കൊറഗ

കാസര്‍കോട് ജില്ലയിലും കര്‍ണാടകയുടെ സമീപ പ്രദേശത്തും മാത്രമാണ് കൊറഗകള്‍ വിന്യസിച്ചിരിക്കുന്നത്. 1913-ല്‍ ക്രിസ്തുമതം സ്വീകരിച്ച തൊണ്ണൂറ് കുടുംബങ്ങള്‍ 311 ഏക്കര്‍ ഭൂമിയുള്ള മഞ്ചേശ്വരം പാവൂര്‍ കോളനിയില്‍ താമസിക്കുന്നുണ്ട്. ഇവര്‍ക്ക് മഹത്തായ ഒരു ചരിത്രമുണ്ട്. ഹുബാഷിക രാജയുടെ കീഴില്‍ ഒരു കൊറഗ പ്രദേശം തന്നെ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ ഭരണാധികാരികളുടെ അടിമകളായി. 'കോര' എന്നാല്‍ സൂര്യന്‍ എന്നര്‍ത്ഥമാകുന്നു. ഇവര്‍ സൂര്യനെ ആരാധിക്കുന്നുവെന്നും അതിനാല്‍ ' കൊറഗ' എന്ന പദം അതില്‍ നിന്ന് ഉത്ഭവിച്ചു എന്നും കരുതപ്പെടുന്നു. അവര്‍ തുളു സംസാരിക്കുന്നു.

ഇവര്‍ 'മത്താടി'കളില്‍ (സെറ്റില്‍മെന്റുകള്‍) ജീവിക്കുന്നു. സാമൂഹികവും സാംസ്‌കാരികവുമായ ആചാരങ്ങളെ നിയന്ത്രിക്കുന്ന തലവന്‍ 'കൊപ്പു' അല്ലെങ്കില്‍ 'ഗുരു കാര' എന്നാണ് അറിയപ്പെടുന്നത്. തീരുമാനങ്ങള്‍ എടുക്കുന്നതിനും ശിക്ഷകള്‍ നല്‍കുന്നതിനും മുതിര്‍ന്നവരുടെ ഒരു കൗണ്‍സില്‍ കൂടി അവര്‍ക്കുണ്ടായിരുന്നു. കൊറഗകളെ അടിമകളായി കണക്കാക്കി യജമാനന്മാര്‍ ഭൂമിയോടൊപ്പം വിറ്റു. ഇവര്‍ കൊട്ട നിര്‍മാണം, മുറ നിര്‍മാണം, തൊട്ടില്‍ നിര്‍മാണം എന്നിവയിലെല്ലാം വിദഗ്ധരാണ്. ഇതിനായി ഇവര്‍ സമീപ വനങ്ങളില്‍ നിന്ന് മുള, ചൂരല്‍, വള്ളിച്ചെടികള്‍ തുടങ്ങിയ അസംസ്‌കൃത വസ്തുക്കള്‍ ശേഖരിക്കുന്നു.

നിലവില്‍ സമൂഹം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നു. കൊറഗയ്ക്ക് ആസൂത്രിതമായ വികസനത്തിലൂടെ മാത്രമേ മുന്നേറാന്‍ സാധിക്കൂ. ഇവരുടെ സാമ്പത്തിക ഉന്നമനത്തിനും സാമൂഹിക അസമത്വങ്ങളില്‍ നിന്നുള്ള മോചനത്തിനുമായി മികച്ച ശ്രമം നടത്തണ്ടേതുണ്ട്.

കാസര്‍ഗോഡ് ജില്ലയിലെ 11 ഗ്രാമപഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലുമായി കൊറഗ സമുദായത്തിലെ 445 കുടുംബങ്ങള്‍ താമസിക്കുന്നു. കൊറഗ സമുദായത്തിലെ ജനസംഖ്യ 1644 ആയതിനാല്‍, ഇവരുടെ കുടുംബത്തിന്റെ വലിപ്പം 3.69 ആണ്. ഇതില്‍ 802 പുരുഷന്മാരും 842 സ്ത്രീകളും ഉള്‍പ്പെടുന്നു. ലിംഗാനുപാതം 1000:1050 ആണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 11-04-2024

ലേഖനം നമ്പർ: 1381

sitelisthead