കുട്ടികളുടെ ആശങ്കകൾക്ക് കാതോർക്കേണ്ടത് അനിവാര്യമാണെന്ന തിരിച്ചറിവിൽ നിന്നാണ് കേരള പോലീസ് ചിരി ഹെല്പ് ഡെസ്ക് ആരംഭിച്ചത്
2020ൽ ലോക്ക്ഡൗൺ കാലത്ത് തുടങ്ങിയ 'ചിരി' ഹെൽപ് ഡെസ്‌ക്കിൽ 25564 പേരാണ് ഇതുവരെ സഹായത്തിനായി വിളിച്ചത്.
കേരളത്തിൽ ലോക്ഡൗൺ നടപ്പലാക്കിയതു മുതൽ 2020 ജൂൺ അവസാനം വരെ ചുരുങ്ങിയത് 66 കുട്ടികൾ ആത്മഹത്യ ചെയ്തതായി വിവരങ്ങൾ പുറത്തു വന്നിരുന്നു. സ്കൂളുകൾ അടയ്ക്കുകയും, സാമൂഹ്യ ഇടപെടലുകൾക്കുള്ള അവസരങ്ങൾ വളരെ ചുരുങ്ങകയും ചെയ്തതോടെ കുട്ടികൾ കടുത്ത മാനസിക സമ്മർദം, ഉത്കണ്ഠ, മറ്റു മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയിലൂടെ കടന്നുപോകുന്ന ഗുരുതരമായ സാഹചര്യം കണക്കിലെടുത്ത് കുട്ടികളിലെ മാനസികസമ്മർദ്ദം ലഘൂകരിക്കാനായി കേരള പൊലീസ് ആരംഭിച്ച പദ്ധതിയാണ് ചിരി. കോവിഡ് വ്യാപനത്തെത്തുടർന്ന് വീട്ടിൽ തുടരാൻ നിർബന്ധിതരായ കുട്ടികൾക്ക് ആശ്വാസം പകരുന്നതിന് 2020 ജൂലൈ 12-നാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. കുട്ടികൾക്ക് സുരക്ഷിതവും, ആഹ്ളാദഭരിതവുമായ ഒരു ബാല്യം ഉറപ്പുവരുത്തുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. കുട്ടികളുടെ സംരക്ഷണവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിന് ഉത്തരവാദപ്പെട്ട വിവിധ വകുപ്പുകളുടെ സംയോജിത ഇടപ്പെടുലുകൾ മുഖേന, വിഷമാവസ്ഥയിലുള്ള കുട്ടികൾക്ക് മാനസിക ആരോഗ്യ പിന്തുണ പ്രദാനം ചെയ്യുന്ന ഒരു പദ്ധതി വികസിപ്പിച്ചെടുക്കുക, കുട്ടികളിലെ പെരുമാറ്റ വൈകല്യങ്ങൾ, വൈകാരികവും, വ്യക്തിപരവുമായ പ്രശ്നങ്ങൾ, പഠന പ്രശ്നങ്ങൾ, ശാരീരികമായ വെല്ലുവിളികൾ എന്നിവ തിരിച്ചറിയുകയും, വേണ്ടവിധം പരിഹരിക്കപ്പെടുകയും ചെയ്യുക, എല്ലാ കുട്ടികളുടെയും ക്ഷേമം ഉറപ്പുവരുത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ.
മാനസിക പ്രയാസമനുഭവിക്കുന്ന ഏതൊരു കുട്ടിക്കും ചിരിയിലേയ്ക്ക് വിളിയ്ക്കാം. 9497900200 എന്ന ഹെൽപ് ലൈൻ നമ്പരിലേക്ക് കുട്ടികൾക്കും അവരുടെ കൂട്ടുകാർക്കും മാതാപിതാക്കൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും കുട്ടികളുടെ അഭ്യുദയകാംക്ഷികൾക്കും വിളിക്കാം. ചിരിയിലേയ്ക്ക് വിളിയ്ക്കുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിയ്ക്കും.
