ഉളളാടന്‍

ഉള്ളാടന്മാര്‍ പ്രാദേശികമായി കൊച്ചുവേലന്‍ എന്നറിയപ്പെടുന്നു. പത്തനംതിട്ട ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളിലാണ് ഇവര്‍ താമസിക്കുന്നത്. 'ഉള്ളു' എന്നാല്‍ വനപ്രദേശങ്ങള്‍ എന്നും 'അലിയവര്‍' എന്നാല്‍ ഭരിക്കുന്നവര്‍ എന്നുമാണ് അര്‍ത്ഥം. അവരുടെ യഥാര്‍ത്ഥ വാസസ്ഥലങ്ങള്‍ വനപ്രദേശങ്ങളായിരുന്നുവെന്നും, പിന്നീട് ഇവര്‍ സമതല പ്രദേശങ്ങളിലേക്ക് ഇറങ്ങി താമസമാക്കി എന്നും വിശ്വസിക്കപ്പെടുന്നു. ഇവരുടെ പരമ്പരാഗത ഭാഷ നിലവില്‍ ഉപയോഗത്തിലില്ല. മലയാളമാണ് ഇവര്‍ ഇപ്പോള്‍ സംസാരിക്കുന്നത്. ഉള്ളാടന്‍ സമുദായത്തിന്റെ തലവന്‍ 'കണിക്കാരന്‍' എന്നാണ് പൊതുവെ അറിയപ്പെടുന്നത്. മുതിര്‍ന്നവരുടെ കൗണ്‍സിലിന്റെ തലവനും ഇദ്ദഹമാണ്.

അവര്‍ പണ്ട് അര്‍ദ്ധ നാടോടികളായിരുന്നു. പ്രാദേശിക വിപണികളില്‍ വില്‍ക്കുന്ന ഔഷധസസ്യങ്ങള്‍ ശേഖരിക്കുന്നതില്‍ അവര്‍ക്ക് തദ്ദേശീയമായ അറിവുണ്ട്. ഔഷധ സസ്യങ്ങളുടെ ശേഖരണത്തിനായി പുണ്യസ്ഥലങ്ങളായി കരുതുന്ന ഇടങ്ങളില്‍പ്പോലും പ്രവേശിക്കാനുള്ള അവകാശമുണ്ട് ഇവര്‍ക്ക്. കുട്ടനാടിന്റെ പടിഞ്ഞാറ് കായല്‍ തീരത്ത് താമസിക്കുന്ന ഉള്ളാടന്മാര്‍ നല്ല മരപ്പണിക്കാരാണ്. കൂടാതെ ഇവരുടെ തോണി നിര്‍മ്മാണത്തിലുള്ള വൈദഗ്ധ്യം പേരുകേട്ടതുമാണ്. കാലക്രമത്തില്‍ ഇവര്‍ മരം വെട്ടുന്നവരായി മാറി. തടി ഇതര വന ഉല്‍പ്പന്നങ്ങള്‍, പ്രത്യേകിച്ചും തേന്‍ ശേഖരണത്തിലൂടെ അവര്‍ ഉപജീവനം കഴിക്കുന്നു. ഇന്ന് ഇവരില്‍ ഏറിയ പങ്കും കാര്‍ഷിക മേഖലയിലെ തൊഴിലാളികളാണ്. നഗര, അര്‍ദ്ധ നഗര സമതല പ്രദേശങ്ങളില്‍ സ്ഥിരതാമസമാക്കിയ ഉള്ളാടന്മാര്‍ വികസനത്തോടും പുരോഗതിയോടും പ്രതികരിച്ചിട്ടുണ്ട്.

ഉള്ളാടന്‍ സമുദായം 12 ജില്ലകളിലും (പാലക്കാടും കണ്ണൂരും ഒഴികെ) 263 തദ്ദേശ സ്ഥാപനങ്ങളിലും സ്ഥിരതാമസമാക്കിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളില്‍ ഒരു കോര്‍പ്പറേഷന്‍ (കൊച്ചി), 17 മുനിസിപ്പാലിറ്റികള്‍, 245 ഗ്രാമപഞ്ചായത്തുകള്‍ എന്നിവ ഉള്‍പ്പെടുന്നു. കേരളത്തിലെ ഏറ്റവും കൂടുതല്‍ പഞ്ചായത്ത് രാജ് സ്ഥാപനങ്ങളിലെ പ്രാതിനിധ്യം ഉള്ളാടന്‍ സമുദായത്തിന് അവകാശപ്പെട്ടതാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നിവയാണ് ഉള്ളാടന്‍ സമുദായത്തിന്റെ ഗണ്യമായ ജനസംഖ്യയുള്ള 5 ജില്ലകള്‍.

ഉള്ളാടന്‍ സമുദായത്തില്‍ 4864 കുടുംബങ്ങളുണ്ട്. ഇവരുടെ ജനസംഖ്യ 17557 ആണ്. ഇതില്‍ 8560 പുരുഷന്മാരും 8997 സ്ത്രീകളും ഉള്‍പ്പെടുന്നു. കുടുംബത്തിന്റെ വലുപ്പം 3.61 ഉം ലിംഗാനുപാതം 1000 : 1051 ഉം ആണ്. സമുദായത്തിലെ ജനസംഖ്യ ഗ്രാമപഞ്ചായത്തുകളില്‍ വന്‍തോതില്‍ വിതരണം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും 500-ന് മുകളില്‍ ജനസംഖ്യ രേഖപ്പെടുത്തിയിട്ടുള്ളത് ചുരുക്കം ഗ്രാമപഞ്ചായത്തുകളില്‍ മാത്രമാണ്. ചിറ്റാര്‍, നാറാണംമൂഴി (പത്തനംതിട്ട ജില്ല), മുണ്ടക്കയം (കോട്ടയം ജില്ല), ഇടുക്കി കഞ്ഞിക്കുഴി (ഇടുക്കി ജില്ല), കുട്ടമ്പുഴ (എറണാകുളം ജില്ല) എന്നിവ ഉദാഹരണങ്ങളാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 11-04-2024

ലേഖനം നമ്പർ: 1372

sitelisthead