മലൈ പണ്ടാരം

കൊല്ലം ജില്ലയുടേയും പത്തനംതിട്ട ജില്ലയുടേയും കിഴക്കന്‍ മലയോര മേഖലകളിലാണ് മലൈ പണ്ടാരങ്ങള്‍ കാണപ്പെടുന്നത്. ധാരാളം തമിഴ്, മലയാളം ശൈലികളുള്ള ഒരു ഭാഷയാണ് അവര്‍ സംസാരിക്കുന്നത്. മലൈ പണ്ടാരത്തിന്റെ സാമൂഹിക ഘടന ഒരു പ്രാദേശിക നാടോടി വനസമൂഹത്തിന്റേതാണ്. ഈ സമൂഹം കുറച്ചുകാലം ഒരിടത്ത് തുടരുകയും പിന്നീട് തടി ഇതര വന ഉല്‍പന്നങ്ങള്‍ തിരഞ്ഞ് മറ്റൊരിടത്തേക്ക് പോകുകയും ചെയ്യുന്നു. ഈ പ്രദേശങ്ങള്‍ തിരിച്ചുള്ള ഗ്രൂപ്പിനെ 'കൂട്ടം' എന്നുപറയുന്നു. ഇവരുടെ തലവന്‍ 'മുട്ടുകാണി' എന്ന് അറിയപ്പെടുന്നു. ആചാരങ്ങളുടെ തലവനും ഇദ്ദേഹം തന്നെ.

പണ്ട് തിരുവിതാംകൂറില്‍ തടി ഇതര വനഉല്‍പ്പന്നങ്ങളുടെ മികച്ച സമ്പാദകരായി മലൈ പണ്ടാരങ്ങള്‍ അറിയപ്പെട്ടിരുന്നു. അത് അവര്‍ ഉപജീവനത്തിനും കച്ചവടത്തിനുമായി ഉപയോഗിച്ചിരുന്നു. പണ്ട് അവര്‍ അവശ്യവസ്തുക്കള്‍ ലഭിക്കുന്നതിന് മലയോര ഉല്‍പന്നങ്ങള്‍ കൈമാറുന്നതിനായി വ്യാപാരികളുമായി ബന്ധപ്പെട്ടിരുന്നു. ഇപ്പോഴും ഉപജീവനത്തിനായി അവര്‍ വനവിഭവങ്ങളെയാണ് ആശ്രയിക്കുന്നത്. സാക്ഷരരായ ഒരു തലമുറയുണ്ടാക്കാന്‍ വികസന പദ്ധതികളൊന്നും അവരെ സഹായിച്ചില്ല. അവര്‍ക്ക് സമൂഹ കേന്ദ്രീകൃതമായി ഉപജീവനം മെച്ചപ്പെടുത്തുന്നതിനുള്ള പ്രത്യേക സംരംഭങ്ങള്‍ ആവശ്യമാണ്.

മലൈപണ്ടാരം സമുദായത്തില്‍ 514 കുടുംബങ്ങളുണ്ട്. മൊത്ത ജനസംഖ്യ 1662 ആണ്. അവരുടെ കുടുംബ വലുപ്പം 3.23 ആണ്. ഇത് സംസ്ഥാന ശരാശരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ കുറവാണ്. ജനസംഖ്യയില്‍ 821 പുരുഷന്മാരും 841 സ്ത്രീകളും ഉള്‍പ്പെടുന്നു. അതിനാല്‍ ലിംഗാനുപാതം 1000 : 1024 ആണ്. ഏകദേശം 97 ശതമാനം മലൈപണ്ടാരം കുടുംബങ്ങളും കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് താമസിക്കുന്നത്. ബാക്കിയുള്ളവ കോട്ടയം, ഇടുക്കി ജില്ലകളില്‍ സ്ഥിതി ചെയ്യുന്നു. മൊത്ത ജനസംഖ്യ 16 ഗ്രാമപഞ്ചായത്തുകളിലായും ഒരു മുനിസിപ്പാലിറ്റിയിലുമായി വിന്യസിച്ചിരിക്കുന്നു. എന്നിരുന്നാലും, കൊല്ലം ജില്ലയിലെ പിറവന്തൂര്‍, ആരിയങ്കാവ് എന്നിവിടങ്ങളിലും പത്തനംതിട്ട ജില്ലയിലെ റാന്നി, പെരുനാട്, സീതത്തോട്, അരുവാപ്പുലം എന്നീ ഗ്രാമപഞ്ചായത്തുകളിലുമാണ് മലൈപണ്ടാരങ്ങളില്‍ ഭൂരിഭാഗവും സ്ഥിരതാമസമാക്കിയിട്ടുള്ളത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 11-04-2024

ലേഖനം നമ്പർ: 1363

sitelisthead