നെഹ്റുട്രോഫി മാധ്യമ അവാർഡ് എൻട്രി ക്ഷണിച്ചു. 71-ാമത് നെഹ്റു ട്രോഫി ജലമേളയുടെ ഭാഗമായി 2025 ജൂലൈ ഒന്നു മുതൽ ആഗസ്റ്റ് 30 വരെ പത്രങ്ങളിലും ആനുകാലികങ്ങളിലും മലയാളം ടി.വി. ചാനലുകളിലും പ്രസിദ്ധീകരിച്ച, ജലമേളയുടെ പ്രചാരണത്തിനു സഹായകമായ വാർത്താ റിപ്പോർട്ട്, വാർത്താദൃശ്യം എന്നിവയാണ് പരിഗണിക്കുക.

പത്ര-ദൃശ്യമാധ്യമ റിപ്പോർട്ടർ, പത്രഫോട്ടോഗ്രാഫർ, ദൃശ്യമാധ്യമത്തിലെ കാമറാമാൻ എന്നിങ്ങനെ നാല് വിഭാഗങ്ങളിലുള്ള മാധ്യമപ്രവർത്തകർക്ക് അപേക്ഷിക്കാം. ട്രോഫിയും 10,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. കൂടാതെ പ്രചാരണത്തിന് സഹായകരമായ രീതിയിൽ മികച്ച കവറേജ് നൽകിയ എഫ് എമ്മിന് പ്രോത്സാഹന സമ്മാനമായി ട്രോഫിയും പ്രശസ്തി പത്രവും നൽകും. 

അച്ചടി മാധ്യമ റിപ്പോർട്ടിങ് അവാർഡിനായി അവ പ്രസിദ്ധീകരിച്ച പത്രത്തിന്റെ അസലും രണ്ട് പകർപ്പും കൂടി അയയ്ക്കണം. വാർത്താ ചിത്രത്തിന്റെ 10 x 8 വലിപ്പത്തിലുള്ള മൂന്നു പ്രതികളും ചിത്രം അച്ചടിച്ച പത്രത്തിന്റെ ഒരു പ്രതിയും വയ്ക്കണം.

മലയാളം ടി.വി. ചാനലിലെ വാർത്താ ബുള്ളറ്റിനിലോ വാർത്താ മാഗസിനിലോ സംപ്രേഷണം ചെയ്ത, ഏഴു മിനിറ്റിൽ കവിയാത്ത റിപ്പോർട്ടുകളുടെ ഡി.വി.ഡി./സി.ഡി. ഫോർമാറ്റ് സമർപ്പിക്കണം. ഇവയുടെ രണ്ടു കോപ്പി നൽകണം. ഒരു ചാനലിൽ നിന്ന് ഓരോ വിഭാഗത്തിലും പരമാവധി അഞ്ച് എൻട്രിയേ പാടുള്ളൂ. എൻട്രിയോടൊപ്പം ചിത്രത്തിന്റെ ടൈറ്റിൽ, ഉള്ളടക്കം, തീയതി, ദൈർഘ്യം, വിവരണം എന്നിവ എഴുതി നൽകണം. ഒരു സ്റ്റോറി പല ഭാഗങ്ങളായി സമർപ്പിക്കാതെ സമഗ്രസ്വഭാവത്തോടു കൂടിയ വാർത്താ റിപ്പോർട്ടായി നൽകേണ്ടതാണ്. 

പ്രസിദ്ധപ്പെടുത്തിയ പത്രം, ടി.വി. ചാനൽ എന്നിവയുടെ പേര്, തീയതി, സമയം, ജേണലിസ്റ്റിന്റെ/ഫോട്ടോഗ്രാഫറുടെ/കാമറാമാന്റെ പേര്, വിലാസം എന്നിവ എൻട്രിയോടൊപ്പം മറ്റൊരു പേപ്പറിൽ ചേർത്തിരിക്കണം. ഒരാൾക്ക് ഒരു വിഭാഗത്തിൽ പരമാവധി രണ്ട് എൻട്രികൾ അയയ്ക്കാം. ഒരേ എൻട്രി ഒന്നിലേറെ വിഭാഗങ്ങളിലേക്ക് അയയ്ക്കാൻ പാടില്ല. ഓരോ എൻട്രിയും പ്രത്യേകം കവറിൽ അയക്കണം. കവറിനു പുറത്ത് മത്സരവിഭാഗം ഏതെന്നു രേഖപ്പെടുത്തിയിരിക്കണം. സി.ഡി./ഡി.വി.ഡി.യുടെ പുറത്ത് അപേക്ഷകൻ പേരെഴുതി ഒപ്പിടണം. എൻട്രി അപേക്ഷകൻ തയ്യാറാക്കിയതാണെന്നതിന് ന്യൂസ് എഡിറ്ററുടെയോ സ്ഥാപനത്തിലെ മറ്റ് മേലധികാരിയുടെയോ സാക്ഷ്യപത്രവും വയ്ക്കണം.

എൻട്രികൾ 2026 മാർച്ച് 30 വൈകിട്ട് അഞ്ചിനകം ജില്ല ഇൻഫർമേഷൻ ഓഫീസർ, കൺവീനർ- നെഹ്‌റു ട്രോഫി മാധ്യമ അവാർഡ് കമ്മിറ്റി, ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ്, സിവിൽ സ്റ്റേഷൻ, ആലപ്പുഴ -688 001 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0477 2251349.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :09-03-2026

sitelisthead