സംസ്ഥാനത്ത് സ്ത്രീകളുടെ സുരക്ഷിതവും സൗകര്യപ്രദവുമായ രാത്രിയാത്ര ഉറപ്പാക്കാൻ കെ.എസ്.ആർ.ടി.സി രാത്രികാല പിങ്ക് ബസ് സർവീസുകൾ ആരംഭിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം ജില്ലയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. രാത്രി സമയങ്ങളിൽ പൊതുഗതാഗത സൗകര്യങ്ങളുടെ അഭാവം മൂലം സ്ത്രീകൾ നേരിടുന്ന യാത്രാ ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. 

രാത്രിയിൽ, ആശുപത്രി ജീവനക്കാർ, സിനിമ കഴിഞ്ഞ് മടങ്ങുന്നവർ, വിവിധ ട്രെയിനുകളിൽ തമ്പാനൂരിലെത്തുന്ന രോഗികളും ബന്ധുക്കളും, രാത്രി ഷിഫ്റ്റ് കഴിഞ്ഞ് മടങ്ങുന്ന ഐ.ടി. ജീവനക്കാർ എന്നിവർ ഉൾപ്പെടെയുള്ള വനിതാ യാത്രക്കാർക്ക് സുരക്ഷിത യാത്രാസൗകര്യം ഉറപ്പാക്കാനാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇതോടെ അമിത നിരക്ക് ഈടാക്കുന്ന മറ്റ് യാത്രാമാർഗങ്ങളെ ആശ്രയിക്കേണ്ട സാഹചര്യം കുറയും. 

ആദ്യഘട്ടത്തിൽ തിരുവനന്തപുരം–ടെക്നോപാർക്ക് റൂട്ടിലാണ് സർവീസ് ആരംഭിക്കുക. കിഴക്കേക്കോട്ട, തമ്പാനൂർ, പട്ടം, മെഡിക്കൽ കോളേജ് (RCC), ഉള്ളൂർ, കഴക്കൂട്ടം, ടെക്നോപാർക്ക്, ഇൻഫോസിസ്, ലുലു മാൾ, കിംസ് ആശുപത്രി എന്നിവിടങ്ങളിലൂടെ സർവീസ് ക്രമീകരിച്ചിട്ടുണ്ട്. പദ്ധതി നടപ്പാക്കുന്നതിനായി തിരുവനന്തപുരം, എറണാകുളം ഡിപ്പോകളിൽ നിന്ന് ഏറ്റവും പുതിയ ലിങ്ക് ഫാസ്റ്റ് പാസഞ്ചർ ബസുകൾ  അനുവദിച്ചിട്ടുണ്ട്. ഭാവിയിൽ ഓൺലൈൻ റിസർവേഷൻ സൗകര്യവും ഇലക്ട്രിക് ബസുകളുടെ ഉപയോഗവും പരിഗണനയിലുണ്ട്. 

സ്ത്രീകളുടെ സുരക്ഷയും പൊതുഗതാഗതത്തിന്റെ പ്രാപ്യതയും വർധിപ്പിക്കുന്ന ഈ പദ്ധതി, സംസ്ഥാനത്ത് കൂടുതൽ സ്ത്രീസൗഹൃദവും സുരക്ഷിതവുമായ പൊതുഗതാഗത സംവിധാനം സൃഷ്ടിക്കുന്നതിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ്.

 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-07-23 11:23:12

ലേഖനം നമ്പർ: 2052

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo