തദ്ദേശ തലത്തിലെ മാലിന്യ സംസ്‌ക്കരണ പ്രവർത്തനങ്ങളിൽ ഇന്ത്യൻ യുവത്വത്തെ പങ്കാളികളാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ യൂത്ത് V/s ഗാർബേജ് - ഇന്ത്യൻ ശുചിത്വ ലീഗ് കാമ്പയിനിൽ കന്യാകുമാരി മുതൽ ലേ വരെ വരെയുള്ള 1,800-ലധികം നഗരങ്ങളിൽ നിന്ന് ഇന്ത്യയിലെ മികച്ച 10 നഗരങ്ങളിൽ കേരളത്തിൽ നിന്നും 2 നഗരങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു. ബീച്ചുകൾ, മലയോര കേന്ദ്രങ്ങൾ, ടൂറിസം കേന്ദ്രങ്ങൾ എന്നിവിടങ്ങളുടെ ശുചീകരണവും ബോധവത്കരണവും ലക്‌ഷ്യം വെച്ച പരിപാടിയിൽ ഗുരുവായൂർ, ആലപ്പുഴ നഗരസഭകളാണ് ആദ്യ സ്‌ഥാനങ്ങളിൽ എത്തിച്ചേർന്നത്. 50000 മുതൽ ഒരു ലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളുടെ വിഭാഗത്തിൽ ഗുരുവായൂരും ഒരു ലക്ഷം മുതൽ 3 ലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളിൽ ആലപ്പുഴയും പുരസ്ക്കാരം സ്വന്തമാക്കി. പ്ലോഗിങ്, യുവാക്കളുടെ മനുഷ്യച്ചങ്ങല, കാൽനട റാലികൾ, ബൈക്ക്/സൈക്കിൾ റാലികൾ, ഫ്ലാഷ് മോബ് തുടങ്ങിയ പരിപാടികൾ ശുചിത്വ ലീഗിന്റെ ഭാഗമായി നടന്നു.
ശുചീകരണത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും അവരുടെ ശുചീകരണ തൊഴിലാളികളും വഹിക്കുന്ന അദ്ധ്വാനം എത്രയെന്ന് യുവജനങ്ങളെ ബോധവാരാക്കുക, മാലിന്യങ്ങൾ വലിച്ചെറിയൽ ഒഴിവാക്കുന്നതിന് യുവജനങ്ങളിലൂടെ പൊതുജനങ്ങളെ ബോധവത്കരിക്കുക, Reduce അഥവാ അളവ് കുറയ്ക്കലിന്റെ പ്രാധാന്യം, ജലസ്രോതസ്സുകൾ മലിനമാക്കുന്നതിനെതിരായ സന്ദേശം നൽകുക എന്നിവയെല്ലാം പരിപാടിയുടെ ലക്ഷ്യങ്ങളായിരുന്നു.
മികച്ച പ്രവർത്തനങ്ങൾ നടത്തിയ ടീമുകൾക്ക് ഇന്ത്യൻ ശുചിത്വ ലീഗിലെ അവരുടെ നവീന പ്രവർത്തനാശയം വിവരിക്കുന്നതിനു ദേശീയ തലത്തിൽ അവസരം ലഭിയ്ക്കും. യൂത്ത് ലീഗ് പരിപാടിയിലെ യുവജന പങ്കാളിത്തം, പരിപാടി നടപ്പാക്കുന്നതിലെ ആശയ പുതുമ, പരിപാടി മൂലം നഗര ശുചിത്വത്തിൽ ഉണ്ടായ മികവ് തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ദേശീയ തലത്തിൽ വിജയികളെ കണ്ടെത്തിയത്. പരിപാടിയിൽ സംസ്ഥാനത്തെ എഴുപതിലധികം നഗരസഭകൾ മത്സരത്തിൽ പങ്കെടുത്തിരുന്നു.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2022-09-29 13:11:59
ലേഖനം നമ്പർ: 769