മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിൽ കേരളം ഒന്നാം സ്ഥാനത്ത്. കേരളത്തിലെ സ്ത്രീ പങ്കാളിത്തം 89.42%മായി ഉയർന്ന് നിൽക്കുമ്പോൾ ദേശീയ ശരാശരി 54.7 ശതമാനം മാത്രമാണ്. ഈ വർഷം 2,474 കോടി രൂപ സ്ത്രീകളുടെ കൈകളിൽ എത്തിക്കാൻ പദ്ധതിയിലൂടെ കഴിഞ്ഞു.
പട്ടികവർഗ കുടുംബങ്ങൾക്ക് 100 തൊഴിൽ ദിനം നൽകുന്ന കാര്യത്തിലും കേരളം ഒന്നാമതാണ്. ദേശീയ തലത്തിൽ 12 ശതമാനമായി നിൽക്കെ കേരളത്തിലിത് 40 ശതമാനമാണ്. പട്ടികജാതി കുടുംബങ്ങൾക്ക് 100 തൊഴിൽ ദിനങ്ങൾ നൽകുന്ന കാര്യത്തിൽ കേരളം ദേശീയതലത്തിൽ രണ്ടാമതാണ്. ദേശീയതലത്തിലെ നിരക്ക് 48 ശതമാനമായിരിക്കെ കേരളത്തിൽ ഇത് 67 ശതമാനമാണ്. തൊഴിലാളികൾക്ക് വേതനം സമയബന്ധിതമായി വിതരണം ചെയ്യുന്ന ആദ്യ 4 സംസ്ഥാനങ്ങളിൽ കേരളമുണ്ട്. 99.55 % പേർക്കും കേരളം വേതനം കൃത്യസമയത്ത് ലഭ്യമാക്കി. ഈ സാമ്പത്തിക വർഷത്തിലെ ആദ്യ 2 മാസത്തിൽ 54 ലക്ഷം തൊഴിൽ ദിനങ്ങളാണ് കേരളം സൃഷ്ടിച്ചത്.
ഗ്രാമപ്രദേശങ്ങളിൽ അധിവസിക്കുന്ന എല്ലാ കുടുംബങ്ങൾക്കും ഒരു സാമ്പത്തിക വർഷം 100 ദിവസത്തിൽ കുറയാത്ത അവിദഗ്ദ്ധ കായിക തൊഴിൽ ആവശ്യാനുസരണം ഉറപ്പാക്കുകയും അതുവഴി ദരിദ്രരുടെ ഉപജീവനവുമായി ബന്ധപ്പെട്ട വിഭവാടിത്തറ ശക്തിപ്പെടുത്തുക തുടങ്ങിയ ഉദ്ദേശ ലക്ഷ്യങ്ങളോടെയാണ് എം.ജി.എൻ.ആർ.ഇ.ജി.എസ്. രാജ്യത്ത് നടപ്പിലാക്കി വരുന്നത്.
സംസ്ഥാനത്ത് 64.1 ലക്ഷം തൊഴിലാളികളാണ് എം.ജി.എൻ.ആർ.ഇ.ജി.എസ്. പ്രകാരം രജിസ്റ്റർ ചെയ്തിരിയ്ക്കുന്നത്. ഇതിൽ 41.48 ലക്ഷം തൊഴിൽ കാർഡുകൾ വിതരണം ചെയ്തിട്ടുള്ളതാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ബഹുജന പങ്കാളിത്തത്തോടെ സുഭിക്ഷ കേരളം, ശുചിത്വ കേരളം, കയർ ഭൂവസ്ത്രം, ഒരു കോടി വൃക്ഷത്തൈകൾ വെച്ചുപിടിപ്പിയ്ക്കുന്ന പദ്ധതി, ജലസുഭിക്ഷ-കിണർ റീചാർജിംഗ് തുടങ്ങി നിരവധി പദ്ധതികളാണ് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്ത് നടപ്പിലാക്കി വരുന്നത്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-02-27 12:30:37
ലേഖനം നമ്പർ: 606