ദേശീയ വിര വിമുക്ത ദിനത്തിൽ (നവംബർ 26 )സംസ്ഥാനത്തെ എല്ലാ കുട്ടികൾക്കും ആരോഗ്യവകുപ്പ് വിരനശീകരണ ഗുളിക വിതരണം ചെയ്യും. 
വിദ്യാലയങ്ങളിൽ എത്തുന്ന കുട്ടികൾക്ക് അവിടെനിന്നും വിദ്യാലയങ്ങളിൽ എത്താത്ത 1 മുതൽ 19 വയസുവരെ പ്രായമുളള കുട്ടികൾക്ക് അങ്കണവാടികളിൽ നിന്നും ഗുളിക നൽകുന്നതാണ്. ഏതെങ്കിലും കാരണത്താൽ നവംബർ 26-ന് ഗുളിക കഴിക്കുവാൻ സാധിക്കാതെ പോയ കുട്ടികൾക്ക് ഡിസംബർ 3-ന് ഗുളിക നൽകുന്നതാണ്. ഈ കാലയളവിൽ ആരോഗ്യ കേന്ദ്രങ്ങളിൽ എത്തുന്ന ഈ പ്രായത്തിലുളള കുട്ടികൾ ഗുളിക കഴിച്ചിട്ടില്ലെങ്കിൽ അവർക്ക് ഗുളിക നൽകേണ്ടതാണ്.എല്ലാ കുട്ടികളും വിര നശീകരണത്തിനുള്ള ഗുളിക കഴിച്ചുവെന്ന് മാതാപിതാക്കൾ ഉറപ്പാക്കണം.

നിർദ്ദേശങ്ങൾ 

ഒന്ന് മുതൽ 2 വയസുവരെ അര ഗുളികയും (200 മില്ലിഗ്രാം), 2 മുതൽ 19 വയസുവരെ ഒരു ഗുളികയും (400 മില്ലിഗ്രാം) നൽകണം.

ചെറിയ കുട്ടികൾക്ക് തിളപ്പിച്ചാറ്റിയ വെളളത്തിൽ ഗുളിക അലിയിച്ചു കൊടുക്കണം. 

മുതിർന്ന കുട്ടികൾ ഉച്ചഭക്ഷണത്തിന് ശേഷം ഗുളിക ചവച്ചരച്ച് കഴിക്കണം. 
അതോടൊപ്പം തിളപ്പിച്ചാറിയ വെളളം കുടിക്കുകയും വേണം. 

അസുഖമുളള കുട്ടികൾക്ക് ഗുളിക നൽകേണ്ടതില്ല. അസുഖം മാറിയതിനു ശേഷം ഗുളിക നൽകാവുന്നതാണ്. 

ഗുളിക കഴിച്ചതിനു ശേഷം സാധാരണയായി ബുദ്ധിമുട്ടുകൾ ഉണ്ടാകാറില്ല. എന്നാൽ വിരബാധ കൂടുതലുളള കുട്ടികളിൽ ഗുളിക കഴിക്കുമ്പോൾ അപൂർവമായി വയറുവേദന, ഛർദ്ദി, ചൊറിച്ചിൽ, ശരീരത്തിൽ തടിപ്പുകൾ തുടങ്ങിയവ ഉണ്ടായോക്കാം.


വിരബാധ

  • വിരബാധ എല്ലാ പ്രായക്കാരെയും ബാധിക്കുമെങ്കിലും സാധാരണയായി കുട്ടികളെയാണ് കൂടുതൽ ബാധിക്കുന്നത്. മണ്ണിൽ കളിക്കുകയും പാദരക്ഷകൾ ഉപയോഗിക്കാതിരിക്കുകയും ചെയ്താൽ വിരബാധയുണ്ടാകാനുളള സാധ്യത കൂടുതലാണ്. ശരീരത്തിന്റെ വളർച്ചയ്ക്കും വികാസത്തിനും ആവശ്യമായ ഭക്ഷണത്തിലെ പോഷക ഘടകങ്ങൾ വിരകൾ വലിച്ചെടുക്കുമ്പോൾ ശരീരത്തിൽ പോഷണക്കുറവ് അനുഭവപ്പെടുകയും അത് വളർച്ചയെ ബാധിക്കുകയും ചെയ്യുന്നു. സാധാരണ കുടലിലാണ് വിരകൾ കാണപ്പെടുന്നത്. ഉരുളൻ വിര (റൗണ്ട് വേം), കൊക്കൊപ്പുഴു (ഹുക്ക് വേം), കൃമി (പിൻ വേം), നാട വിര (ടേപ്പ് വേം) ചാട്ട വിര (വിപ്പ് വേം) എന്നിവയാണ് സാധാരണ കാണുന്ന വിരകൾ.
  • വിരബാധയുളള ആളുകളിൽ ഉത്സാഹക്കുറവ്, ക്ഷീണം, വിളർച്ച, വയറുവേദന, തലകറക്കം, ഛർദ്ദി, പോഷകക്കുറവ്, വിശപ്പില്ലായ്മ, ഭാരക്കുറവ്, ശ്രദ്ധക്കുറവ്, വയറിളക്കം മുതലായവ ഉണ്ടാകാം. കുട്ടികളിൽ വിരകളുടെ തോത് വളരെ കൂടുതലാണെങ്കിൽ കുടലിന്റെ പ്രവർത്തനം തടസപ്പെടാനും ശരിയായ ചികിത്സ യഥാസമയം ലഭ്യമായില്ലെങ്കിൽ സങ്കീർണമാകാനും സാധ്യതയുണ്ട്.
  • ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടം, തദ്ദേശസ്വയംഭരണം, വിദ്യാഭ്യാസം, വനിതാ ശിശു വികസനം, പട്ടികവർഗ വികസനം തുടങ്ങിയ വകുപ്പുകൾ, ജനപ്രതിനിധികൾ എന്നിവരുമായി സംയോജിച്ചാണ്  പരിപാടി നടപ്പിലാക്കുന്നത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :25-11-2024

sitelisthead