തച്ചനാടന്‍,തച്ചനാടന്‍ മൂപ്പന്‍

വയനാട് ജില്ലയില്‍ മാത്രമാണ് തച്ചനാടന്‍ മൂപ്പന്‍ കാണപ്പെടുന്നത്. ഈ സമൂഹവും 2003 മുതലാണ് കേരളത്തിലെ പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ കൂട്ടത്തില്‍ ഇടംപിടിച്ചത്. യഥാര്‍ത്ഥത്തില്‍ ഈ സമുദായം അറിയപ്പെട്ടിരുന്നത് 'കൂടമ്മാര്‍' എന്നാണ്. ഇവര്‍ നിലമ്പൂരിലെ 'തച്ചനാട്' എന്ന പ്രദേശത്ത് നിന്നാണ് വന്നതെന്നും അതിനാല്‍ ഈ പേര് ലഭിച്ചെന്നും പറയപ്പെടുന്നു. ഇവര്‍ മലയാളം സംസാരിക്കുന്നു. 

തച്ചനാടന്‍ മൂപ്പന് എല്ലാ സെറ്റില്‍മെന്റിലും രണ്ട് തലവന്മാര്‍ ഉണ്ടായിരിക്കും. തര്‍ക്കങ്ങള്‍ തീര്‍ക്കുകയും വിവാഹങ്ങള്‍ ക്രമീകരിക്കുകയും പുരുഷദൈവങ്ങള്‍ക്ക് വഴിപാടുകള്‍ നടത്തുകയും ചെയ്യുന്ന മുതിര്‍ന്നയാളുകളെ 'മുത്തലൈ' എന്ന് വിളിക്കുന്നു.'എളേരി' ആണ് രണ്ടാമത്തെ തലവന്‍. ഇദ്ദേഹം പുരോഹിതനും മാന്ത്രികനും വിവാഹത്തിന്റെ തീയതിയും സമയവും നിശ്ചയിക്കാന്‍ കഴിവുള്ള വ്യക്തിയുമാണ്. കൂടാതെ സ്ത്രീ ദേവതകള്‍ക്ക് വഴിപാടുകള്‍ നടത്തുകയും ചെയ്യുന്നു. ഇവര്‍ നാമമാത്ര കര്‍ഷകരാണ്. മുളകൊണ്ടുള്ള കുട്ട നിര്‍മ്മാണത്തിലും, മരപ്പണിയിലും ഇവര്‍ വിദഗ്ധരാണ്. എന്നാല്‍ പ്ലാസ്റ്റിക് കുട്ടകളുടെ പ്രവേശനം ഇവരുടെ പരമ്പരാഗത തൊഴിലിനെ ബാധിച്ചു.

തച്ചനാടന്‍ സമുദായത്തിലെ 391 കുടുംബങ്ങളില്‍ 390 എണ്ണവും വയനാട് ജില്ലയിലാണ്. കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തില്‍ ഒരു കുടുംബം മാത്രമാണ് താമസിക്കുന്നത്. ഇവരുടെ ആകെ ജനസംഖ്യ 1649 ആണ്. ഇതില്‍ 1646 വയനാട് ജില്ലയിലും, 3 കോഴിക്കോട് ജില്ലയിലുമാണ്. തച്ചനാടന്‍ സമുദായത്തിന്റെ കുടുംബ വലിപ്പം 4.22 ആണ്. 814 പുരുഷന്മാരും 835 സ്ത്രീകളുമാണ് സമുദായത്തിലുള്ളത്. ലിംഗാനുപാതം 1000 : 1026 ആണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 11-04-2024

ലേഖനം നമ്പർ: 1375

sitelisthead