യാത്രക്കാർക്ക് ടിക്കറ്റ് ബുക്കിങ് സുഗമമാക്കുന്നതിനായി കെഎസ്ആർടിസി ഓൺലൈൻ വെബ്സൈറ്റും മൊബൈൽ ആപ്ലിക്കേഷനും നവീകരിച്ചു .www.onlineksrtcswift.com എന്ന വെബ്സൈറ്റും ENTE KSRTC NEO OPRS മൊബൈൽ ആപ്പുമാണ് പരിഷ്കരിച്ചത്. വെബ്സൈറ്റ് , മൊബൈൽ അപ്ലിക്കേഷൻ എന്നിവ മുഖാന്തരം യാത്രചെയ്യേണ്ട സ്റ്റേഷനുകൾ കണ്ടെത്താനും സ്റ്റേഷനുകളിലേക്കുള്ള ബസുകൾ അറിയാനും സാധിക്കും. യുപിഐ ആപ് വഴി വളരെ വേഗത്തിൽ ടിക്കറ്റ് ലഭ്യമാകും.
പരാതി അറിയിക്കാൻ ടോൾഫ്രീ നമ്പർ
കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട വിവരങ്ങൾക്കും പരാതികൾ അറിയിക്കുന്നതിനുമായി പരാതി പരിഹാര സെൽ ആരംഭിച്ചു. 9447071021, 0471 2463799 എന്നീ നമ്പറുകൾക്ക് പുറമേ 18005994011 എന്ന ടോൾഫ്രീ നമ്പറിലും സേവനം ലഭിക്കും. അപകടകരമായ ഡ്രൈവിങ്, ജീവനക്കാരുടെയോ യാത്രക്കാരുടെയോ മറ്റു വാഹനങ്ങളിലുള്ളവരുടെയോ മോശമായ പെരുമാറ്റം, കൈയേറ്റം എന്നിവയുടെ ഫോട്ടോ, വീഡിയോ സഹിതം അറിയിക്കുന്നതിലേക്കായി 9188619380 എന്ന വാട്ട്സാപ്പ് നമ്പറും ലഭ്യമാണ്. കെഎസ്ആർടിസിയുടെ ഓപറേഷണൽ കൺട്രോൾ സെന്ററിലേക്കെത്തുന്ന പരാതി, രജിസ്റ്റർ ചെയ്ത് ടിക്കറ്റ് നമ്പർ നൽകുമ്പോഴും ഒമ്പതംഗ പരാതി പരിഹാര സെല്ലിന് കൈമാറുമ്പോഴും പരാതി പരിഹരിച്ച് കസ്റ്റമർ റിലേഷൻസ് മാനേജർ ടിക്കറ്റ് നമ്പർ ക്ലോസ് ചെയ്യുമ്പോഴും പരാതിക്കാരന് എസ്എംഎസ് അറിയിപ്പ് ലഭിക്കും.
വാട്സ്ആപ്പ് വഴി നൽകുന്ന പരാതികൾ വാട്സ്ആപ് കംപ്ലെയിന്റ് നമ്പർ നൽകി രജിസ്റ്റർ ചെയ്ത് ബന്ധപ്പെട്ട യൂണിറ്റ് ഓഫീസർക്ക് അയയ്ക്കുകയാണ് ചെയ്യുക. അഞ്ചുദിവസത്തിനകം പരാതി പരിഹരിച്ച് മറുപടി നൽകും. മറുപടി ലഭിച്ചില്ലെങ്കിൽ ആറാം ദിവസം വീണ്ടും പരാതി ശ്രദ്ധയിൽപ്പെടുത്തും. തുടർന്ന് പത്താംദിവസം വീണ്ടും വിഷയം പരിഹരിച്ച് മറുപടി ലഭിച്ചിട്ടില്ലെങ്കിൽ പരാതി ചെയർമാൻ എംഡിക്ക് കൈമാറും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :07-09-2024