മലവേട്ടുവൻ (കാസർഗോഡ്, കണ്ണൂർ ജില്ലകൾ)

മലവേട്ടുവൻ സമുദായത്തെ 2003 ലെ ഭേദഗതി വരെ ഒഇസി പട്ടികയിലാണ് ഉൾപ്പെടുത്തിയിരുന്നത്. ഭേദഗതിയ്ക്ക് (ആക്ട് 10, 2003) ശേഷം കേരളത്തിലെ പട്ടികവർഗ്ഗ പട്ടികയിലേക്കുള്ള പുതിയ പ്രവേശനമാണ് മലവേട്ടുവൻ സമുദായത്തിന്റേത്. കാസർകോട്, കണ്ണൂർ ജില്ലകളിലെ മലപ്രദേശങ്ങളിൽ മാത്രമാണ് ഇവർ വിന്യസിച്ചിരിക്കുന്നത്. ഇവർ മലയാളവും തുളുവും ചേർന്ന ഭാഷ സംസാരിക്കുന്നു.

പാരമ്പര്യമനുസരിച്ച് അതത് ഭൂവുടമകൾ നിയമിക്കുന്ന മലവേട്ടുവന്മാരുടെ തലവനെ 'കിരൺ' എന്ന് വിളിക്കുന്നു. 'കിരൺ' അവരുടെ ഭൂവുടമയിൽ നിന്ന് ഉത്തരവ് വാങ്ങി തൊഴിലാളികളെ വിതരണം ചെയ്യുന്നു. എന്നാൽ 'കിരൺ' സ്ഥാനത്തിന് നിലവിൽ പ്രസക്തിയില്ല. ഓരോ സെറ്റിൽമെന്റിനും പൊതുവായ 'മൂപ്പൻ' എന്നറിയപ്പെടുന്ന ഒരു നേതാവ് ഉണ്ട്. പരമ്പരാഗതമായി മലവേട്ടുവന്മാർ 'പുനംകൊത്തി'ൽ വിദഗ്ധരാണ്. ഇപ്പോൾ അവർ പ്രധാനമായും കൃഷിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. നിലവിൽ ഇവരുടെ പ്രദേശം പിന്നാക്കമാണ്. ഇവർ സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്നു. എന്നാലും ഈ സമൂഹം സംഘടിതവും വികസന സംരംഭങ്ങളോട് അനുഭാവവുമുള്ളവരാണ്.

മലവേട്ടുവൻ സമുദായം കണ്ണൂർ, കാസർഗോഡ് എന്നീ രണ്ട് ജില്ലകളിൽ മാത്രമാണ് താമസിക്കുന്നത്. ഇവരുടെ ജനസംഖ്യ കാസർഗോഡിൽ 93.09 ശതമാനവും കണ്ണൂരിൽ 6.91 ശതമാനവുമാണ്. മലവേട്ടുവന്റെ ആകെയുള്ള 4586 കുടുംബങ്ങളിൽ 4259 പേരും കാസർഗോഡിലാണ് താമസം. 19728 മൊത്ത ജനസംഖ്യയിൽ, കാസർഗോഡ് 18364 ഉം, ബാക്കിയുള്ള 1364 ആളുകൾ കണ്ണൂരിലുമായാണ് താമസിക്കുന്നത്. ഇവരുടെ കുടുംബ വലുപ്പം 4.30 ആണ്. ജനസംഖ്യയിൽ 9744 പുരുഷന്മാരും 9984 സ്ത്രീകളുമാണുള്ളത്. ലിംഗാനുപാതം 1000 : 1024 ആണ്. കാസർഗോഡ് ജില്ലയിലെ കുറ്റിക്കോൽ, ബളാൽ, കള്ളാർ, കോടോംബേളൂർ, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, കിനാനൂർ-കരിന്തളം എന്നിങ്ങനെ 7 ഗ്രാമപഞ്ചായത്തുകളിൽ മലവേട്ടുവൻ സമുദായത്തിന് ഗണ്യമായ ജനസംഖ്യയുണ്ട്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 11-04-2024

ലേഖനം നമ്പർ: 1374

sitelisthead