പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പാക്കുന്ന വിവിധ തൊഴിൽ, സ്വയംതൊഴിൽ പ്രോത്സാഹന പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. 

പരമ്പരാഗത മൺപാത്ര നിർമാണ തൊഴിലാളികൾക്ക് ധനസഹായം: സംസ്ഥാനത്ത് കളിമൺപാത്ര നിർമാണം നടത്തുന്ന പരമ്പരാഗത തൊഴിലാളികൾക്ക് യൂണിറ്റിന് പരമാവധി 2.5 ലക്ഷം രൂപ വരെയുള്ള പദ്ധതിക്ക് 60 ശതമാനം വരെ ധനസഹായം ലഭിക്കും. ഓൺലൈനായി അപേക്ഷ സമർപ്പിച്ച ശേഷം അപേക്ഷയുടെ പ്രിന്റും അനുബന്ധ രേഖകളും ബന്ധപ്പെട്ട മേഖലാ ഓഫീസിൽ നൽകണം.

അഭിഭാഷക ധനസഹായ പദ്ധതി: നീതിന്യായ രംഗത്ത് പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഈ പദ്ധതിയിൽ കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്. 2024 ജൂലൈ 1 മുതൽ 2026 ജൂലൈ 31 വരെ കേരള ബാർ കൗൺസിലിൽ എൻറോൾ ചെയ്ത് സംസ്ഥാനത്തിനകത്ത് പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകർക്ക് അപേക്ഷിക്കാം.

പരമ്പരാഗത കരകൗശല വിദഗ്ധർക്കുള്ള പരിശീലനവും ടൂൾകിറ്റ് ഗ്രാന്റും: ഒ.ബി.സി. വിഭാഗത്തിൽപ്പെടുന്ന പരമ്പരാഗത കരകൗശല വിദഗ്ധർക്കും കൈപ്പണിക്കാർക്കും പൂർണ വൈദഗ്ധ്യമില്ലാത്ത തൊഴിലാളികൾക്കും തൊഴിൽപരിശീലനവും ടൂൾകിറ്റ് ഗ്രാന്റും നൽകും. കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ കവിയരുത്. 60 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം.

ബാർബർ ഷോപ്പ് നവീകരണത്തിനുള്ള ധനസഹായം: പിന്നാക്ക സമുദായത്തിൽപ്പെട്ട ബാർബർ ഷോപ്പുകളും യൂണിസെക്‌സ് സലൂണുകളും നടത്തുന്നവർക്ക് തൊഴിൽസ്ഥാപനങ്ങൾ ആധുനികവത്കരിക്കുന്നതിന് 40,000 രൂപ വരെ ധനസഹായം നൽകും. കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ കവിയരുത്. 18 മുതൽ 60 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം.

എല്ലാ പദ്ധതികളിലേക്കും www.bwin.kerala.gov.in പോർട്ടൽ മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2026 ഓഗസ്റ്റ് 31. കൂടുതൽ വിവരങ്ങൾക്ക്: കൊല്ലം മേഖലാ ഓഫീസ് - 0474-2914417, എറണാകുളം മേഖലാ ഓഫീസ് - 0484-2983130, പാലക്കാട് മേഖലാ ഓഫീസ് - 0492-2222335, കോഴിക്കോട് മേഖലാ ഓഫീസ് - 0495-2377786.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :07-08-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo