ജിവിതശൈലീ രോഗമുള്ളവർ, കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ എന്നിവർക്ക് മാസ്‌ക് നിർബന്ധം .
ഒരാശുപത്രിയും കോവിഡ് രോഗികൾക്ക് ചികിത്സ നിഷേധിക്കരുത്. കോവിഡ് പോസിറ്റീവ് ആകുന്നവരുടെ സാമ്പിളുകൾ നിലവിലുള്ള മാനദണ്ഡങ്ങളനുസരിച്ച് എല്ലാ ജില്ലയിൽ നിന്നും ഡബ്ല്യു.ജി.എസ്. (Whole Genome Sequencing) പരിശോധനക്ക് അയക്കേണ്ടതാണ്. ജില്ല സർവയലൻസ് ഓഫീസർമാർ ഇക്കാര്യം ഉറപ്പ് വരുത്തണം.

പ്രമേഹം, രക്താതിമർദം, കാൻസർ, ഹൃദ്രോഗം, വൃക്കരോഗം, ശ്വാസകോശ രോഗമുള്ളവർ തുടങ്ങി മറ്റ് അസുഖങ്ങളുള്ളവർ, ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ എന്നിവർ പൊതുസ്ഥലങ്ങളിലും, ആശുപത്രികളിലും നിർബന്ധമായും മാസ്‌ക് ധരിക്കേണ്ടതാണ്. 60 വയസിന് മുകളിൽ പ്രായമുള്ളവർ, പ്രമേഹം, രക്താതിമർദ്ദം, കാൻസർ, ഹൃദ്രോഗം, വൃക്കരോഗം തുടങ്ങി മറ്റു അസുഖമുള്ളവർ എന്നിവർക്ക് കോവിഡ് ഇൻഫ്‌ളുവൻസാ രോഗലക്ഷണമുണ്ടെങ്കിൽ നിർബന്ധമായും ആർടിപിസിആർ പരിശോധന നടത്തുകയും മാനദണ്ഡങ്ങൾക്കനുസരിച്ച് ചികിത്സ ലഭ്യമാക്കുകയും വേണം. ആശുപത്രിയിൽ എത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും നിർബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. ആരോഗ്യ പ്രവർത്തകർ നിർബന്ധമായും ആശുപത്രിക്കുള്ളിൽ മാസ്‌ക് ധരിക്കേണ്ടതാണ്. ജില്ല മെഡിക്കൽ ഓഫീസർ ഇത് ഉറപ്പുവരുത്തണം.

ഇൻഫ്‌ളുവൻസ രോഗലക്ഷണങ്ങളുള്ള ഗർഭിണികളെ കണ്ടെത്തുവാൻ ആശ പ്രവർത്തകർ, ഫീൽഡ് ജീവനക്കാർ മുഖേന പ്രവർത്തനം ശക്തിപ്പെടുത്തും. ഗർഭിണികൾക്ക് രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ കോവിഡ് പരിശോധന നടത്തേണ്ടതാണ്. പ്രമേഹം, രക്തസമ്മർദം മുതലായ ജീവിതശൈലി രോഗങ്ങളുള്ളവരും മറ്റ് ഗുരുതര രോഗങ്ങളുള്ളവരും 60 വയസിന് മുകളിൽ പ്രായമുള്ളവരും, ഗർഭിണികളും, കുട്ടികളും, അമിത വണ്ണമുള്ളവരും കോവിഡ് രോഗം വരാതിരിക്കുന്നതിനുള്ള പ്രത്യേകമായ മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടതാണ്. ഇവർക്ക് കോവിഡ് രോഗലക്ഷണമുണ്ടെങ്കിൽ അടിയന്തര ചികിത്സ തേടേണ്ടതാണ്. വീട്ടിലുള്ള കിടപ്പ് രോഗികൾക്കും സാന്ത്വന പരിചരണത്തിലുള്ള രോഗികൾക്കും കോവിഡ് വരാതിരിക്കുന്നതിനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടതാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :01-04-2023

sitelisthead