അഭ്യസ്ത വിദ്യരായ തൊഴിലന്വേഷകർക്ക് നൈപുണ്യ പരിശീലനം നൽകി തൊഴിൽ ലഭ്യമാക്കുന്നതിന് സർക്കാർ ആരംഭിച്ച കേരള നോളജ് എക്കണോമി മിഷൻ വിജയകമാകുന്നു. പദ്ധതിയാരംഭിച്ച് ആദ്യ വർഷം പകുതി പിന്നിടുമ്പോൾ തന്നെ 13,288 പേർക്ക് തൊഴിൽ ലഭ്യമാക്കി. 17 തൊഴിൽ മേളകളിലൂടെ 40,237 തൊഴിലവസരം കൊണ്ടുവരാനായിട്ടുണ്ട്. ഇതിൽ നിന്ന് 7,967 പേരെ ഷോർട്ട് ലിസ്റ്റ് ചെയ്ത് 2,742 പേർക്ക് നിയമനം നൽകി. സി.ഐ.ഐ, മോൺസ്റ്റർ എന്നിവരുമായുള്ള കരാറിലൂടെ ദിനം പ്രതി 2,000ത്തിൽ അധികം തൊഴിലുകൾ പോർട്ടലിൽ ലഭ്യമായിട്ടുണ്ട്.
ആഗോള രംഗത്തെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് കേരളത്തില്‍ ഒരു വൈജ്ഞാനിക സമ്പദ് വ്യവസ്ഥ സൃഷ്ടിക്കാനും, കേരളത്തിലെ മനുഷ്യവിഭവശേഷിക്ക് അനുയോജ്യമായ തൊഴിലവസരങ്ങള്‍ ലഭ്യമാക്കാനും വേണ്ടി കേരള സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് നോളേജ് എക്കണോമി മിഷന്. ദേശീയ- അന്തര്‍ദ്ദേശീയ തലത്തില്‍ ധാരാളം നവലോകതൊഴിലുകള്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്ക് ഇവ പരമാവധി ഉപയോഗപ്പെടുത്തി നൈപുണ്യ പരിശീലനം നല്കി അവരെ തൊഴില്‍സജ്ജരാക്കുകയും ആഗോള തൊഴില്‍ വിപണിയില്‍ നിന്നുള്ള അവസരങ്ങളുമായി കൂട്ടിച്ചേര്‍ക്കുകയുമാണ് മിഷനു കീഴിലുള്ള ഡിജിറ്റല്‍ വര്‍ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തില്‍ ചെയ്യുന്നത്.
30,000 പേർക്ക് ഈ വർഷം തൊഴിൽ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. രണ്ടാംവർഷം 1,48,000 പേർക്കും മൂന്നാം വർഷം 4,11,000 പേർക്കും തൊഴിൽ നൽകുകയും അഞ്ച് വർഷമാകുമ്പോഴേക്ക് 7,46,640 പേർക്കും തൊഴിൽ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. എന്റെ തൊഴിൽ എന്റെ അഭിമാനം പ്രചാരണ പരിപാടിയുടെ ഭാഗമായി 53,42,094 പേർ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പരമാവധി തൊഴിലവസരങ്ങൾ ഏകോപിപ്പിക്കാനും കേരളത്തിലെ 18 മുതൽ 59 വരെ പ്രായമുള്ളവരെ തൊഴിലിന് അനുയോജ്യമായ രീതിയിൽ സജ്ജമാക്കാനുമാണ് മിഷന്റെ ശ്രമം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2022-10-06 15:49:18
ലേഖനം നമ്പർ: 777