സംസ്ഥാനത്ത് കനത്ത മഴയും ഉരുൾപൊട്ടലും രൂക്ഷമായ സാഹചര്യത്തിൽ മൃഗസംരക്ഷണ മേഖലയിലെ കെടുതികൾ നേരിടുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിനും മൃഗസംരക്ഷണ വകുപ്പ് ക്രമീകരണങ്ങൾ ഏർപ്പെടുത്തി.  നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിലേക്കും അടിയന്തിര സാഹചര്യങ്ങൾ നേരിടുന്നതിനും മറ്റു ക്രമീകരണങ്ങൾക്കുമായി  ജില്ലാ വെറ്ററിനറി  കേന്ദ്രങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു. 
തിരുവനന്തപുരം     :0471 2302643,0471 2330736 
കൊല്ലം                    :0474 2795076
പത്തനംതിട്ട         :0468 2270908
ആലപ്പുഴ             :0477 2252636,0477 2252431
കോട്ടയം             :0481 2564623
ഇടുക്കി                :04862 221545
എറണാകുളം      :0484 2351264 
തൃശൂർ                 :0487 2424223 ,9447071427
പാലക്കാട്          :9447880176 
മലപ്പുറം              :0483 2736696 ,7907000922 
കോഴിക്കോട്       :8921344036 
വയനാട്             :04936 202729, 9188510367,9544269076
കണ്ണൂർ             :0497 2700184 ,9446657859
കാസർഗോഡ്     :9447374742

 ജാഗ്രതാ നിർദേശങ്ങൾ  

1. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സമയാസമയങ്ങളിലുള്ള ജാഗ്രത നിർദേശങ്ങൾ കർഷകരും പൊതുജനങ്ങളും കർശനമായി പാലിക്കേണ്ടതാണ്.
2. വെള്ളപ്പൊക്കവും ഉരുൾപ്പൊട്ടൽ സാദ്ധ്യതയുമുള്ള പ്രദേശങ്ങളിലെ കർഷകർ ജാഗരൂകരായിരിക്കണം.
3. മുൻ വർഷങ്ങളിൽ പ്രകൃതിക്ഷോഭം ഉണ്ടായ പ്രദേശങ്ങളിൽ മുൻകരുതലായി മൃഗങ്ങളെ മാറ്റി പാർപ്പിക്കുവാൻ അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തി ജാഗ്രത പാലിക്കണം.
4. വെള്ളക്കെട്ടും മലവെള്ള പാച്ചിലും ഉണ്ടാകുന്ന സാഹചര്യത്തിൽ വളർത്തു മൃഗങ്ങളെ സുരക്ഷിതമായി പാർപ്പിക്കാനോ  കെട്ടിയിട്ട മൃഗങ്ങളെ അഴിച്ചു വിടാനോ പ്രത്യേകം  ശ്രദ്ധിക്കേണ്ടതാണ്.
5. വെള്ളപ്പൊക്കം ഉണ്ടാകാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ നിന്നും കന്നുകാലികളെ ഉയർന്ന സ്ഥലങ്ങളിലേക്ക് മാറ്റി പാർപ്പിക്കേണ്ടതാണ്.
6. കാറ്റിലും മഴയിലും ഇലക്ട്രിക് ലൈനുകൾ പൊട്ടി വീഴാൻ സാധ്യതയുണ്ട്. ആയതിനാൽ മൃഗങ്ങളെ വെള്ളക്കെട്ടുകളിൽ ഇറക്കുമ്പോൾ വൈദ്യുതി ലൈൻ പൊട്ടി വീണു കിടക്കുന്നില്ലെന്നു ഉറപ്പാക്കണം.
7. ഇലക്ട്രിക്  പോസ്റ്റുകളിലും സ്റ്റേ കമ്പികളിലും കന്നുകാലികളെ കെട്ടിയിടരുത്.
8. തൊഴുത്തുകളിൽ ഇലക്ട്രിക് വയറുകൾ അലക്ഷ്യമായി ഇടരുത്.
9. ഇടിമിന്നലുള്ള സമയങ്ങളിൽ തുറസ്സായ  സ്ഥലങ്ങളിൽ കന്നുകാലികളെ മേയാൻ വിടരുത്.
10. ശക്തമായ മഴയുള്ള സമയങ്ങളിൽ  കന്നുകാലികളെ തുറന്ന സ്ഥലത്ത് കെട്ടിയിടുകയോ മേയാൻ അനുവദിക്കുകയോ ചെയ്യരുത്.
11.കന്നുകാലികളെ   ബലക്ഷയമുള്ള  മേൽക്കൂരകൾക്കടിയിൽ പാർപ്പിക്കരുത്. 
12. മഴക്കാലത്ത്  കാലിത്തീറ്റയിൽ പൂപ്പൽ ബാധയുണ്ടാകാൻ സാധ്യതയുള്ളതിനാൽ തറയിൽ നിന്നും ഉയർന്നതും നനവില്ലാത്തതുമായ സ്ഥലങ്ങളിൽ തീറ്റ  സൂക്ഷിക്കേണ്ടതാണ്.
13. മഴക്കാലത്തു കാലിത്തൊഴുത്തിൽ വെള്ളം  കെട്ടി നിൽക്കാൻ അനുവദിക്കരുത്.
14. കന്നുകാലികളിൽ അകിടുവീക്കം ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ മഴക്കാലത്ത് കറവയ്ക്ക് ശേഷം പോവിഡോൺ അയഡിൻ ലായനിയിൽ കാമ്പുകൾ മുക്കി വിടുന്നത്  അകിട് വീക്കം തടയാൻ സഹായിക്കും.
15. കേരളത്തിലെ ആർദ്രത കൂടിയ കാലാവസ്ഥയിൽ മഴക്കാലത്ത് ശ്വസകോശ സംബന്ധമായ അസുഖങ്ങൾ പിടിപെടാൻ സാധ്യതയുള്ളതിനാൽ കർഷകർ ജാഗ്രത പാലിക്കേണ്ടതാണ്.
16. കൊതുക്/ഈച്ച ശല്യം നിയന്ത്രിക്കുന്നതിന് കർഷകർ മുൻകരുതൽ സ്വീകരിക്കേണ്ടതാണ്.
17. മലിനജലം കലർന്ന കുടിവെള്ളം കുടിക്കുന്നതിലൂടെ  കന്നുകാലികളിൽ വയറിളക്കം പോലുള്ള അസുഖങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ശുദ്ധമായ  കുടിവെള്ളം മാത്രം കുടിക്കാൻ നൽകുക.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :30-07-2024

sitelisthead