സംസ്ഥാനത്ത് ആയുഷ് മേഖലയിൽ 97.77 കോടി രൂപയുടെ വികസന പദ്ധതികൾ ഈ വർഷം നടപ്പിലാക്കുന്നു. മുൻവർഷങ്ങളിലേതിനേക്കാൾ മൂന്നിരട്ടിയോളം വർധനവാണ് ആയുഷ് മേഖലയുടെ വികസന പ്രവർത്തനങ്ങൾക്കായി വരുത്തിയിരിക്കുന്നത്. നാഷണല്‍ ആയുഷ് മിഷന്‍ മുഖേനയാണ് പദ്ധതികള്‍ നടപ്പിലാക്കുന്നത്. പുതിയ പദ്ധതികളായി നിലവിലുള്ള 240 യൂണിറ്റുകള്‍ക്ക് പുറമേ പുതുതായി 280 ആയുഷ് ഡിസ്‌പെന്‍സറികളെ 'ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങളായി' ഉയര്‍ത്തും. 

ആദിവാസി മേഖലയായ അട്ടപ്പാടിയില്‍ 15 കോടി രൂപ വിനിയോഗിച്ച് 50 കിടക്കകളുള്ള ആയുഷ് ഇന്റര്‍ഗ്രേറ്റഡ് ആശുപത്രി സ്ഥാപിക്കും. കൊട്ടാരക്കരയില്‍ 30 കിടക്കകളുള്ള 10.5 കോടി രൂപയുടെയും അടൂരില്‍ 10 കിടക്കകളുള്ള 7.5 കോടി രൂപയുടെയും ആയുഷ് ഇന്റര്‍ഗ്രേറ്റഡ് ആശുപത്രികള്‍ നിര്‍മ്മിക്കും.സംസ്ഥാനത്തെ രണ്ട് സര്‍ക്കാര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ്, രണ്ട് ഹോമിയോപതി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് എന്നിവ രോഗീ സൗഹൃദമാക്കുന്നതിനായി 5.25 കോടിയുടെ പദ്ധതികള്‍ നടപ്പിലാക്കും.

കുറഞ്ഞ ചെലവില്‍ ലാബ് പരിശോധനകള്‍ക്കായി 5 ജില്ലകളില്‍ ജില്ലാ ആയുഷ് ലബോറട്ടറികള്‍ ആരംഭിക്കും. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് ജില്ലാ ആയുഷ് ലബോറട്ടറികള്‍ ആരംഭിക്കുന്നത്. അനീമിയ പരിഹരിക്കുന്നതിനുള്ള ആയുര്‍വേദ ആരോഗ്യ പദ്ധതിയായ അരുണിമ, വനിതാ ശിശു വികസന വകുപ്പിന്റെ എല്ലാ ഐസിഡിഎസ് കേന്ദ്രങ്ങളിലും നടപ്പിലാക്കും. ഇതിനുപുറമേ ആയുഷ് ചികിത്സാ സ്ഥാപനങ്ങളിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തി സ്ഥാപനങ്ങളെ 'കാഷ് ആയുഷ്' ഗുണനിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് പ്രത്യേക പദ്ധതി, പാലീയേറ്റീവ് കെയര്‍, വൃദ്ധജന പരിപാലനം, ആദിവാസി മേഖലയിലെ മൊബൈല്‍ ചികിത്സാ സംവിധാനങ്ങള്‍, 3 ജില്ലാ ആസ്ഥാനങ്ങളില്‍ യോഗാ കേന്ദ്രങ്ങള്‍, ജീവിതശൈലീ രോഗ നിര്‍ണയ പദ്ധതി, എന്നിവയാണ് മറ്റ് പ്രധാന പദ്ധതികള്‍

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2022-10-06 17:21:34

ലേഖനം നമ്പർ: 778

sitelisthead