ലൈഫ് മിഷൻ വഴി നിർമ്മിച്ച 500 വീടുകളിൽ അനർട്ട് സൗജന്യ സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിക്കുന്നു. 137 വീടുകളുടെ പുരപ്പുറങ്ങളിൽ പാനലുകൾ സ്ഥാപിക്കുന്നതിനായി അനർട്ടിന് കീഴിലുള്ള വിവിധ ഡവലപ്പർമാരെ നിയോഗിച്ചു. ഇതിൽ 78 വീടുകളിൽ പ്ലാന്റുകൾ സ്ഥാപിച്ചുകഴിഞ്ഞു. നടപടികൾ പൂർത്തിയാക്കി പ്രവർത്തനാനുമതി ലഭിച്ച വീടുകളിൽ വൈദ്യുതി ഉദ്പാദനവും ആരംഭിച്ചു.
2 കിലോ വാട്ട് സ്ഥാപിതശേഷിയുള്ള പ്ലാന്റുകൾ സ്ഥാപിക്കാൻ 1,35,000 രൂപ ചെലവ് വരുന്നതിൽ 39,275 രൂപ യൂണിയൻ സർക്കാർ വിഹിതവും 95,725 രൂപ സംസ്ഥാന സർക്കാർ വിഹിതവുമാണ്. പ്ലാന്റുകൾ സ്ഥാപിക്കുക വഴി ലഭിക്കുന്ന വൈദ്യുതിയിൽ ഗുണഭോക്താവിന്റെ ആവശ്യം കഴിഞ്ഞ് ബാക്കി വരുന്നത് ഇലക്ട്രിസിറ്റി ബോർഡിന് നൽകാനാകും. ഇതുവഴി ഗുണഭോക്താവിന് അധിക വരുമാനം ലഭിക്കും. ഒക്ടോബർ സെപ്റ്റംബർ വരെയുള്ള സൗര വർഷം അടിസ്ഥാനപ്പെടുത്തി അധികമായി വരുന്ന വൈദ്യുതിയാണ് ഇത്തരത്തിൽ നൽകാനാവുക. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷൻ നിശ്ചയിച്ചതുപ്രകാരം യൂണിറ്റിന് 3.22 രൂപയാണ് ഉടമസ്ഥ/ന് ലഭിക്കുക.
പ്രതിദിനം ഏകദേശം 8 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുവാൻ സാധിക്കുന്ന ഇത്തരം പ്ലാന്റുകൾക്ക് 25 വർഷത്തോളം പ്രവർത്തനശേഷിയുണ്ട്. ഒരു കിലോവാട്ട് (4 യൂണിറ്റ്) വൈദ്യുതി ഉദ്പാദിപ്പിക്കാൻ 100 ചതുരശ്രയടി സ്ഥലം ആവശ്യമാണ്. ഇതുപ്രകാരം 200 ചതുരശ്രയടി സ്ഥലമാണ് സോളാർ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനായി വീടുകളിൽ മാറ്റി വെക്കേണ്ടത്. ലൈഫ്മിഷൻ ആണ് ഗുണഭോക്താക്കളെ തെരഞ്ഞെടുത്ത് നൽകുന്നത്. സൗജന്യമായി വൈദ്യുതി ലഭിക്കുന്നതിനാൽ ഇൻഡക്ഷൻ സ്റ്റവ്, ഇലക്ട്രിക് വാഹനങ്ങൾ എന്നിവ ഉപയോഗിക്കുകയാണെങ്കിൽ എൽ.പി.ജി.,പെട്രോൾ തുടങ്ങിയവയ്ക്കുള്ള ചെലവ് ഗണ്യമായി കുറയ്ക്കാൻ സാധിക്കും. നടപ്പു സാമ്പത്തിക വർഷംതന്നെ 500 വീടുകളിലും സൗരോർജ്ജ പ്ലാന്റുകൾ പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നത്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-09-27 13:49:28
ലേഖനം നമ്പർ: 750