കരിമ്പാലന്‍

കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലാണ് കരിമ്പാലന്‍മാര്‍ കാണപ്പെടുന്നത്. ഇവരുടെ പേര് 'കരി' ശേഖരിക്കുന്ന ഇവരുടെ തൊഴിലില്‍ നിന്നാണ് ഉത്ഭവിച്ചത് എന്ന് കരുതപ്പെടുന്നു. 2003ലാണ് കരിമ്പാലന്‍മാരെ പട്ടികജാതി പട്ടികവര്‍ഗ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഈ സമുദായത്തിന്റെ തലവനെ 'കാര്‍ണവര്‍' എന്ന് പറയുന്നു. പക്ഷേ ഇവരുടെ സ്ഥാനം ഇപ്പോള്‍ ദുര്‍ബലമായി. വിവാഹങ്ങളെ നിയന്ത്രിക്കുന്ന കരിമ്പാലന്റെ സംഘടന 'തറവാടികള്‍' എന്നറിയപ്പെടുന്നു. പരമ്പരാഗതമായി, ഇവര്‍ കൃഷി, കൊട്ടനിര്‍മാണം, കൂലിപ്പണി, തോട്ടങ്ങളില്‍ മരംമുറി, തടി ശേഖരണം, മുള ശേഖരണം എന്നിവയില്‍ ഏര്‍പ്പെട്ടിരുന്നു. നിലവില്‍ ഇവര്‍ സ്ഥിരതാമസമാക്കി കൃഷി ചെയ്യുന്നവരാണ്. ഇവര്‍ കര്‍ഷകത്തൊഴിലാളികളായും ജോലി ചെയ്യുന്നു. യുവതലമുറ പുതിയ തൊഴില്‍ വൈദഗ്ധ്യം നേടിയെടുക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഈ പ്രദേശത്ത് താമസിക്കുന്ന മറ്റ് പട്ടികവര്‍ഗ സമുദായങ്ങളെക്കാള്‍ വളരെ മുന്നിലാണ് ഈ സമൂഹം.

കരിമ്പാലന്‍ സമുദായത്തിലെ 3765 കുടുംബങ്ങളില്‍ 2526 പേര്‍ കണ്ണൂര്‍ ജില്ലയിലും 1199 പേര്‍ കോഴിക്കോട്ടും വയനാട്ടില്‍ 39 ഉം, മലപ്പുറം ജില്ലയില്‍ ഒരു കുടുംബവുമാണുള്ളത്. കരിമ്പാലന്‍ സമൂഹത്തിന്റെ ജനസംഖ്യ 14768 ആണ്. ഇതില്‍ 7254 പുരുഷന്മാരും 7514 സ്ത്രീകളും ഉള്‍പ്പെടുന്നു. ഇവരുടെ കുടുംബ വലുപ്പം 3.92 ആണ്. സ്ത്രീ-പുരുഷ അനുപാതം 1000 : 1036 ഉം. 4 മുനിസിപ്പാലിറ്റികളും 43 ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെടെ 47 തദ്ദേശസ്ഥാപനങ്ങളിലാണ് കരിമ്പാലന്‍ കുടുംബങ്ങള്‍ താമസിക്കുന്നത്. കണ്ണൂരില്‍ നടുവില്‍, ഉദയഗിരി, ആലക്കോട്, ഉളിക്കല്‍ എന്നീ 4 ഗ്രാമപഞ്ചായത്തുകളിലായാണ് കരിമ്പാലന്‍ ജനസംഖ്യ പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 11-04-2024

ലേഖനം നമ്പർ: 1377

sitelisthead