ഗ്രാമീണ മേഖലയിലെ എല്ലാ വീടുകൾക്കും 2024 ഓടെ ഗാർഹിക കുടിവെള്ള കണക്ഷനുകൾ ലഭ്യമാക്കാനായി നടപ്പിലാക്കുന്ന ജൽ ജീവൻ മിഷൻ പ്രകാരം സംസ്ഥാനത്ത് ഇതുവരെ നൽകിയ കുടിവെള്ള കണക്ഷനുകളുടെ എണ്ണം 10 ലക്ഷം കടന്നു. 2021-22ൽ ​ഗ്രാമീണ മേഖലയിൽ 6.03 ലക്ഷം കണക്ഷനുകളും 2020-21ൽ 4.04 ലക്ഷം കണക്ഷനുകളും നൽകി. 

ജൽ ജീവൻ മിഷൻ ദേശീയ തലത്തിൽ പ്രഖ്യാപിച്ച 2019 ഓഗസ്റ് 15-ലെ കണക്കനുസരിച്ച്‌ സംസ്ഥാനത്ത്‌ ആകെയുള്ള 70.69 ലക്ഷം ​ഗ്രാമീണ വീടുകളിൽ 16.64 ലക്ഷം വീടുകളിൽ മാത്രമാണ്‌ കുടിവെള്ള കണക്ഷനുകൾ ഉണ്ടായിരുന്നത്‌ (23.54 ശതമാനം). 01-01-2022 ലെ കണക്കനുസരിച്ച്‌ 38% വീടുകൾക്ക്‌ കുടിവെള്ള കണക്ഷനുകൾ ലഭ്യമാക്കിയിട്ടുണ്ട്‌. കോവിഡ്-പ്രളയകാല പ്രതിസന്ധികളെ അതിജീവിച്ച് സംസ്ഥാനത്ത് പദ്ധതിയിൽ ചിട്ടയായ വളർച്ചയും ​ഗതിവേ​ഗവും ദൃശ്യമാകുന്നുണ്ട്. നിലവിൽ സംസ്ഥാനത്ത്‌ 27.57 ലക്ഷം ഗ്രാമീണ വീടുകളിൽ കുടിവെള്ള കണക്ഷനുകൾ ലഭ്യമായിട്ടുണ്ട്‌.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തുല്യമായായി പദ്ധതി വിഹിതം വഹിയ്ക്കുന്ന ജൽ ജീവൻ പദ്ധതി മാർഗ്ഗ രേഖയുടെയും ആസൂത്രണത്തിന്റെയും അടിസ്ഥാനത്തിലാണ്‌ നടപ്പിലാക്കുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ നിലവിലുള്ള കുടിവെള്ള പദ്ധതികളിൽ നിന്നും സാധ്യമായ പരമാവധി കുടിവെള്ള കണക്ഷനുകൾ നൽകുന്നതിനും നിലവിലുള്ള പദ്ധതികളുടെ വിപുലീകരണത്തിലൂടെ കുടിവെള്ള കണക്ഷൻ നൽകുന്നതിനുമാണ്‌ മുൻഗണന നൽകിയിട്ടുള്ളത്‌. ഇതോടൊപ്പം നിലവിൽ പദ്ധതികളില്ലാത്ത പ്രദേശങ്ങൾക്കായി പുതിയ പദ്ധതികൾ വിഭാവനം ചെയ്ത്‌ ഇതിനകം തന്നെ കേന്ദ്ര സർക്കാരിന്റെ അനുമതി ലഭ്യമാക്കിക്കഴിഞ്ഞിട്ടുണ്ട്‌. സംസ്ഥാനത്ത്‌ ഗുണനിലവാരവും സുസ്ഥിരതയും ഉറപ്പാക്കിയിട്ടുള്ള ഉപരിതല ജല സ്രോതസ്സുകളെ അടിസ്ഥാനമാക്കിയുള്ള പദ്ധതികളാണ്‌ വിഭാവനം ചെയ്തിട്ടുള്ളത്‌. മാത്രമല്ല ഇതിലൂടെ ഭൂഗർഭ ജലത്തിന്റെ അമിത ചൂഷണം ഒഴിവാക്കുന്നതും ലക്ഷ്യമിട്ടിട്ടുണ്ട്‌.

ജൽ ജീവൻ  മിഷൻ പദ്ധതിയിലൂടെ പ്രതിദിന ആളോഹരി ജല ലഭ്യത 55 ലിറ്റർ എന്ന കണക്കിലാണ്‌ കേന്ദ്ര സർക്കാർ വിഭാവനം ചെയ്തിട്ടുള്ളത്‌. എന്നാൽ കേരളത്തിലെ ജനങ്ങളുടെ ജലഉപഭോ​ഗ രീതിയിലും ജീവിതശൈലിയിലുമുള്ള പ്രത്യേകതകൾ കൂടി കണക്കിലെടുത്ത്100 ലിറ്ററാണ് ആളോഹരി ജലലഭ്യതയായി നിശ്ചയിച്ചിരിക്കുന്നത്. 

സംസ്ഥാനത്ത്‌ ജൽ ജീവൻ മിഷൻ പദ്ധതിയിലൂടെ പുതുതായി ഏറ്റെടുത്തിട്ടുള്ള സമഗ്ര കുടിവെള്ള പദ്ധതികളിൽ നിന്നും വരും കാലയളവിൽ കുടിവെള്ള കണക്ഷനുകൾ നൽകിത്തുടങ്ങുന്നതോടുകൂടി കണക്ഷനുകൾ നൽകുന്നതിന്റെ വേ​ഗം ഗണ്യമായി വർധിക്കുന്നതാണ്‌.പദ്ധതിനിർവഹണത്തിൽ ജീവനക്കാരെ സഹായിക്കാനായി വോളന്റിയർമാരെ ഏർപ്പെടുത്തി പ്രവൃത്തികൾ തടസ്സം കൂടാതെ നടപ്പിലാക്കുന്നതിനുള്ള നടപടികൾ പദ്ധതിയുടെ പ്രാരംഭഘട്ടം മുതൽ സ്വീകരിച്ചുവരുന്നുണ്ട്‌.

ജൽ ജീവൻ  മിഷന്‍ വഴിയുള്ള കുടിവെള്ള കണക്ഷന്‍ എല്ലാ ഗ്രാമീണ വീടുകള്‍ക്കും ലഭിക്കും. ആധാര്‍ കാര്‍ഡും മൊബൈല്‍ നമ്പരും മാത്രം നല്‍കി ജൽ ജീവൻ പദ്ധതിയിലൂടെ തുച്ഛമായ ചിലവിൽ കണക്ഷന്‍ എടുക്കാം. കണക്ഷന്‍ ലഭിക്കാനായി അതാത് പഞ്ചായത്ത് അധികൃതരെയോ തൊട്ടടുത്ത വാട്ടര്‍ അതോറിറ്റി അല്ലെങ്കില്‍ ജലനിധി ഓഫിസിനെയോ ബന്ധപ്പെട്ടാല്‍ മതിയാകും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-02-27 11:18:08

ലേഖനം നമ്പർ: 409

sitelisthead