ഹില്‍ പുലയ, മല പുലയന്‍, കുറുമ്പ പുലയന്‍, കരവഴി പുലയന്‍, പാമ്പ പുലയന്‍

ഇടുക്കി ജില്ലയില്‍ മാത്രമാണ് മല പുലയര്‍ കാണപ്പെടുന്നത്. ഇവര്‍ പ്രധാനമായും കാന്തല്ലൂര്‍, മറയൂര്‍ ഗ്രാമപഞ്ചായത്തുകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഈ രണ്ട് ഗ്രാമപഞ്ചായത്തുകളിലെ മല പുലയരുടെ ജനസംഖ്യ യഥാക്രമം 1797 ഉം 1436 ഉം ആണ്. ചിന്നക്കനാല്‍ ഗ്രാമപഞ്ചായത്തില്‍ അവരുടെ ജനസംഖ്യ 171 ആണ്. കട്ടപ്പന, ശാന്തന്‍പാറ എന്നീ ഗ്രാമപഞ്ചായത്തുകളിലായും മല പുലയര്‍ ചിതറിക്കിടക്കുന്നുണ്ട്. 3415 ജനസംഖ്യയുള്ള 960 കുടുംബങ്ങളാണ് മല പുലയരുടേത്. കുടുംബത്തിന്റെ വലിപ്പം 3.56 ആണ്. 1709 പുരുഷന്മാരും 1706 സ്ത്രീകളുമുള്ള സമുദായത്തിന്റെ ലിംഗാനുപാതം 1000 : 998 ആണ്. ഇത് സംസ്ഥാന ശരാശരിയേക്കാള്‍ താഴെയാണ്.

മല പുലയരെ കുറുമ്പ പുലയന്‍, കരവഴി പുലയന്‍, പമ്പ പുലയന്‍ എന്നിങ്ങനെ മൂന്ന് ഉപവിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ 'അഞ്ചുനാട്' പ്രദേശത്ത് മാത്രമാണ് കുറുമ്പ പുലയന്‍മാര്‍ കാണപ്പെടുന്നത്. തമിഴ്‌നാട്ടില്‍ നിന്നുള്ള ആദ്യകാല കുടിയേറ്റക്കാരാണ് ഇവര്‍. കുറുമ്പ പുലയന്മാര്‍ മറ്റ് രണ്ട് വിഭാഗങ്ങളെ അപേക്ഷിച്ച് സാമൂഹിക പദവിയില്‍ ഉയര്‍ന്നവരാണെന്ന് സ്വയം കരുതുന്നു. ഈ മൂന്ന് ഗ്രൂപ്പുകളുടെയും സെറ്റില്‍മെന്റുകള്‍ വെവ്വേറെയാണ്. കുറുമ്പ പുലയന്‍മാര്‍ വനമേഖലകളിലും മറയൂര്‍, കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്തുകളിലെ സമതല പ്രദേശങ്ങളില്‍ കരവഴി പുലയന്‍മാരും കാണപ്പെടുന്നു. ഇടുക്കി ജില്ലയിലെ ചിന്നാര്‍ വന്യജീവി സങ്കേത മേഖലയിലാണ് പമ്പ പുലയന്മാരെ കാണുന്നത്. ഇവരെല്ലാം വളരെ കുറച്ച് മലയാളം വാക്കുകള്‍ ഉള്‍പ്പെടുന്ന തമിഴിനോട് സാദൃശ്യമുള്ള ഒരു ഭാഷ സംസാരിക്കുന്നു.

കുറുമ്പ പുലയന്‍ സമുദായത്തിന്റെ തലവനെ 'അരസന്‍'എന്ന് വിളിക്കപ്പെടുന്നു. കരവഴി പുലയന്‍ സമുദായത്തിന്റെ തലവന്‍ 'കുടുംബന്‍' എന്നും അറിയപ്പെടുന്നു. അദ്ദേഹത്തിന് 'വാരിജന്‍', 'കോല്‍ക്കാരന്‍' എന്നീ പേരുകളില്‍ സഹായികളും അനുയായികളും ഉണ്ടായിരിക്കും. കുറുമ്പ പുലയന്‍ ഭക്ഷണം ശേഖരിക്കുന്നവരും വേട്ടയാടുന്നവരുമായിരുന്നു. അവര്‍ ഇഞ്ചി പുല്ല് കൃഷി ചെയ്യുകയും എണ്ണ വേര്‍തിരിച്ചെടുക്കുകയും ചെയ്യുന്നു. കൂടാതെ ഇവര്‍ ആടുവളര്‍ത്തലിലും വിദഗ്ധരാണ്. മറുവശത്ത് കരവഴി പുലയന്മാര്‍ സ്വന്തമായി ഭൂമിയില്ലാത്ത കര്‍ഷക തൊഴിലാളികളാണ്. നിലവില്‍ ഈ രണ്ട് പ്രധാന വിഭാഗങ്ങളും കൂലിപ്പണിക്കാരാണ്.

കരവഴി പുലയന്മാര്‍ നാടോടി നൃത്തത്തിന്റെ വര്‍ണ്ണാഭമായ പല രൂപങ്ങളും പിന്തുടരുന്നു. നൃത്തം ദൈവങ്ങളെ പ്രസാദിപ്പിക്കുമെന്നും അനുഗ്രഹം നല്‍കുമെന്നും അവര്‍ വിശ്വസിക്കുന്നു. ഈ നാടന്‍ പാട്ടുകളും നൃത്തങ്ങളും ദേശീയ വേദികളില്‍ അവതരിപ്പിക്കാനുള്ള അവസരം വരെ അവര്‍ക്ക് ലഭിച്ചിട്ടുണ്ട്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 11-04-2024

ലേഖനം നമ്പർ: 1354

sitelisthead