കടലാക്രമണ ഭീഷണിയില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് സുരക്ഷിത മേഖലയിലെ ഭവനം എന്ന സ്വപ്നം സാക്ഷാത്കരിക്കുകയും തീരദേശവാസികളുടെ സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കി സന്തുഷ്ടമായ ഒരു തീരദേശം സൃഷ്ടിയ്ക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന പുനർഗേഹം പദ്ധതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പടെ നിര്‍ധന കുടുബങ്ങള്‍ക്കായി കൊല്ലം ജില്ലയിലെ പള്ളിത്തോട്ടത്ത് നിര്‍മ്മിച്ച 114 ഫ്ളാറ്റുകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറി. 13.51 കോടി രൂപ ചിലവഴിച്ചാണ് നീലിമ എന്നു പേരിട്ട ഫ്ളാറ്റ് സമുച്ചയം സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്റെ ചുമതലയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഇതോടെ പദ്ധതിയുടെ ഭാഗമായി ആകെ 390 ഫ്ലാറ്റ് സമുച്ചയങ്ങൾ ഗുണഭോക്താക്കൾക്ക് നൽകാൻ വകുപ്പിന് സാധിച്ചു.
സർക്കാരിന്റെ നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിൽ ഉദ്‌ഘാടനംചെയ്‌ത ബൃഹത് പദ്ധതികളിൽ ഒന്നാണ് നീലിമ ഫ്ലാറ്റ് സമുച്ചയം. കാലപ്പഴക്കത്താൽ നിലംപൊത്താറായ ക്യുഎസ്‌എസ് കോളനി നിന്ന സ്ഥലത്താണ് പുത്തൻ കെട്ടിടസമുച്ചയം പൂർത്തിയായത്. ക്യുഎസ്എസ്എസ് കോളനിയിൽ 179 കുടുംബങ്ങളാണ് താമസിച്ചുവന്നിരുന്നത്. ഇതിൽ മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ട 114 പേർക്കാണ് ഫിഷറീസ് വകുപ്പിന്റെ പുനർഗേഹം പദ്ധതിയിലൂടെ ഫ്ലാറ്റ് നിർമിച്ചത്. അനുബന്ധ മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ടവർക്ക് പിഎംഎവൈ പദ്ധതിയിലൂടെ കോർപറേഷനാണ് വീട് നിർമിക്കുന്നത്. ഇതിൽ 48 വീടിന്റെ നിർമാണം പൂർത്തിയായി. ഇവരുടെ ഗുണഭോക്താക്കളെയും നറുക്കെടുപ്പിലൂടെ കണ്ടെത്തി. ശേഷിച്ച 17 വീടിന്റെ നിർമാണം ആരംഭിച്ചു.
രാജ്യത്ത് തീരദേശവാസികളുടെ സുരക്ഷിതത്വം ഉറപ്പാക്കി നടപ്പാക്കുന്ന ആദ്യത്തെ പുനരധിവാസ പദ്ധതിയാണ് പുനർഗേഹം. പൊന്നാനി (128), ബീമാപള്ളി (20), കാരോട് (128) എന്നിവിടങ്ങളിലായി 276 യൂണിറ്റുകളാണ് പദ്ധതിയുടെ ഭാഗമായി പൂര്‍ത്തീകരിച്ച് ഇതിനകം ഗുണഭോക്താക്കള്‍ക്ക് കൈമാറിയത്. വിവിധ ജില്ലകളിലായി 898 ഫ്‌ളാറ്റുകള്‍ക്ക് ഭരണാനുമതി ലഭിക്കുകയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിവിധ ഘട്ടങ്ങളിലുമാണ്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2022-09-30 16:34:34
ലേഖനം നമ്പർ: 774