സുരക്ഷിതയാത്ര സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ മോട്ടോർവാഹന വകുപ്പ് നടപ്പിലാക്കുന്ന പ​ദ്ധതിയായ സുരക്ഷാമിത്രയുടെ ഭാ​ഗമായി ഇതുവരെ ജി.പി.എസ് സംവിധാനം ഘടിപ്പിച്ചത് രണ്ടരലക്ഷത്തിലധികം വാഹനങ്ങളിൽ. യാത്രയ്ക്കിടെയുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളിൽ സഹായം ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. 'നിർഭയ' പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായാണു മോട്ടോർവാഹന വകുപ്പ് സുരക്ഷാമിത്രയെന്ന നിരീക്ഷണ പദ്ധതിക്കു തുടക്കമിട്ടത്. ഇതുവരെ ജി.പി.എസ് ഘടിപ്പിച്ച രണ്ടര ലക്ഷത്തിലധികം വാഹനങ്ങളിൽ 23,745 എണ്ണം സകൂൾ ബസുകളും 2234 എണ്ണം നാഷണൽ പെർമിറ്റുള്ള ട്രക്കുകളും 1863 എണ്ണം കെ.എസ്.ആർ.ടി.സി ബസുകളുമാണ്. വാഹനങ്ങളിൽ ജി.പി.എസ് ഘടിപ്പിക്കുന്നതോടൊപ്പം സുരക്ഷാ ബട്ടൺ (പാനിക് ബട്ടൺ) കൂടി ഘടിപ്പിക്കുന്നതിനാൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള യാത്രക്കാരുടെ സുരക്ഷ പൂർണമായി ഉറപ്പാക്കാനാകും.

വാഹനത്തിന്റെ വലിപ്പം, ഉൾക്കൊള്ളുന്ന യാത്രക്കാരുടെ എണ്ണം തുടങ്ങിയവ കണക്കാക്കി രണ്ട് മുതൽ അഞ്ച് വരെ പാനിക് ബട്ടണുകളാണ് വാഹനങ്ങളിൽ ഘടിപ്പിക്കുന്നത്. അപായ സൂചന നൽകുന്നതിനു ഡ്രൈവറുടെ സീറ്റിന് സമീപവും പാനിക് ബട്ടൺ ഘടിപ്പിക്കുന്നുണ്ട്. യാത്രയ്ക്കിടയിൽ അസ്വാഭാവിക സാഹചര്യങ്ങളുണ്ടായാൽ പോലീസ് സേവനം തേടുന്നതിന് സുരക്ഷാ ബട്ടൺ അമർത്തിയാൽ മതി. സ്‌കൂൾ ബസുകൾ, കെ.എസ്.ആർ.ടി.സി, ആംബുലൻസ്, ട്രക്കുകൾ, ടാക്‌സി വാഹനങ്ങൾ തുടങ്ങി പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമായുള്ള വാഹനങ്ങളിലാണ് ജി.പി.എസ് ഘടിപ്പിക്കുന്നത്. 

 വാഹനങ്ങളിൽ ഘടിപ്പിക്കുന്ന വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് ഡിവൈസ് വഴി കൺട്രോൾ റൂമിൽ സന്ദേശം ലഭിക്കുന്നതിനാൽ യാത്ര സദാസമയം നിരീക്ഷിക്കാനും വാഹനങ്ങൾ തുടർച്ചയായി അമിത വേഗത്തിലോടിയാൽ ഇക്കാര്യം വാഹന ഉടമയുടെ മൊബൈൽ നമ്പറിൽ അറിയിക്കാനും കഴിയും. പ്രതിമാസം 150 ഓളം വാഹനങ്ങൾക്ക് അമിതവേഗം സംബന്ധിച്ച മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇത്തരത്തിൽ സന്ദേശം ലഭിക്കുന്ന വാഹനങ്ങൾ പിന്നീട് അമിതവേഗം നിയന്ത്രിക്കുന്നുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.

റോഡപകടങ്ങൾ സംഭവിക്കുന്ന സാഹചര്യങ്ങളിൽ വാഹനങ്ങളുടെ അമിതവേഗം കണ്ടെത്താനും സുരക്ഷാമിത്ര വഴി സാധിക്കും. പുതിയ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്ന സമയത്തും ഫിറ്റ്നസ് പുതുക്കുന്ന സമയത്തും ജി.പി.എസ് നിർബന്ധമാക്കിയിട്ടുണ്ട്. മുഴുവൻ വാഹനങ്ങളിലും ജി.പി.എസ് ഘടിപ്പിക്കുന്നതോടെ  അസ്വാഭാവിക സാഹചര്യങ്ങൾ, അപകടങ്ങൾ തുടങ്ങിയ സാഹചര്യങ്ങളിൽ സുരക്ഷയും സഹായവും ഉറപ്പക്കാനാകും. കൂടാതെ ഏറ്റവും കൂടുതൽ വാഹനാപകടങ്ങൾ സംഭവിക്കുന്ന മേഖലകൾ കണ്ടെത്തി ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനും കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന വാഹനങ്ങളെ കണ്ടെത്താൻ പോലീസിന് സഹായകമായ വിവരങ്ങൾ നൽകാനും ഇതു സഹായകമാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2022-10-09 11:07:31

ലേഖനം നമ്പർ: 782

sitelisthead