സംസ്ഥനത്തെ കായിക മേഖലയുടെ സമഗ്ര വികസനം ജനകീയവല്‍ക്കരണവും ലക്ഷ്യമിട്ട് നടപ്പാക്കുന്ന 'ഒരു പഞ്ചായത്ത് ഒരു കളിക്കളം' പദ്ധതിയിലെ ആദ്യ കളിക്കളം തിരുവനന്തപുരം ജില്ലയിലെ കള്ളിക്കാട് പഞ്ചായത്തില്‍ പ്രവര്‍ത്തനസജ്ജമായി. പ്രദേശത്തെ എല്ലാ ജനങ്ങള്‍ക്കും പ്രയോജനപ്പെടുന്ന രീതിയില്‍ കായിക-ഫിറ്റ്നസ് കേന്ദ്രമായി നിര്‍മ്മിച്ചിരിക്കുന്ന കളിക്കളത്തില്‍ മള്‍ട്ടിപര്‍പ്പസ് കോര്‍ട്ടും ആധുനിക സംവിധാനങ്ങളുമുണ്ട്. ഒരു കോടി രൂപ നിര്‍മ്മാണ ചെലവില്‍ പഞ്ചായത്ത് ഭൂമിയിലാണ് കളിക്കളം ഒരുക്കിയത്. 

ജനങ്ങള്‍ക്ക് കായിക പ്രവര്‍ത്തനങ്ങള്‍ക്കും ശാരീരിക ക്ഷമതാ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ നല്‍കുന്നതിന്റെ ഭാഗമായി ആവിഷ്‌കരിച്ച പദ്ധതിയാണ് 'ഒരു പഞ്ചായത്ത് ഒരു കളിക്കളം'. സംസ്ഥാനത്ത് ഏകദേശം 450 ഓളം തദ്ദേശസ്ഥാപനങ്ങളില്‍ 3 വര്‍ഷത്തിനകം കളിക്കളം പദ്ധതി പ്രകാരം ഒരുക്കും. ആദ്യ ഘട്ടത്തില്‍ 124 പഞ്ചായത്തുകളുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. നാല് കേന്ദ്രങ്ങളില്‍ നിര്‍മ്മാണം നടക്കുന്നു.പദ്ധതിയുടെ ഭാഗമായി ഒരു ഗ്രാമപഞ്ചായത്തില്‍ ഒരു കായിക ഇനമെങ്കിലും പരിശീലിപ്പിക്കുകയും പഞ്ചായത്തില്‍ ഏതു കായികയിനത്തിനുള്ള സൗകര്യമാണ് ആവശ്യമെന്ന് കണ്ടെത്തി ആ കായികയിനത്തിന് പ്രാധാന്യം നല്‍കും.ഫുട്ബോള്‍, വോളിബോള്‍, ബാസ്‌ക്കറ്റ്ബോള്‍ തുടങ്ങിയ കോര്‍ട്ടുകള്‍ക്കാണ് മുന്‍ഗണന. ഇതിനൊപ്പം നടപ്പാത, ഓപ്പണ്‍ ജിം, ടോയ്ലറ്റ്, ലൈറ്റിങ്ങ് തുടങ്ങിയ സംവിധാനങ്ങളും സജ്ജീകരിക്കും. 

സ്‌കൂള്‍ ഗ്രൗണ്ട്, പഞ്ചായത്ത് മൈതാനം, പൊതുഉടമസ്ഥതയിലുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. സ്ഥല പരിമിതിയുള്ള പഞ്ചായത്തുകളില്‍ അതിനനുസരിച്ച കളിക്കളവും മറ്റു സൗകര്യങ്ങളും ഒരുക്കും. കായികവകുപ്പിന് കീഴിലെ സ്പോട്സ് കേരള ഫൗണ്ടേഷന് (എസ്‌കെഎഫ്) ആണ് നിര്‍മ്മാണ ചുമതല.നിര്‍മ്മാണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് കളിക്കളം സ്ഥല ഉടമയ്ക്ക് കൈമാറും. തുടര്‍ന്നുള്ള നടത്തിപ്പും അറ്റകുറ്റപ്പണിയും പ്രാദേശികതല മാനേജിങ്ങ് കമ്മിറ്റിയ്ക്കാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-02-02 11:19:40

ലേഖനം നമ്പർ: 1291

sitelisthead