
നീതി ആയോഗിന്റെ ദാരിദ്ര്യസൂചിക (മൾട്ടി ഡൈമൻഷണൽ പോവർട്ടി ഇൻഡക്‌സ് (MPI)) പ്രകാരം രാജ്യത്തേറ്റവും കുറച്ച് ദരിദ്രരുള്ള സംസ്ഥാനമായി കേരളം. ദേശീയ കുടുംബാരോഗ്യ സർവേ (NFHS) അടിസ്ഥാനമാക്കിയുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്, ദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് സുസ്ഥിരമായ സാമൂഹിക വികസനത്തിലും കേരളം മുന്നിട്ടു നിൽക്കുന്നു. ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം തുടങ്ങിയ അടിസ്ഥാന സൂചികകളിൽ കൈവരിച്ച ദീർഘകാല നേട്ടങ്ങളാണ് കേരളത്തെ ഈ സ്ഥാനത്ത് എത്തിച്ചത്.
നാഷണൽ ഫാമിലി ഹെൽത്ത് സർവേ (NFHS) അടിസ്ഥാനമാക്കി തയ്യാറാക്കിയ കണക്കുകൾ പ്രകാരം, കേരളത്തിന്റെ മൾട്ടി ഡൈമൻഷണൽ ഹെഡ്കൗണ്ട് നിരക്ക് രാജ്യത്തെ ഏറ്റവും കുറവാണ് (0.55 ശതമാനം) രേഖപ്പെടുത്തിയത്. NFHS-4 (2015–16) കാലഘട്ടത്തിൽ, ഈ നിരക്ക് 0.70 ആയിരുന്നു.
തമിഴ്‌നാട്, ഗോവ, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കേരളം ഇപ്പോഴും വ്യക്തമായ മുൻതൂക്കം നിലനിർത്തുന്നു. NFHS-4 നും NFHS-5 നും ഇടയിൽ തമിഴ്‌നാട് തങ്ങളുടെ ദാരിദ്ര്യ സൂചിക 4.76 ശതമാനത്തിൽ നിന്ന് 2.20 ശതമാനമായി കുറച്ചു, അതേസമയം ഗോവ 3.76 ശതമാനത്തിൽ നിന്ന് 0.84 ശതമാനമായി കുറഞ്ഞു. ഈ സംസ്ഥാനങ്ങൾ ശക്തമായ പുരോഗതി പ്രകടിപ്പിക്കുന്നുണ്ടെങ്കിലും, അവയുടെ MPI മൂല്യങ്ങൾ കേരളത്തേക്കാൾ ഉയർന്നതാണ്. ഇത് വികസനത്തിന്റെ കാര്യത്തിൽ കേരളത്തിന്റെ പ്രകടനം മികച്ചതാണെന്ന് തെളിയിക്കുന്നു.
രണ്ട് സർവേ കാലയളവുകളിലും സംസ്ഥാനം ഏറ്റവും കുറഞ്ഞ ദാരിദ്ര്യ തീവ്രത നിരക്കാണ് രേഖപ്പെടുത്തിയത്. ദരിദ്രരായി തിരിച്ചറിഞ്ഞ ചെറിയ ശതമാനം ആളുകളിൽ പോലും, ദാരിദ്ര്യത്തിന്റെ തീവ്രതയും വ്യാപ്തിയും കുറവാണ് . ബീഹാർ, ജാർഖണ്ഡ് പോലുള്ള സംസ്ഥാനങ്ങളിൽ കൂടുതലും.
പൊതുജനാരോഗ്യം, സാർവത്രിക വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം, വികേന്ദ്രീകൃത ഭരണം എന്നിവയിൽ ദീർഘകാല പ്രവർത്തനങ്ങൾ നടത്തിയതാണ് കേരളത്തിന്റെ മുന്നേറ്റത്തിന് കാരണം. ഉയർന്ന സാക്ഷരതാനിരക്കും കാര്യക്ഷമമായ പ്രാഥമികാരോഗ്യ സംവിധാനവും സാമൂഹിക അസമത്വങ്ങൾ കുറയ്ക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. സാമൂഹിക വികസന നയങ്ങൾ വഴി, ശാശ്വത ദാരിദ്ര്യ നിർമാർജനത്തിലേക്ക് എങ്ങനെ എത്തിപെടാമെന്നതിന്റെ ഉദാഹരണമായി കേരളത്തിന്റെ മാതൃക നിലകൊള്ളുന്നു.