സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്രിതർക്കും ആരോഗ്യ സുരക്ഷ ഉറപ്പാക്കാനുള്ള ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പ് ആരംഭിച്ച് 100 ദിവസങ്ങൾ പൂർത്തിയായപ്പോൾ 167 കോടി രൂപയുടെ 58,804 ക്ലെയിമുകൾ റിപ്പോർട്ട് ചെയ്തു. 29,66,534 പേർ ഗുണഭോക്താക്കളായ പദ്ധതിയിൽ 155 കോടി രൂപയുടെ 51,488 ക്ലെയിമുകൾ തീർപ്പാക്കി.  എംപാനൽ പട്ടികയിലെ ആശുപത്രികൾക്ക് നൽകേണ്ട 155 കോടി രൂപയിൽ 110 കോടി ഇതിനോടകം നൽകി. 

കാൽമുട്ട് മാറ്റിവെക്കൽ, ഹീമോഡയാലിസിസ്, തിമിര ശസ്ത്രക്രിയ വിഭാഗങ്ങളിലാണ് കൂടുതൽ ക്ലെയിമുകൾ. 448 പേർ കാൽമുട്ട് ശാസ്ത്രക്രീയയ്ക്ക് വിധേയമായ വകയിൽ 891 കോടി രൂപ നൽകി. ജില്ലാടിസ്ഥാനത്തിൽ കോഴിക്കോടാണ് ഏറ്റവും കൂടുതൽ ക്ലെയിമുകൾ റിപ്പോർട്ട് ചെയ്തത്. മികച്ച ഉപഭോക്തൃ സേവനം നടത്തിയ സർക്കാർ ആശുപത്രികളിൽ 1.64 കോടിയുടെ 680 ക്ലെയിമുകളുമായി തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററും സ്വകാര്യ മേഖലയിൽ 6.54 കോടിയുടെ 2014 ക്ലെയിമുകളുമായി തൃശൂർ അമലയും ഒന്നാമതെത്തി. ആർ.സി.സി തിരുവനന്തപുരത്തിന് പുറമെ കോട്ടയം മെഡിക്കൽ കോളജ്, തിരുവനന്തപുരം മെഡിക്കൽ കോളജ്, കണ്ണൂർ പരിയാരം മെഡിക്കൽ കോളജ്, കോഴിക്കോട് മെഡിക്കൽ കോളജ് എന്നിവയാണ് സർക്കാർ മേഖലയിൽ ഏറ്റവും കൂടുതൽ ക്ലെയിമുകൾ നൽകിയത്. തൃശൂർ അമല ആശുപത്രിയെക്കൂടാതെ, എൻ.എസ്. സഹകരണ ആശുപത്രി കൊല്ലം, എ.കെ.ജി. ആശുപത്രി കണ്ണൂർ, M.V.R. കാൻസർ കെയർ സെന്റർ കോഴിക്കോട്, ജില്ല സഹകരണ ആശുപത്രി കോഴിക്കോട് എന്നിവയാണ് സ്വകാര്യ മേഖലയിൽ ഏറ്റവും കൂടുതൽ ക്ലെയിമുകൾ നൽകിയത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2022-10-15 12:27:05

ലേഖനം നമ്പർ: 792

sitelisthead