കേരള ഫോക്‌ലോർ അക്കാദമി 2025 വർഷത്തെ അവാർഡിന് അപേക്ഷ ക്ഷണിച്ചു.  www.keralafolklore.org യിൽ പ്രസിദ്ധീകരിച്ചിട്ടുള്ള നിശ്ചിതമാതൃകയിൽ അപേക്ഷ സമർപ്പിക്കണം. കലാകാരന്റെ കലാരംഗത്തെ പരിചയം തെളിയിക്കുന്നതിനായി തദ്ദേശസ്വയംഭരണസ്ഥാപന അധികാരിയുടെ സാക്ഷ്യപത്രം സമർപ്പിക്കണം. കൂടാതെ ഒരു ജനപ്രതിനിധി, കലാകാരൻ ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സാംസ്‌കാരിക സ്ഥാപനം, അനുഷ്ഠാനകലയാണെങ്കിൽ ബന്ധപ്പെട്ട ആരാധനാലയം എന്നിവരിൽ നിന്ന് ലഭിക്കുന്ന സർട്ടിഫിക്കറ്റുകളും അപേക്ഷയോടൊപ്പം സമർപ്പിക്കണം. ഒരാളുടെ പേര്' മറ്റേതെങ്കിലും വ്യക്തിയോ, കലാസംഘടനയോ അവാർഡിന് നിർദ്ദേശിക്കുകയാണെങ്കിൽ കലാകാരന്റെ സമ്മതപത്രവും ഹാജരാക്കണം. 

കലകാരനെ സംബന്ധിച്ച പരമാവധി വിവരങ്ങൾ (എഴുതി തയ്യാറാക്കിയ ബയോഡാറ്റ, കലാപ്രവർത്തനത്തിന് ലഭിച്ച അംഗീകാരപത്രത്തിന്റെ പകർപ്പ്, പ്രോഗ്രാം നോട്ടീസ്, പ്രോഗ്രാം ഫോട്ടോകൾ) അപേക്ഷയോടൊപ്പം ഉണ്ടായിരിക്കണം. രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ, ആധാർകാർഡിന്റെ കോപ്പി, വയസ്സ്' തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷയ്‌ക്കൊപ്പം സമർപ്പിക്കണം. അക്കാദമിയുടെ ഏതെങ്കിലും പുരസ്‌കാരം ലഭിച്ച് മൂന്ന് വർഷത്തിന് ശേഷം മാത്രമേ മറ്റൊരു പുരസ്‌ക്കാരത്തിന്' പരിഗണിക്കൂ.

ഫെല്ലോഷിപ്പ് ലഭിക്കുന്നതിന് 65 വയസ് പൂർത്തിയായവരും നാടൻ കലാരംഗത്ത് 30 വർഷത്തിലധികമായി ആചാര്യസ്ഥാനം അലങ്കരിക്കുന്നവരും മുൻവർഷങ്ങളിൽ അക്കാദമിയുടെ ഏതെങ്കിലും അവാർഡിന് അർഹരായവരുമായ കലാകാരന്മാർക്ക് അപേക്ഷ സമർപ്പിക്കാം.
അവാർഡിന് നാടൻ കലാരംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച 20 വർഷത്തെ കലാപ്രാവിണ്യമുള്ള 41 മുതൽ 65 വയസ് വരെയുള്ള നാടൻ കലാകാരന്മാർക്ക് അപേക്ഷ സമർപ്പിക്കാം.

ഗുരുപൂജ പുരസ്‌കാരത്തിന് അറുപത്തിയഞ്ച് വയസ്സ് പൂർത്തിയാക്കിയവരും അക്കാദമിയുടെ പുരസ്‌കാരങ്ങളൊന്നും ലഭിച്ചിട്ടില്ലാത്തവരുമായ കലാകാരന്മാർക്ക് അപേക്ഷ സമർപ്പിക്കാം.യുവപ്രതിഭാ പുരസ്‌കാരത്തിന് നാടൻകലാരംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച യുവ നാടൻ കലാകാരന്മാർക്ക് സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള പ്രായപരിധി ഇരുപത്തിയഞ്ച് വയസ്സിനും നാൽപ്പത് വയസ്സിനും മദ്ധ്യേ.കലാ പഠന-ഗവേഷണ ഗ്രന്ഥ അവാർഡുകൾക്ക് നാടൻ കലകളെ ആധാരമാക്കി രചിക്കപ്പെട്ടതും ഉന്നത നിലവാരം പുലർത്തുന്നതുമായ പഠന ഗവേഷണ ഗ്രന്ഥങ്ങൾക്ക് കേരള ഫോക്ലോർ അക്കാദമി അവാർഡുകൾ നൽകുന്നു. 2023, 2024, 2025 വർഷങ്ങളിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിക്കപ്പെട്ട ഗ്രന്ഥങ്ങളായിരിക്കും പരിഗണിക്കുക. ഗ്രന്ഥകാരന്മാർക്കും പുസ്തക പ്രസാധകർക്കും പുസ്തകങ്ങൾ പരിഗണനക്ക് സമർപ്പിക്കാം. വായനക്കാർക്കും മികച്ച ഗ്രന്ഥങ്ങൾ നിർദ്ദേശിക്കാം. 

അപേക്ഷയോടൊപ്പം പുസ്തകങ്ങളുടെ മൂന്ന് കോപ്പികളും അടക്കം ചെയ്യണം.ഡോക്യുമെന്ററി പുരസ്‌കാരത്തിന് നാടൻ കലകളെ ആധാരമാക്കി അരമണിക്കൂറിൽ കവിയാത്ത 2025 ജനുവരി മുതൽ ഡിസംബർ വരെ നിർമ്മിക്കപ്പെട്ടിട്ടുള്ള ഡോക്യുമെന്ററികളാണ് പരിഗണിക്കുന്നത്. അപേക്ഷയോടൊപ്പം ബന്ധപ്പെട്ട വിഷയത്തിലുള്ള ഡോക്യുമെന്ററിയുടെ 3 പെൻഡ്രൈവുകൾ ഉണ്ടാവണം. പ്രസ്തുത കാലയളവിൽ നിർമ്മിച്ചതാണെന്നുള്ള കലാകാരന്റെ സുത്യവാങ്മൂലം അപേക്ഷയോടൊപ്പം സമർപ്പിക്കണം.അപേക്ഷകൾ ജൂൺ 30 തീയതിക്കുള്ളിൽ സെക്രട്ടറി, കേരള ഫോക്ലോർ അക്കാദമി, പി. ഒ. ചിറക്കൽ. കണ്ണൂർ-11 എന്ന വിലാസത്തിൽ നൽകണം. വിവരങ്ങൾക്ക്: 0497 - 2778090. www.keralafolklore.org

അവസാനമായി അപ്ഡേറ്റ് ചെയ്തത് :19-05-2026

sitelisthead