സംരംഭക വർഷം പദ്ധതി ആരംഭിച്ച് 145 ദിവസം മാത്രം പിന്നിടുമ്പോൾ 2960 കോടി രൂപയുടെ നിക്ഷേപവുമായി സംസ്ഥാനത്ത് അരലക്ഷം സംരംഭങ്ങൾ രജിസ്റ്റർ ചെയ്തു. ഇതിലൂടെ 109739 തൊഴിലവസരങ്ങൾ പുതുതായി സൃഷ്ടിക്കപ്പെട്ടു. മലപ്പുറം, എറണാകുളം ജില്ലകളിൽ അയ്യായിരത്തിലധികം സംരംഭങ്ങളും തിരുവനന്തപുരം, പാലക്കാട്, കൊല്ലം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ നാലായിരത്തിലധികം സംരംഭങ്ങളും ആരംഭിച്ചു. കൊല്ലം, പാലക്കാട്, തിരുവനന്തപുരം, എറണാകുളം, മലപ്പുറം ജില്ലകളിലായി 56,000ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിച്ചിട്ടുണ്ട്. വ്യാവസായികമായി പിന്നാക്കം നിൽക്കുന്ന വയനാട്, കാസറഗോഡ് ജില്ലകളിലായി ആറായിരത്തോളം തൊഴിലവസരങ്ങളും പുതുതായി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. 

കൃഷി - ഭക്ഷ്യ സംസ്കരണ മേഖലയിൽ  400 കോടി രൂപയുടെ നിക്ഷേപവുമായി 7500 പുതിയ സംരംഭങ്ങൾ ഇക്കാലയളവിൽ നിലവിൽ വന്നു. 19500 പേർക്ക് ഈ യൂണിറ്റുകളിലൂടെ തൊഴിൽ ലഭിച്ചു. ഗാർമെന്റ്സ് ആന്റ് ടെക്സ്റ്റൈൽ മേഖലയിൽ 5800 സംരംഭങ്ങളും 250 കോടി രൂപയുടെ നിക്ഷേപവും 12000 തൊഴിലും ഉണ്ടായി. ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് മേഖലയിൽ 2100 സംരംഭങ്ങളും 120 കോടി രൂപയുടെ നിക്ഷേപവും 3900 തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു. ഓട്ടോമോബൈൽ മേഖലയിൽ 1371 സംരംഭങ്ങളും 106 കോടി രൂപയുടെ നിക്ഷേപവും 3373 സംരംഭങ്ങളുമുണ്ടായി. സർവ്വീസ് മേഖലയിൽ 4300 സംരംഭങ്ങളാണ് രജിസ്റ്റർ ചെയ്തത്. 270 കോടി രൂപയുടെ നിക്ഷേപവും 9900 തൊഴിലും ഈ മേഖലയിൽ ഉണ്ടായി. വ്യാപാര മേഖലയിൽ 17000 സംരംഭങ്ങളും 980 കോടിയുടെ നിക്ഷേപവും 32000 തൊഴിലുമാണ് സൃഷ്ടിക്കപ്പെട്ടത്.

പദ്ധതിയുടെ ഭാഗമായുള്ള ലൈസൻസ്/ലോൺ/സബ്സിഡി മേളകൾ നടന്നു വരികയാണ്. 403 തദ്ദേശസ്ഥാപനങ്ങളിൽ വായ്പാമേളകൾ നടത്തി. വായ്പാമേളകളിൽ ലഭിച്ച അപേക്ഷകളിൽ 9.5 കോടി രൂപയുടെ വായ്പകൾ ഉടൻ അനുവദിച്ചു. ഇതിനൊപ്പം 1326 ലൈസൻസുകളും അതിവേഗം അനുവദിച്ചു. ഇതിനൊപ്പം 847 സബ്സിഡി അപേക്ഷകളും ഈ മേളകളിൽ വച്ചുതന്നെ പരിഗണിച്ചു. ലൈസൻസ്/ലോൺ/സബ്സിഡി മേളകൾക്ക് മുന്നോടിയായി കേരളത്തിലെ എല്ലാ തദ്ദേശസ്വയംഭരണസ്ഥാപന പ്രദേശങ്ങളിലും, സംരംഭം തുടങ്ങാൻ താല്പര്യമുള്ള ആളുകൾക്കായി മെയ്-ജൂൺ മാസങ്ങളിൽ പൊതു ബോധവൽക്കരണ പരിപാടി നടത്തി. ഇതുവരെ 1034 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി 1158 പൊതു ബോധവത്ക്കരണ പരിപാടികൾ നടത്തുകയും ആകെ 85,160 പേർ പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു. സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന സംരംഭങ്ങൾക്ക് 4% നിരക്കിൽ വായ്പ ലഭ്യമാക്കുന്നതിനായി പ്രത്യേക വായ്പ പദ്ധതി നേരത്തെ ആരംഭിച്ചിരുന്നു. 10 ലക്ഷം രൂപ വരെ സംരംഭകർക്ക് ഈ പദ്ധതിയിലൂടെ വായ്പ ലഭ്യമാകും. 

സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി വനിത സംരംഭകർക്ക് പ്രത്യക പ്രോത്സാഹനമാണ് നൽകിവരുന്നത്. ഇതിന്റെ ഭാഗമായി വനിത സംരംഭകർ നേതൃത്വം നൽകുന്ന 16065 സംരംഭങ്ങൾ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. പട്ടികജാതി/പട്ടികവർഗം സംരംഭകരുടേതായി 2300 സംരംഭങ്ങളും രജിസ്റ്റർ ചെയ്യപ്പെട്ടു. 

3 മുതൽ 4 ലക്ഷം വരെയുള്ള ആളുകൾക്ക് തൊഴിൽ കൊടുക്കുവാൻ ലക്ഷ്യമിടുന്ന ഈ ബൃഹത്തായ പദ്ധതിക്ക് തദ്ദേശ സ്വയംഭരണം, സഹകരണം, ഫിഷറീസ്, മൃഗ സംരക്ഷണം മുതലായ വകുപ്പുകളുടെ സഹകരണവും ഉറപ്പ് വരുത്തിയിട്ടുണ്ട്. ഒരു വർഷം കൊണ്ട് സംസ്ഥാനത്ത് ഒരുലക്ഷം സംരംഭങ്ങൾ തുടങ്ങുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയുടെ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി സംസ്ഥാന-ജില്ല-തദ്ദേശ സ്ഥാപന തലത്തിൽ കമ്മിറ്റികൾ രൂപീകരിച്ചു. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലുമായി പ്രൊഫെഷണൽ യോഗ്യതയുള്ള 1153 ഇന്റേണുകളെ പദ്ധതിയുടെ നടത്തിപ്പിനായി നിയമിച്ചിട്ടുണ്ട്. കേരളത്തിലെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലും തിങ്കൾ, ബുധൻ ദിവസങ്ങളിൽ ഹെല്പ് ഡെസ്ക് വഴിയുള്ള ഇന്റേണിന്റെ സേവനം ലഭ്യമാണു്. എല്ലാ താലൂക്ക് വ്യവസായ കേന്ദ്രങ്ങളിലും ജില്ലാ വ്യവസായ കേന്ദ്രങ്ങളിലും റിസോഴ്സ് പേഴ്സണ്മാരെയും നിയമിച്ചിട്ടുണ്ട്.

വിദേശത്തുള്ള മലയാളികളെയും സംരഭകത്വത്തിന്റെ വിവിധ മേഖലകളെ കുറിച്ച് ബോധ്യമുള്ളവരാക്കി, കേരളത്തിൽ സംരംഭങ്ങൾ ആരംഭിക്കാൻ പ്രാപ്തരാക്കുകയും അത് വഴി കേരളത്തിലെ നിക്ഷേപം വർദ്ധിപ്പിക്കുകയും ചെയ്യുന്നതിനായി നോർക്കയുമായി ചേർന്ന് ശില്പശാലകൾ നടത്തിവരുന്നുണ്ട്. ഇതിനായി നോർക്ക പ്രത്യക വായ്പ പദ്ധതിയും ആവിഷ്ക്കരിച്ചു നടപ്പിലാക്കിയിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ, ഒരു തദ്ദേശസ്ഥാപനം ഒരു ഉൽപ്പന്നം (One Local body One Product-OLOP) എന്ന ആശയം നടപ്പിലാക്കാനും പ്രസ്തുത ഉൽപ്പന്നങ്ങളുടെ മൂല്യ വർദ്ധനയെ പ്രോത്സാഹിപ്പിച്ചു കൊണ്ട് കൂടുതൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു വരുന്നു.

സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ സംശയരഹിതമായി ആരംഭിക്കുന്നതിനും പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാവശ്യമായ ഉപദേശങ്ങൾ നൽകുന്നതിനുമായി എല്ലാ ജില്ലകളിലും എം.എസ്.എം.ഇ. ക്ലിനിക്കുകൾ ആരംഭിയ്ക്കുകയും  ഓരോ ജില്ലകളിലും വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചതും സംരംഭകരുടെ സംശയങ്ങൾ ദൂരീകരിക്കാൻ കഴിയുന്നവരുമായ വിദഗ്ദരുടെ പാനൽ ക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. സംശയങ്ങളുമായി ജില്ലാ വ്യവസായ കേന്ദ്രങ്ങളിലെത്തുന്ന സംരംഭകർക്ക് ഏറ്റവും അനുയോജ്യനായ പാനലിസ്റ്റുമായി കൂടിക്കാഴ്ചക്ക് അവസരം ലഭിക്കും. ഒരു പാനലിസ്റ്റിൻ്റെ സേവനം തൃപ്തികരമല്ലെങ്കിൽ ഇതേ വിഷയത്തിൽ മറ്റൊരു പാനലിസ്റ്റുമായി സംസാരിക്കാനും സംരംഭകർക്ക് സാധിക്കും. സംസ്ഥാനത്തുടനീളം 168 പേരെ ഉൾക്കൊള്ളിച്ചിരിക്കുന്ന പാനലിൽ നിന്ന് എല്ലാ ജില്ലകളിലേക്കും ആളുകളെ തിരഞ്ഞെടുത്തിട്ടുണ്ട്. ബാങ്കിങ്ങ്, ലൈസൻസുകളും അനുമതികളും, പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കൽ, കയറ്റുമതി, ജി എസ് ടി, നിയമം, മാർക്കറ്റിങ്ങ്, സാങ്കേതിക വിദ്യ എന്നീ വിഷയങ്ങളിലാണ് നിലവിൽ പാനൽ രൂപീകരിച്ചിട്ടുള്ളത്. വിവിധ മേഖലകളിൽ വിഷയ വിദഗ്ധരായവരെ ക്ലിനിക്കിൽ എംപാനൽ ചെയ്തിട്ടുണ്ട്.  ക്ലിനിക്കിന്റെ സേവനം പൂർണ്ണമായി സൗജന്യമാണ്. 

കേരളത്തിൽ നിർമ്മിയ്ക്കപ്പെടുന്ന ഉത്പ്പന്നങ്ങളുടെ ഗുണമേന്മ സാക്ഷ്യപ്പെടുത്തുന്നതിനും അവയ്ക്ക് ദേശീയ അന്തർദേശീയ വിപണികൾ പ്രാപ്യമാക്കുന്നതിനു സഹായിക്കുന്നതിനായി കേരള ബ്രാൻഡ് ഉപയോഗിക്കും. സംസ്ഥാനത്തെ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ ഉൽപ്പന്നങ്ങൾ വിപണനം ചെയ്യാനായി Open Network for Digital Commerce (ONDC) യുമായി ചേർന്ന് ഒരു ഓപ്പൺ നെറ്റ്‌വർക്ക് പ്ലാറ്റ്ഫോം നിർമ്മിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു വരുന്നുണ്ട്.

ഒരു വർഷം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കുന്നതിലൂടെ 4 ലക്ഷത്തോളം തൊഴിലവസരങ്ങളെങ്കിലും സംസ്ഥാനത്ത് സൃഷ്ടിയ്ക്കപ്പെടുമെന്നാണ് കരുതപ്പെടുന്നത്. ഇതിലൂടെ കോടിക്കണക്കിന് രൂപയുടെ നിക്ഷേപം വ്യവസായമേഖലയിലുണ്ടാകും. വൈജ്ഞാനിക സമ്പദ്ഘടനയിലേക്കുള്ള പാതയിൽ മുതൽക്കൂട്ടാകുമെന്ന് പ്രതീക്ഷിക്കുന്ന സംരംഭക വർഷം കേരളത്തിൻ്റെ വ്യവസായ മേഖലയിൽ സൃഷ്ടിക്കുന്ന ഉണർവ്വും ചലനവും, മുന്നോട്ടുള്ള യാത്രയിലും വലിയ ഉത്തേജനമായി മാറും. തൊഴിലന്വേഷകരും ചെറുപ്പക്കാരും സ്ത്രീകളും വിദ്യാർത്ഥികളും എന്നു വേണ്ട, നാനാ മേഖലകളിൽ നിന്നുള്ളവർ സംരംഭകരായി മാറുന്നത് വഴി ദേശീയ അന്താരാഷ്ട്ര കമ്പനികളും സ്ഥാപനങ്ങളും ഉൾപ്പടെ കേരളത്തിൽ വ്യവസായ നിക്ഷേപം നടത്തുവാൻ മുന്നോട്ട് വരികയും ലക്ഷകണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിയ്ക്കപ്പെടുകയും ചെയ്യും. സാമ്പത്തിക, വ്യവസായ ഉണർവ്വിനപ്പുറം കേരളത്തിലെ യുവ തലമുറ തങ്ങളുടെ സ്വപ്ന സാക്ഷാത്ക്കാരങ്ങൾക്ക് കേരളത്തിന് പുറത്ത് പോവുകയെന്ന സ്ഥിതിയ്ക്ക് മാറ്റം വരികയും വ്യവസായ വാണിജ്യ ഹബ്ബായി കേരളമേ മാറുകയും ചെയ്യും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-02-20 10:49:26

ലേഖനം നമ്പർ: 746

sitelisthead