
ഒരു സമൂഹത്തിന്റെ ആരോഗ്യമാനത്തിന്റെ പ്രധാന സൂചികയാണ് മാതൃ മരണനിരക്ക്. ഗർഭകാലത്തോ പ്രസവത്തിനിടെയോ പ്രസവത്തിനു ശേഷം ഉണ്ടാകുന്ന സ്ത്രീകളുടെ മരണങ്ങളുടെ എണ്ണം ഇതിലൂടെ കണക്കാക്കപ്പെടുന്നു. ഇന്ത്യയിൽ ഈ നിരക്ക് കുറയ്ക്കുന്നതിൽ കേരളം കൈവരിച്ച നേട്ടം പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടതാണ്.
1999–01 കാലഘട്ടത്തിൽ കേരളത്തിലെ മാതൃത്വ മരണനിരക്ക് 149 ആയിരുന്നു. തുടർച്ചയായ ആരോഗ്യപരിപാടികളും കാര്യക്ഷമമായ പൊതുജനാരോഗ്യ സംവിധാനവും കാരണം ഈ നിരക്ക് വർഷങ്ങളായി കുറഞ്ഞുവരികയാണ്. 2021–23ൽ അത് 30 എന്ന കുറഞ്ഞ സംഖ്യയിലേക്കെത്തിക്കാനും കേരളത്തിന് സാധിച്ചു. അഖിലേന്ത്യാ ശരാശരിയായ 88നേക്കാൾ വളരെ താഴെയാണ് ഈ നിരക്ക്.
സ്ത്രീകളുടെ ഉയർന്ന സാക്ഷരതയും ആരോഗ്യബോധവുമാണ് കേരളത്തിന്റെ ഈ നേട്ടത്തിന് പിന്നിൽ. ഗർഭകാലം മുതൽ പ്രസവാനന്തരകാലം വരെ സ്ത്രീകൾക്ക് ആവശ്യമായ പരിശോധനകളും ചികിത്സയും സമയബന്ധിതമായി ലഭിക്കുന്നു. സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും മികച്ച പ്രസവ സൗകര്യങ്ങൾ കേരളത്തിൽ ലഭ്യമാണ്. മിക്ക പ്രസവങ്ങളും ആശുപത്രികളിൽ തന്നെ നടക്കുന്നതും കേരളത്തിന്റെ വലിയ പ്രത്യേകതയാണ്. പരിശീലനം നേടിയ ഡോക്ടർമാരും നഴ്‌സുമാരും അടങ്ങുന്ന ആരോഗ്യപ്രവർത്തകർ മാതൃസുരക്ഷ ഉറപ്പാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. അടിയന്തര സാഹചര്യങ്ങളിൽ രോഗികളെ ഉയർന്ന ചികിത്സാകേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള സംവിധാനങ്ങളും കാര്യക്ഷമമാണ്.
മാതൃത്വ മരണനിരക്ക് കുറയ്ക്കുന്നതിൽ കേരളം കൈവരിച്ച വിജയം ആരോഗ്യരംഗത്ത് സർക്കാർ നൽകിയ പ്രാധാന്യത്തിന്റെ ഫലമാണ്. സ്ത്രീകളുടെ വിദ്യാഭ്യാസവും ആരോഗ്യസംരക്ഷണവും സാമൂഹിക വികസനവും കൈകോർക്കുമ്പോൾ വലിയ മാറ്റങ്ങൾ സാധ്യമാണെന്നതിന് കേരളം നല്ല ഉദാഹരണമാണ്.