9 സർക്കാർ ആശുപത്രികൾക്ക് കൂടി സംസ്ഥാന മാതൃശിശു സൗഹൃദ ഇനിഷ്യേറ്റീവ് സർട്ടിഫിക്കറ്റ് ലഭ്യമായി. സർക്കാർ, സ്വകാര്യ മേഖലയിലെ പ്രസവം നടക്കുന്ന ആശുപത്രികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് പ്രത്യേകമായ ഗുണനിലവാര മാനദണ്ഡങ്ങൾ തയ്യാറാക്കിയാണ് അംഗീകാരം നൽകി വരുന്നത്. യൂണിസെഫും ലോകാരോഗ്യ സംഘടനയും നിശ്ചയിച്ചിട്ടുളള 10 ഗുണനിലവാര സൂചികയും കൂടാതെ മാതൃശിശു സൗഹൃദവും ആരോഗ്യം സംബന്ധിച്ച സൂചികകളിൽ അധിഷ്ഠിതമായ 130 ചെക്ക് പോയിന്റുകൾ അടങ്ങിയ സ്റ്റാൻഡേർഡ് പ്രകാരമാണ് ആശുപത്രിയിൽ വിലയിരുത്തൽ പ്രക്രിയ നടന്നത്. 

മാതൃ ശിശു സൗഹൃദാശുപത്രി സംരംഭം(മദർ ബേബി ഫ്രണ്ട്‌ലി ഇനിഷ്യേറ്റിവ്) അമ്മയ്ക്കും കുഞ്ഞിനും ഗുണനിലവാരവും സൗഹൃദവുമായ ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതിനും മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുന്നതിനും ശിശു മരണനിരക്ക് കുറയ്ക്കുന്നതിനും കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമായാണ് സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ പദ്ധതി നടപ്പിലാക്കി വരുന്നത്. 

ഓരോ ജീവനക്കാരെയും ഈ പദ്ധതി നടപ്പിലാക്കാൻ പ്രതിജ്ഞാബദ്ധരാക്കുക, മുലപ്പാലിന് ബദലായി ഉപയോഗിക്കുന്ന ശിശു ഭക്ഷണങ്ങളുടെ വിപണനത്തെ സംബന്ധിച്ചുളള അന്താരാഷ്ട്ര നിബന്ധനകളും മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുന്നതിനുളള ലോകാരോഗ്യ സമ്മേളനങ്ങളുടെ നിർദേശങ്ങളും പൂർണമായും പാലിക്കുക, ഫലപ്രദമായ മുലയൂട്ടൽ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേകം എഴുതി തയ്യാറാക്കിയ മാർഗനിർദേശങ്ങൾ ആശുപത്രി ജീവനക്കാർക്കും മാതാപിതാക്കൾക്കും പതിവായി നൽകുക, നവജാത ശിശുക്കളെ അമ്മമാർ സമയാ സമയങ്ങൾ മുലയൂട്ടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് കാര്യക്ഷമമായ നീരീക്ഷണ സംവിധാനം ഉറപ്പാക്കുകയും അവ കൃത്യമായി രേഖപ്പെടുത്തി സൂക്ഷിക്കുകയും ചെയ്യുക, നവജാത ശിശുക്കളെയും അമ്മമാരെയും പരിചരിക്കുന്ന ആശുപത്രി ജീവനക്കാർക്ക് മതിയായ അറിവും കാര്യക്ഷമതയും വൈദഗദ്യവും ഉണ്ടെന്ന് ഉറപ്പ് വരുത്തുക, മുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ച് ഗർഭിണികളെയും അവരുടെ കുടുംബാംഗങ്ങളെയും ബോധവൽക്കരിക്കുക, പ്രസവാനന്തരം എത്രയും വേഗത്തിൽ നവജാത ശിശുവും മാതാവും തമ്മിൽ വേർപ്പിരിയാത്ത സാമീപ്യം സാധ്യമാക്കുകയും കുഞ്ഞിന് മുലപ്പാൽ നൽകുന്നതിന് അമ്മമാരെ പ്രോത്സാഹിപ്പിക്കുന്നതിന് സാഹായിക്കുകയും ചെയ്യുക, മുലയൂട്ടുമ്പോൾ ഏതെങ്കിലും തരത്തിലുളള ബുദ്ധിമുട്ടുകൾ അമ്മമാർക്കുണ്ടെങ്കിൽ അവ പരിഹരിക്കുന്നതിനും തടസമില്ലാതെ മുലയൂട്ടുന്നതിനും സഹായിക്കുക, നവജാത ശിശുക്കൾക്ക് മുലപ്പാലിന് പകരം നൽകുന്ന പൂരക ഭക്ഷണങ്ങളുടെ ദോഷങ്ങളെ കുറിച്ച് അമ്മമാരെ ബോധവൽക്കരിക്കുക, പ്രസവാനന്തരം വീടുകളിലേക്ക് മടങ്ങുന്ന അമ്മമാർക്കും നവജാത ശിശുക്കൾക്കും സമയാസമയങ്ങളിൽ ആവശ്യമായ പിന്തുണയും പരിചരണവും ഉറപ്പാക്കുക, പിറന്നു വീഴുന്ന ഓരോ കുഞ്ഞിനും സ്വന്തം മാതാവിന്റെ മുലപ്പാൽ ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. 

തിരുവനന്തപുരം എസ്.എ.ടി. ആശുപത്രി (സ്‌കോർ 92.36 ശതമാനം), തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി (97.72), പത്തനംതിട്ട ജനറൽ ആശുപത്രി (96.41), എറണാകുളം ജനറൽ ആശുപത്രി (96.57), മലപ്പുറം പൊന്നാനി സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി (90.9), നിലമ്പൂർ ജില്ലാ ആശുപത്രി (94.48), മലപ്പുറം താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രി (86.18), കോഴിക്കോട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി (95.86), വയനാട് മാനന്തവാടി ജില്ലാ ആശുപത്രി (97.94) എന്നീ ആശുപത്രികളേയാണ് മാതൃശിശു സൗഹൃദ ആശുപത്രികളായി തെരഞ്ഞെടുത്തത്. 

പദ്ധതിയുടെ ഭാഗമായി ഇതുവരെ 25 സർക്കാർ, സ്വകാര്യ ആശുപത്രികൾക്കാണ് സർട്ടിഫിക്കേഷൻ നൽകിയത്. വിവിധ ഘട്ടങ്ങളിലൂടെയുള്ള പരിശീലന പരിപാടികളും വിവിധ ഗുണനിലവാര സൂചികകളും അടിസ്ഥാനമാക്കിയുള്ള പരിശോധനകൾ നടത്തിയാണ് സർട്ടിഫിക്കേഷൻ നൽകുന്നത്. സംസ്ഥാന തലത്തിൽ നിന്നുള്ള വിദഗ്ധ സംഘമാണ് ഗുണനിലവാര പരിശോധന നടത്തി സർട്ടിഫിക്കേഷൻ നൽകുന്നത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-02-27 12:31:37

ലേഖനം നമ്പർ: 734

sitelisthead