കുട്ടികൾ അനുഭവിക്കുന്ന മാനസികസംഘർഷങ്ങൾക്ക് ഉടനടി വിദഗ്ധരായവരുടെ കൗൺസിലിങ് ലഭിക്കും. മുതിർന്ന സ്റ്റുഡൻറ്സ് പോലീസ് കേഡറ്റുകൾ, ഔർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ പദ്ധതിയിൽ (ORC) അംഗങ്ങളായ കുട്ടികൾ എന്നിവരിൽ നിന്ന് തിരഞ്ഞെടുത്ത് പ്രത്യേക പരിശീലനം നൽകിയ 300 ഓളം കുട്ടികളാണ് ചിരി പദ്ധതിയിലെ വോളൻറിയർമാർ. സേവന തൽപരരും പരിചയ സമ്പന്നരുമായ മാനസികാരോഗ്യവിദഗ്ദ്ധർ, മന:ശാസ്ത്രജ്ഞർ, അദ്ധ്യാപകർ എന്നിവരുൾപ്പെടുന്ന വിദഗ്ദ്ധസമിതിയാണ് ഇവർക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നത്.
25564 പേരാണ് ഇതിനോടകം ചിരി ഹെൽപ്ലൈനിൽ ബന്ധപ്പെട്ടിട്ടുള്ളത്. ഇതിൽ 10,002 കുട്ടികൾ വിളിച്ചത് പല തരത്തിലുള്ള വിഷമങ്ങളും സങ്കടങ്ങളും പങ്കുവയ്ക്കാനാണ്. 15,562 പേർ വിവിധ അന്വേഷണങ്ങൾക്കായാണ് വിളിച്ചത്.11 നും 18 നും ഇടയിൽ പ്രായമുള്ള കുട്ടികളാണ് കൂടുതലായും ഹെൽപ് ഡെസ്‌ക്കിലേക്ക് വിളിച്ചത്. 11 ൽ താഴെ പ്രായമുള്ള കുട്ടികൾക്ക് വേണ്ടി രക്ഷിതാക്കളും ചിരിയെ ബന്ധപ്പെട്ടിട്ടുണ്ട്.
ചിരി ഹെൽപ്‌ലൈൻ പ്രവർത്തനങ്ങൾക്കായി ഓരോ ജില്ലയിലും 20 പേരടങ്ങിയ മെന്റർ ടീം പ്രവർത്തിക്കുന്നുണ്ട്. മനഃശാസ്ത്രഞ്ജർ, പരിശീലനം ലഭിച്ച എസ്. പി. സി അംഗങ്ങളായ വിദ്യാർത്ഥികൾ തുടങ്ങിയവരാണ് ഫോണിലൂടെ കുട്ടികൾക്ക് ആശ്വാസം പകരുന്നത്. ഹെൽപ്ലൈനിൽ ലഭിക്കുന്ന കോളുകൾ തരം തിരിച്ച് അതത് ജില്ലകളിലേക്ക് കൈമാറും. ഇവർ കുട്ടികളെ വിളിച്ച് സൗഹൃദ സംഭാഷണം അല്ലെങ്കിൽ കൗൺസലിംഗ് ഉറപ്പാക്കുന്ന തരത്തിലാണ് പ്രവർത്തനം. ഓൺലൈൻ പഠനത്തിൻറെ ബുദ്ധിമുട്ടുകൾ, കൂട്ടുകാരെ കാണാനും സംസാരിക്കാനും കളിക്കാനും കഴിയാത്തതിൻറെ വിഷമം, കുടുംബവഴക്ക്, പഠനോപകരണങ്ങളുടെ ലഭ്യതക്കുറവ് എന്നിവയാണ് പ്രധാനമായും കുട്ടികൾ ചിരിയുടെ കോൾ സെൻററുമായി പങ്കുവെച്ചിരുന്നത്. മൊബൈൽ ഫോണിൻറെ അമിതമായ ഉപയോഗം, കുട്ടികളുടെ ആത്മഹത്യാഭീഷണി എന്നിവയ്ക്ക് പരിഹാരം തേടി മാതാപിതാക്കളും ചിരിയിൽ വിളിയ്ക്കുന്നുണ്ട്. ആവശ്യമുള്ളവർക്ക് ഉടനടി വിദഗ്ധ സേവനം നൽകി വരുന്നു. മാനസികപ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന കുട്ടികൾക്ക് ടെലിഫോണിലൂടെ കൗൺസലിങ്ങും നൽകുന്നുണ്ട്
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-02-27 12:36:34
ലേഖനം നമ്പർ: 410