എൻഡോസൾഫാൻ ദുരിതബാധിതർക്കായി നിരവധി ധനസഹായ പദ്ധതികളാണ് സർക്കാർ നടപ്പിലാക്കി വരുന്നത്. സുപ്രീം കോടതി നിർദ്ദേശ പ്രകാരം എൻഡോസൾഫാൻ ദുരിതബാധിത പട്ടികയിൽ ഉൾപ്പെട്ട മുഴുവൻ ആളുകൾക്കും 5 ലക്ഷം രൂപ വീതമുള്ള ധനസഹായ വിതരണം സർക്കാർ പൂർത്തിയാക്കി. 432.6 കോടി രൂപ വിവിധ ധനസഹായത്തിനായി സർക്കാർ വിനിയോഗിച്ചു. 2022 മെയ് മുതൽ കാസറഗോഡ് ജില്ല ആസ്ഥാനത്ത് നടത്തിയ പ്രത്യക ധനസഹായ പദ്ധതികൾ വഴി 205.77 കോടി രൂപ വിതരണം ചെയ്തു. അപേക്ഷകൾ ഓൺലൈനായി സ്വീകരിക്കുകയും തീർപ്പാക്കുകയും ചെയ്യുന്നതിന് എൻഡോസൾഫാൻ സ്‌പെഷ്യൽ സെൽ രൂപീകരിയ്ക്കുകയും റവന്യൂ വകുപ്പിലെ ജീവനക്കാരുടെ സേവനം ഇതിനായി വിനിയോഗിയ്ക്കുകയും ചെയ്തിട്ടുണ്ട്.
ആരോഗ്യ വകുപ്പ് നടത്തിയ സർവേയുടെയും മെഡിക്കൽ ക്യാമ്പിന്റെയും അടിസ്ഥാനത്തിൽ ദുരിതബാധിത പട്ടിക പ്രകാരം ദീർഘകാല ചികിത്സ ആവശ്യമുള്ളതും രോഗാവസ്ഥയിലുള്ളവരും, തൊഴിലെടുക്കാനാകാതെ വീട്ടിനുള്ളിൽ കഴിയുന്നവരുമായ 5285 പേർക്ക് സ്‌നേഹസാന്ത്വനം പദ്ധതിയിൽ 2011 മുതൽ 2022 ആഗസ്റ്റ് വരെ പെൻഷൻ ഇനത്തിൽ 107.49 കോടി സാമുഹിക സുരക്ഷ മിഷൻ വിതരണം ചെയ്തു. പ്രതിമാസ പെൻഷൻ 1700 രൂപ ലഭിക്കുന്ന 1398 പേരും 2200 രൂപ ലഭിക്കുന്ന 1413 പേരും 1200 രൂപ ലഭിക്കുന്ന 2474 പേരുമാണുള്ളത്.
ദുരിതബാധിത കുടുംബങ്ങളുടെ 50000 രൂപ മുതൽ 3 ലക്ഷം വരെയുള്ള കടബാധ്യതകൾ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട 1720 വ്യക്തികളുടെ 2153 വായ്പകൾക്കായി 6.82 കോടി വായ്പ എഴുതി തള്ളി. 2013 മുതൽ 2022 ഒക്ടോബർ 1 വരെ സാമൂഹ്യ സുരക്ഷ മിഷന്റെ സ്‌പെഷ്യൽ ആശ്വാസ കിരണം പദ്ധതിയിൽ ഉൾപ്പെടുത്തി പ്രതിമാസം 700 രൂപ നിരക്കിൽ 818 പേർക്ക് ഈ പദ്ധതി പ്രകാരം 6.21 കോടി രൂപ ധനസഹായമായി അനുവദിച്ചു.
ബഡ്‌സ് സ്‌കൂളിൽ പഠിക്കുന്നവർക്കും 1 മുതൽ 7 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് 2000 രൂപ വീതവും, 8 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്നവർക്ക് 3000 രൂപ വീതവും 11, 12 ക്ലാസുകളിലുള്ളവർക്ക് 4000 രൂപ വീതവും വിതരണം ചെയ്തു വരുന്നു. ഇത് പ്രകാരം 2011 -12 വർഷം മുതൽ 2021-22 വരെ 4.93 കോടി രൂപ ചിലവഴിച്ചു. ദുരിതബാധിതരുടെ എംപാനൽ ചെയ്ത ആശുപത്രികളിലെ ചികിത്സക്ക് 20.14 കോടിയും വാഹന സൗകര്യത്തിന് 6.97 കോടിയുമുൾപ്പെടെ 27.11 കോടി രൂപയും ചിലവഴിച്ചിട്ടുണ്ട്.
എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾ പരിഹരിയ്ക്കുന്നതിന് സമഗ്ര പദ്ധതികളാണ് സർക്കാർ നടപ്പിലാക്കി വരുന്നത്. മികച്ച ആശുപത്രി സൗകര്യങ്ങൾ ഉൾപ്പടെ സമഗ്ര പദ്ധതികൾക്കാണ് സർക്കാർ പദ്ധതികൾ ആവിഷ്ക്കരിച്ചു നടപ്പിലാക്കി വരുന്നത്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2022-10-19 13:48:20
ലേഖനം നമ്പർ: 798