മലൈ വേടന്‍, മലവേടന്‍

പ്രധാനമായും കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് മലവേടന്മാര്‍ കാണപ്പെടുന്നത്. അവയുടെ സമീപ പ്രദേശങ്ങളിലും ഇവര്‍ ചിതറിക്കിടക്കുന്നു. ഇവര്‍ ദ്രാവിഡ വംശത്തിന് മുമ്പുള്ള വിഭാഗത്തില്‍പ്പെട്ടതായി കണക്കാക്കപ്പെടുന്നു. അവര്‍ തമിഴും മലയാളവും ഭാഷകള്‍ സംസാരിക്കുന്നു.

സാമൂഹിക ഘടനയില്‍, ഇവരെ അഞ്ച് ഉപവിഭാഗങ്ങളായി തിരിച്ചിരിക്കുന്നു- 'തോല്‍വേടന്മാര്‍', 'ചീങ്കണ്ണിവേടന്മാര്‍', 'ചെറുവേടന്മാര്‍', 'എലിചത്വേടന്മാര്‍', 'വലിയവേടന്മാര്‍'. പരമ്പരാഗതമായി തലവന്‍ ഔഷധങ്ങള്‍ നല്‍കുന്ന ആളായിരിക്കും. ഭക്ഷണ ശേഖരണവും വേട്ടയാടലും കൊണ്ട് പ്രധാനമായും ഉപജീവനം കഴിച്ചിരുന്ന മലവേടന്മാര്‍ ഇപ്പോള്‍ കൂലി തൊഴിലാളികളായി മാറിയിരിക്കുന്നു. സ്ത്രീകളും പുരുഷന്മാരും ഔഷധ സസ്യങ്ങള്‍ ശേഖരിക്കുന്നതില്‍ വിദഗ്ധരാണ്. നിലവില്‍ ഇവരുടെ എല്ലാ പരമ്പരാഗത വിഭവങ്ങളും നഷ്ടപ്പെടുകയും ബാഹ്യപിന്തുണയെ ആശ്രയിക്കുകയും ചെയ്യുകയാണ്. 

മലവേടന്‍ സമുദായത്തില്‍ 1313 കുടുംബങ്ങളേ ഉള്ളൂവെങ്കിലും 94 ഗ്രാമപഞ്ചായത്തുകളിലും 2 മുനിസിപ്പാലിറ്റികളിലുമായി 10 ജില്ലയില്‍ വ്യാപിച്ചുകിടക്കുകയാണ്. ഇവരുടെ മൊത്ത ജനസംഖ്യ 4728 ഉം കുടുംബത്തിന്റെ വലിപ്പം 3.60 ആണ്. ജനസംഖ്യയില്‍ 2285 പുരുഷന്മാരും 2443 സ്ത്രീകളും ഉള്‍പ്പെടുന്നു. സ്ത്രീ-പുരുഷ അനുപാതം 1000 : 1069 ആണ്. മലവേടന്‍ ജനസംഖ്യയുടെ ഏകദേശം 92 ശതമാനവും പത്തനംതിട്ട, കോട്ടയം, കൊല്ലം ജില്ലകളില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. ഇടുക്കി ജില്ലയിലും

മലവേടന്‍ സമുദായത്തിന്റെ ഗണ്യമായ ജനസംഖ്യയുണ്ട്. നഗരസഭകളില്‍ പുനലൂരില്‍ മലവേടന്‍ സമുദായത്തിന്റെ പ്രാതിനിധ്യമുണ്ട്. പത്തനംതിട്ട ജില്ലയിലെ നാറാണംമൂഴി ഗ്രാമപഞ്ചായത്തില്‍ മലവേടന്‍ സമുദായത്തിന്റെ ജനസംഖ്യ 1257 ആണ്. ഇത് മൊത്തം മലവേടന്‍ സമുദായത്തിന്റെ ഏകദേശം 27 ശതമാനമാണ്. പിറവന്തൂര്‍, തെന്മല (കൊല്ലം ജില്ല), പ്രമാടം (പത്തനംതിട്ട ജില്ല), എരുമേലി, മണിമല (കോട്ടയം ജില്ല) എന്നിവയാണ് 100ന് മുകളില്‍ ജനസംഖ്യയുള്ള മറ്റ് ഗ്രാമപഞ്ചായത്തുകള്‍.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 11-04-2024

ലേഖനം നമ്പർ: 1364

sitelisthead