ചോലനായിക്കന്‍

മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താഴ്വരയിലെ കരുളായി, വഴിക്കടവ് ഫോറസ്റ്റ് റേഞ്ചുകളിലെ നിത്യഹരിത വനങ്ങളില്‍ മാത്രമാണ് ചോലനായിക്കന്മാരെ കാണപ്പെടുന്നത്. ഇവര്‍ ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ട് ഇടതൂര്‍ന്ന ഉഷ്ണമേഖലാ മഴക്കാടുകളില്‍ പൂര്‍ണ്ണമായും ജീവിതം നയിക്കുന്നു. 'ചോല' എന്നാല്‍ തണല്‍ എന്നും 'നായിക്കന്‍' അല്ലെങ്കില്‍ 'നായകന്‍' എന്നാല്‍ നേതാവെന്നുമാണ് അര്‍ത്ഥം. കന്നഡയും മലയാളവും കലര്‍ന്നതാണ് ഇവരുടെ സംസാര ഭാഷ.

'ജെമ്മോം' എന്നറിയപ്പെടുന്ന പത്ത് കുഗ്രാമങ്ങളിലായാണ് കൊടുംകാടുകളില്‍ ചോലനായിക്കന്‍മാര്‍ വിന്യസിച്ചിരിക്കുന്നത്. സാമൂഹ്യ രാഷ്ട്രീയ മതപരമായ പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കാന്‍ ഓരോ 'ജെമ്മോ'മിനും 'ജെമ്മക്കാരന്‍' എന്നൊരു നേതാവുണ്ടായിരിക്കും. ഓരോ ജെമ്മോമായും ബന്ധപ്പെട്ട കുടുംബങ്ങള്‍ മറ്റ് ജെമ്മോമുകളുടെ അവകാശങ്ങള്‍ ലംഘിക്കുന്നില്ല. അവര്‍ ജെമ്മോമുകള്‍ക്ക് പുറത്തുള്ള വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നു.

കേരളത്തിലെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ ചോലനായ്ക്കന് അതിവിശിഷ്ട സ്ഥാനമുണ്ട്. ഇവര്‍ മാത്രമാണ് ഉപഭോഗത്തിനും വിനിമയത്തിനും വില്‍പനയ്ക്കും വേണ്ടി തടി ഇതര വന ഉല്‍പന്നങ്ങളെ മാത്രം ആശ്രയിക്കുന്ന ഏക സമൂഹം. ഇവരുടെ പ്രദേശം തടി ഇതര വന ഉല്‍പ്പന്നങ്ങളാല്‍ സമൃദ്ധവുമാണ്. ഇവര്‍ തങ്ങളുടെ വനജീവിതത്തിന്റെ ഭൂരിഭാഗവും പ്രകൃതിദത്തമായ പാറക്കൂട്ടങ്ങളിലാണ് ചെലവഴിക്കുന്നത്. ഇവര്‍ ആഴ്ചയിലൊരിക്കല്‍ 'പൂണിക്കോട്ട' എന്ന വലിയ മുള കൊട്ടയില്‍ തടി ഇതര വന ഉല്‍പ്പന്നങ്ങള്‍ ചുമലിലേറ്റി നിലമ്പൂരിലെ കല്‍ക്കുളം കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെത്തുന്നു. വിവിധ 'ജെമ്മോംമു'കളില്‍ ഉള്‍പ്പെടുന്ന എല്ലാ അംഗങ്ങളുടെയും ഒരു മീറ്റിംഗ് പോയിന്റായി സൊസൈറ്റി പ്രവര്‍ത്തിക്കുന്നു.

409 ജനസംഖ്യയുള്ള ചോളനായ്ക്കന്‍ സമുദായത്തില്‍ 101 കുടുംബങ്ങളുണ്ട്. മലപ്പുറം ജില്ലയിലെ അമരമ്പലം, കരുളാരി, വഴിക്കടവ് എന്നീ മൂന്ന് ഗ്രാമപഞ്ചായത്തുകളിലായാണ് എല്ലാവരും താമസിക്കുന്നത്. ചോളനായ്ക്കന്‍ സമുദായത്തിന്റെ കുടുംബ വലുപ്പം 4.05 ആണ്. ജനസംഖ്യയില്‍ 223 പുരുഷന്മാരും 186 സ്ത്രീകളും ഉള്‍പ്പെടുന്നു. ചോളനായ്ക്കന്റെ ലിംഗാനുപാതം 1000:834 ആണ്. ഇത് പട്ടികവര്‍ഗ്ഗ സമുദായങ്ങളില്‍ ഏറ്റവും താഴ്ന്ന നിരക്കാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 11-04-2024

ലേഖനം നമ്പർ: 1383

sitelisthead