ഫെയ്സ്ബുക്ക്,  ഇൻസ്റ്റഗ്രാം, യൂട്യൂബ്, വാട്സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെയും എസ്.എം.എസ്, വ്യാജ വെബ്സൈറ്റുകൾ എന്നിവ വഴിയും വ്യാജ വായ്പ്പാ വാഗ്ദാനങ്ങൾ നൽകി പണം തട്ടുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കേരള പോലീസിന്റെ മുന്നറിയിപ്പ്.

ലോൺ ആപ്പുകളുടെ വ്യാജപരസ്യങ്ങൾ കണ്ട് സമീപിക്കുന്ന  പൊതുജനങ്ങളെ അംഗീകൃത ആപ്പുകൾ പോലെ തോന്നിക്കുന്ന വ്യാജ എ.പി.കെ (APK) ഫയലുകൾ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാൻ പ്രേരിപ്പിക്കുകയാണ് ആദ്യം ചെയ്യുന്നത്. പിന്നീട്  ഫോണിലെ കോൺടാക്റ്റ് വിവരങ്ങൾ, എസ്.എം.എസ്, കോൾ ഡീറ്റെയ്ൽസ്, ക്യാമറ, മൈക്രോഫോൺ, ലൊക്കേഷൻ, സ്റ്റോറേജ് തുടങ്ങിയവ നിയന്ത്രിക്കുന്നതിനുള്ള അനുമതിയും തട്ടിപ്പുകാർ നേടുന്നു. ഒപ്പം വ്യക്തിഗത വിവരങ്ങളടങ്ങിയ ആധാർ കാർഡ്, പാൻ കാർഡ്, ഫോട്ടോ, ബാങ്ക് അക്കൗണ്ട്, ജോലിസംബന്ധമായ വിവരങ്ങളടങ്ങിയ രേഖകളും കെെക്കലാക്കുന്നു. പ്രോസസിങ് ഫീ, ജി.എസ്.ടി, ഇൻഷുറൻസ്, വെരിഫിക്കേഷൻ ചാർജ്, സെക്യൂരിറ്റി ഡെപ്പോസിറ്റ്, അക്കൗണ്ട് ആക്ടിവേഷൻ ഫീ തുടങ്ങിയ പേരുകളിൽ പണം ആവശ്യപ്പെടുകയാണ് തുടർന്ന് ചെയ്യുക. 

തട്ടിപ്പുകാർക്ക് ലഭിച്ച ഫോട്ടോ മോർഫ് ചെയ്ത് കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അയച്ചുകൊടുക്കുമെന്നും വ്യാപകമായി പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി കൂടുതൽ പണം ആവശ്യപ്പെടുന്ന പ്രവണതയും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. 
  
കൂടാതെ വ്യാജമായി കൈവശപ്പെടുത്തിയ കെ.വൈ.സി (K.Y.C) രേഖകൾ ഉപയോഗിച്ച് വ്യാജ ബാങ്ക് അക്കൗണ്ടുകൾ തുറക്കുക, സിം കാർഡുകൾ എടുക്കുക, മറ്റ് വായ്പകൾ നേടുക, സാമ്പത്തിക തട്ടിപ്പുകൾ നടത്തുക തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും ചെയ്തുവരുന്നുണ്ട്. തട്ടിപ്പ് നടത്തിക്കഴിഞ്ഞാൽ ഇതിനായി ഉപയോഗിച്ച ആപ്പും വെബ്സൈറ്റും ഉപേക്ഷിക്കുകയും ശേഷം മറ്റൊരു പേരിൽ പുതിയ ആപ്പ് നിർമ്മിച്ച് വീണ്ടും സമാന തട്ടിപ്പുകൾ തുടരുകയും ചെയ്യുന്നു.
 
ഇത്തരം സൈബർ തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്. അംഗീകൃത ലോൺ ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതിന് പ്ലേസ്റ്റോർ അല്ലെങ്കിൽ ആപ്പ് സ്റ്റോർ മാത്രം ഉപയോഗിക്കുക. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരം ഉള്ള സ്ഥാപനങ്ങളിൽ നിന്ന് മാത്രം ലോൺ എടുക്കുക. എ.പി.കെ (APK) ലിങ്കുകൾ വഴി ലഭിക്കുന്ന ആപ്പുകൾ ഒരു കാരണവശാലും ഇൻസ്റ്റാൾ ചെയ്യരുത്. നമ്മുടെ സ്വകാര്യ വിവരങ്ങൾ ആവശ്യപ്പെടുന്ന ലോൺ ആപ്പുകൾ ഒഴിവാക്കുക.

വിവിധ പേരുകളിൽ മുൻകൂർ പണം ആവശ്യപ്പെടുന്ന സ്ഥാപനങ്ങളെ ഒഴിവാക്കുക. ആധാർ, പാൻ, ബാങ്ക് വിവരങ്ങൾ, ഒ.ടി.പി യു.പി.ഐ പിൻ, സി.വി.വി തുടങ്ങിയ വിവരങ്ങൾ അപരിചിതരുമായി പങ്കുവെക്കരുത്. തട്ടിപ്പുകാർ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടാൽ ഉടൻതന്നെ പോലീസിനെ വിവരം അറിയിക്കുക. അമിത പലിശയും അസാധാരണ തിരിച്ചടവും സമ്മർദ്ദവും ചെലുത്തുന്ന ലോൺ ആപ്പുകളിൽ നിന്ന് പരമാവധി വിട്ടുനിൽക്കുക.

ഏതെങ്കിലും തരത്തിലുള്ള സൈബർ സാമ്പത്തിക തട്ടിപ്പിനിരയായാൽ ഉടൻതന്നെ  1930 എന്ന സൈബർ ഹെൽപ് ലൈൻ നമ്പറിലോ www.cybercrime.gov.in എന്ന ദേശീയ സൈബർ ക്രൈം പോർട്ടൽ വഴിയോ പരാതി നൽകേണ്ടതാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :29-07-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo