സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടര്‍ , ലാപ്‌ടോപ്പ്  ഇന്റര്‍നെറ്റ് എന്നിവ   ലഭ്യമാക്കുന്നതില്‍ രാജ്യത്ത് ഒന്നാമതെത്തി കേരളം. കേന്ദ്ര മാനവ വിഭവശേഷി വകുപ്പിന്റെ കീഴിലുള്ള യൂണിഫൈഡ് ഡിസ്ട്രിക്ട് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഫോര്‍ എഡ്യൂക്കേഷന്‍  പ്രസിദ്ധീകരിച്ച   സ്‌കൂളുകളിലെ 2021-2022  ലെ റിപ്പോര്‍ട്ടിലാണ്  സാങ്കേതിക അടിസ്ഥാന സൗകര്യങ്ങളില്‍ കേരളം ദേശീയ ശരാശരിയേക്കാള്‍ മുന്നിലാണെന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയില്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള സമഗ്രവും കാലികവുമായ ഏറ്റവും വലിയ മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റങ്ങളിലൊന്നാണ് പ്രാഥമിക വിദ്യാഭ്യാസത്തിനായുള്ള DISE ഉം സെക്കന്‍ഡറി വിദ്യാഭ്യാസത്തിന് SEMIS ഉം സംയോജിപ്പിച്ച് 2012-13 ല്‍ ആരംഭിച്ച ഏകീകൃത സ്‌കൂള്‍ വിദ്യാഭ്യാസം (UDISE). റിപ്പോര്‍ട്ടിലെ  കമ്പ്യൂട്ടറുകളും ഡിജിറ്റല്‍ സംരംഭങ്ങളും  എന്ന വിഭാഗത്തില്‍  രാജ്യത്ത് ആകമാനമുള്ള സ്‌കൂളുകളിലെ   പ്രവര്‍ത്തനക്ഷമമായ കമ്പ്യൂട്ടറുകള്‍/ലാപ്ടോപ്പുകള്‍  ലഭ്യമായ സ്‌കൂളുകളുടെ എണ്ണം, സ്‌കൂളുകളിലെ  ഇന്റര്‍നെറ്റ് ലഭ്യത  തുടങ്ങിയ  സാങ്കേതിക അടിസ്ഥാന സൗകര്യങ്ങളെപ്പറ്റിയുള്ള  വിശദമായ ഡാറ്റ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. റിപ്പോര്‍ട്ട് അനുസരിച്ച് സാങ്കേതിക  അടിസ്ഥാന സൗകര്യങ്ങളില്‍  എല്ലാ പരാമീറ്ററുകളിലും ദേശീയ ശരാശരിയേക്കാള്‍ മുകളിലാണ് കേരളത്തിന്റെ സ്ഥാനമെന്ന് കാണാം.

റിപ്പോര്‍ട്ട്  പ്രകാരം  കേരളത്തിലെ 69 ശതമാനം (മൊത്തം 16,240 സ്‌കൂളുകളില്‍ 11,275  എണ്ണത്തില്‍) സ്‌കൂളുകളിലും പ്രവര്‍ത്തനസജ്ജമായ കമ്പ്യൂട്ടറുകള്‍ ഉണ്ട്. എന്നാല്‍  ദേശീയ തലത്തില്‍ ഇത്  25 .9  ശതമാനമാണ്.  കൂടാതെ കേരളത്തിലെ 89% വിദ്യാലയങ്ങള്‍ക്കും പ്രവര്‍ത്തനക്ഷമമായ ലാപ് ടോപ്പോ നോട്ട്ബുക്കോ ലഭ്യമാണ്. എന്നാല്‍ ദേശീയ തലത്തില്‍ ഇത് 12 .9 ശതമാനമാണ് .  ഇത് സംസ്ഥാന  വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഡിജിറ്റല് ഇന്ഫ്രാസ്ട്രക്ചറിന്റെ വ്യാപകമായ ഉപയോഗത്തിന്റെ തെളിവാണ്.  ഇന്റര്‍നെറ്റ് സൗകര്യ ലഭ്യതയെക്കുറിച്ചുള്ള  റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലെ സ്‌കൂളുകളില്‍  ശക്തമായ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഉണ്ടെന്ന് കാണാം. അതായത് 95.2% സ്‌കൂളുകളിലും ഇന്റര്‍നെറ്റ്  സൗകര്യം ലഭ്യമാണ്. എന്നാല്‍  ദേശീയ തലത്തില്‍ ഇത് ഇന്റര്‍നെറ്റ് സൗകര്യമുള്ള സ്‌കൂളുകള്‍  33 .7 ശതമാനമാണ്.   
സര്‍ക്കാര്‍ സ്‌കൂളുകളിലും സാങ്കേതിക സംവിധാനങ്ങള്‍ വ്യാപകമാണ്.  5,010  സര്‍ക്കാര്‍ സ്‌കൂളുകളില്‍ 4,738 എണ്ണത്തിലും  (94.6 ശതമാനം) ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. 

കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്ത്  സാങ്കേതികവിദ്യകുള്ള പ്രാധാന്യവും സാങ്കേതിക അടിസ്ഥാന സൗകര്യ വികസനവും എടുത്തുകാട്ടുന്നതാണ് ദേശീയ തലത്തില്‍ പ്രസിദ്ധീകരിച്ച യൂണിഫൈഡ് ഡിസ്ട്രിക്ട് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഫോര്‍ എഡ്യൂക്കേഷന്‍ 2021-2022.  സാങ്കേതിക വിദ്യയിലധിഷ്ഠിതമായ  പൊതുവിദ്യാഭ്യാസ സമ്പ്രദായത്തിന് ദേശീയ തലത്തില്‍ തന്നെ മികച്ച മാതൃക സൃഷ്ടിച്ചിരിക്കുകയാണ് കേരളം. UDISE റിപ്പോര്‍ട്ട്

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-02-26 16:32:57

ലേഖനം നമ്പർ: 1321

sitelisthead