ലോകാരോഗ്യ സംഘടന ഭിന്നശേഷി മേഖലയില്‍ നടപ്പാക്കുന്ന ടാപ്പ് പദ്ധതി (ട്രയ്നിങ് ഇന്‍ അസിസ്റ്റീവ് പ്രൊഡക്റ്റ്) നടത്തിപ്പിനായി ദേശീയ തലത്തില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലിറ്റേഷന് (നിപ്മര്‍) ചുമതല. സഹായ ഉപകരണങ്ങളുടെ ആവശ്യകതയും ഉപയോഗവും സംബന്ധിച്ച അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് ഡബ്ല്യൂഎച്ച്ഒ പദ്ധതി നടപ്പാക്കുന്നത്.

പഞ്ചായത്തിലെ ആരോഗ്യ പ്രവര്‍ത്തകരെ സഹായ ഉപകരണങ്ങളുടെ ആവശ്യകതാ നിര്‍ണയം, ഉപകരണങ്ങളുടെ ഉപയോഗം, തുടര്‍നടപടികള്‍ എന്നിവ നല്‍കി സജ്ജമാക്കുകയെന്നതാണ് പദ്ധതിയുടെ ആദ്യഘട്ടം. തൃശൂരിലെ ആളൂര്‍ പഞ്ചായത്തിനെയാണ് പൈലറ്റ് പദ്ധതിക്കായി തെരഞ്ഞെടുത്തത്. തുടര്‍ന്ന് മറ്റിടങ്ങളിലേയ്ക്കും ടാപ്പ് പദ്ധതി വ്യാപിപ്പിക്കും. 24.72 ലക്ഷം രൂപയുടെ സഹായ ഉപകരണങ്ങളും പദ്ധതിയുടെ പരിശീലന ചെലവിലേയ്ക്ക് 20.60 ലക്ഷം രൂപയുമാണ് ഡബ്ല്യുഎച്ച്ഒ ആദ്യഘട്ടത്തില്‍ നല്‍കുക. കേരളത്തിലെ ഒരു പഞ്ചായത്തിനെ ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ സഹായ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്ന പഞ്ചായത്താക്കി മാറ്റാന്‍ പദ്ധതി വഴി സാധിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :05-06-2023

sitelisthead