിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. 2016 ഫെബ്രുവരി 29ന് രാജ്യത്തിന് സമര്‍പ്പിച്ച പദ്ധതിയില്‍ നിന്നും ഇതുവരെ ആകെ 196 മില്യന്‍ യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിക്കാനായത്. കേരളത്തിലെ ചെറുകിട ജലവൈദ്യുതി പദ്ധതികളിൽ ഏറ്റവും വലിയ പദ്ധതിയാണ് ബാരാപ്പോൾ.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2022-10-26 11:53:36
ലേഖനം നമ്പർ: 808