പേവിഷ നിർമ്മാർജ്ജനത്തിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി പദ്ധതികൾ നടപ്പിലാക്കി വരുന്നതിന്റെ ഭാഗമായി വളർത്തുനായ്ക്കളിൽ 2 ലക്ഷം പേവിഷ പ്രതിരോധ കുത്തിവെപ്പുകൾ പൂർത്തിയാക്കി. സെപ്റ്റംബർ പേവിഷ പ്രതിരോധ മാസമായി ആചരിച്ച് മൃഗസംരക്ഷണവകുപ്പിന്റെ ആഭിമുഖ്യത്തിൽ വാർഡ് തലത്തിൽ ക്യാംപുകൾ സംഘടിപ്പിച്ച് വളർത്തു നായ്ക്കൾക്ക് റാബീസ് ഫ്രീ കേരള പദ്ധതി പ്രകാരം പ്രതിരോധകുത്തിവെയ്പ്പ് നടത്തി വരികയാണ്.

വളർത്തു നായ്ക്കൾക്ക് നിർബന്ധിത പേവിഷ പ്രതിരോധ കുത്തിവെപ്പും ലൈസൻസും നിർബന്ധമാക്കും. മൃഗസംരക്ഷണ വകുപ്പിൻറെ കൈവശമുള്ള 6 ലക്ഷം ഡോസ് വാക്‌സിനുകൾ എല്ലാ മൃഗാശുപത്രികൾക്കും കൈമാറി. 4 ലക്ഷത്തോളം വാക്സിനുകൾ ഇനിയും ആവശ്യമുണ്ട്. അവ സെപ്റ്റംബർ 30 ന് മുൻപ് വാങ്ങി നൽകും. 

തെരുവ് നായ്ക്കൾക്കു പേവിഷ പ്രതിരോധ കുത്തിവെപ്പുകൾ സെപ്റ്റംബർ 20 മുതൽ ആരംഭിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി 170 ഹോട്ട്‌സ്‌പോട്ടുകൾ മൃഗസംരക്ഷണവകുപ്പ് കണ്ടെത്തി. ഡോഗ് ക്യാച്ചർമാർ, വാഹനം എന്നിവയുമായി ബന്ധപ്പെട്ട ചെലവുകൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഹിക്കും.

തെരുവുനായ്ക്കളെ പുനരധിവസിപ്പിക്കുന്നതിന് പ്രാദേശികതലത്തിൽ ആനിമൽ ഷെൽട്ടർ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിച്ചട്ടുണ്ട്. തെരുവ് നായ്ക്കളെ വന്ധ്യംകരണം നടത്തുന്നതിന് കുടുംബശ്രീക്ക് കോടതി അനുമതി നിഷേധിച്ച സാഹചര്യത്തിൽ മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള ആശുപത്രികളിൽ അടിസ്ഥാന സൗകര്യമൊരുക്കി, കരാറടിസ്ഥാനത്തിൽ  ഡോക്ടർമാരെയും ജീവനക്കാരെയും നിയോഗിച്ചുകൊണ്ട് പദ്ധതി നടപ്പിലാക്കും.

ഓരോ ABC (Animal Birth Control) യൂണിറ്റിലെയും പരിധിയിൽ വരുന്ന ഗ്രാമ പഞ്ചായത്തുകൾ മുനിസിപ്പാലിറ്റികൾ കോർപ്പറേഷനുകൾ എന്നിവ തങ്ങളുടെ പ്രദേശത്തെ തെരുവുനായ്ക്കളുടെ എണ്ണത്തിനനുസരിച്ചുള്ള തുക പദ്ധതിയിലുൾപ്പെടുത്തി പ്രോജക്റ്റ് സമർപ്പിക്കേണ്ടതാണ്. പദ്ധതിയുടെ ഫലപ്രദമായ നടത്തിപ്പിന് എ ബി സി ഡോഗ് റൂൾ നിയമപ്രകാരമുള്ള ഒരു മോണിറ്ററിംഗ് സമിതി ഓരോ എ ബി സി യൂണിറ്റിലും പ്രവർത്തിക്കും. സംസ്ഥാനത്ത് 37 ABC സെന്ററുകൾ പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ നിലവിൽ സ്വീകരിച്ചിട്ടുണ്ട്. 2 ബ്ലോക്കുകൾക്ക് ഒരു ABC കേന്ദ്രം എന്ന നിലയിൽ കൂടുതൽ കേന്ദ്രങ്ങൾ ആരംഭിക്കാനാണ് ഗവൺമെൻറ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് 340 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ABC ചെയ്യുന്നതിനായി 7.7 കോടിയോളം രൂപ മാറ്റി വെച്ചിട്ടുണ്ട്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2022-09-16 13:31:21

ലേഖനം നമ്പർ: 755

sitelisthead