2023ലെ ഉത്തരവാദിത്ത ടൂറിസം ഗ്ലോബൽ അവാർഡ് കേരള ടൂറിസത്തിന്. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന റെസ്പോൺസിബിൾ ടൂറിസം പാർട്ണർഷിപ്പും ഇൻറർനാഷണൽ സെൻറർ ഫോർ റെസ്പോൺസിബിൾ ടൂറിസവും(ഐസിആർടി) സംയുക്തമായി നൽകുന്ന പുരസ്കാരമാണിത്. ലോക്കൽ സോഴ്സിംഗ്-ക്രാഫ്റ്റ് ആൻഡ് ഫുഡ് വിഭാഗത്തിൽ ടൂറിസം മേഖലയിൽ പ്രാദേശിക കരകൗശല ഉത്പന്നങ്ങളും തനത് ഭക്ഷണവും ഉറപ്പാക്കുന്ന ഉത്തവാദിത്ത ടൂറിസം മിഷന്റെ പ്രവർത്തനങ്ങൾക്കാണ് അവാർഡ് ലഭിച്ചത്. ഉത്തരവാദിത്ത ടൂറിസം മിഷന് ഈ വർഷം ലഭിക്കുന്ന മൂന്നാമത്തെ അവാർഡ് ആണ് ടൂറിസം ഗ്ലോബൽ അവാർഡ്. വിനോദസഞ്ചാര രംഗത്തെ സുസ്ഥിര വികസനത്തിനും സാമൂഹീക ശാക്തീകരണത്തിനുമുള്ള സംവിധാനമായി പ്രവർത്തിക്കുകയെന്ന ലക്ഷ്യത്തോടെ 2017ലാണ് കേരളം ഉത്തരവാദിത്ത ടൂറിസം മിഷൻ ആരംഭിച്ചത്.
ഉത്തരവാദിത്ത ടൂറിസം മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിവരുന്ന കാർഷിക ടൂറിസം പ്രവർത്തനമായ കേരള അഗ്രി ടൂറിസം നെറ്റ് വർക്ക്, പ്രാദേശിക ഭക്ഷണം ടൂറിസ്റ്റുകൾക്കായി ഒരുക്കുന്ന എക്സ്പീരിയൻസ് എത്നിക്ക് ക്യുസീൻ പ്രോജക്റ്റ്, പരമ്പരാഗത തൊഴിൽ , കലാ പ്രവർത്തനങ്ങൾ, രുചി വൈവിധ്യങ്ങൾ, പ്രാദേശിക ഉത്സവങ്ങൾ എന്നിവ പ്രമേയമാക്കുന്ന എക്സ്പീരിയൻഷ്യൽ ടൂറിസം പാക്കേജുകൾ, പ്രാദേശിക കരകൗശല വസ്തുക്കൾ ഉൾപ്പെടെയുള്ള ഉത്പന്നങ്ങളുടെ വിപണനം ഒരുക്കൽ, തദ്ദേശീയ ജനസമൂഹത്തിനായി നൽകി വരുന്ന പരിശീലനങ്ങൾ, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുമായി ചേർന്ന് നടത്തുന്ന വിവിധ പ്രവർത്തനങ്ങൾ എന്നിവയും പുരസ്കാരത്തിനായി പരിഗണിച്ചു.
പ്രാദേശിക ജനവിഭാഗങ്ങൾക്ക് ടൂറിസം മേഖലയിൽ വിവിധ സംരംഭങ്ങൾ ആരംഭിക്കുന്നതിന് പരിശീലനം, മാർക്കറ്റിംഗ്, മറ്റ് പിന്തുണാ സംവിധാനങ്ങൾ തുടങ്ങിയവ ഉറപ്പുനൽകുന്നതിനാണ് ഉത്തരവാദിത്ത ടൂറിസം മിഷൻ പ്രവർത്തിക്കുന്നത്. സംസ്ഥാനത്ത് ഇപ്പോൾ 25,000 കുടുംബങ്ങൾക്ക് ആർടി മിഷൻ പ്രവർത്തനങ്ങളുടെ പ്രയോജനം ലഭിക്കുന്നുണ്ട്.ഉത്തരവാദിത്ത ടൂറിസം വിനോദസഞ്ചാര മേഖലയോടുള്ള കേരളത്തിന്റെ സമഗ്രമായ സമീപനമാണ്. വിനോദസഞ്ചാര മേഖലയുടെ സാമ്പത്തികവും സാമൂഹികവും പാരിസ്ഥിതികവുമായ നേട്ടങ്ങൾ കൈവരിക്കാനും പ്രതികൂല പ്രത്യാഘാതങ്ങൾ കുറയ്ക്കാനും ഈ പദ്ധതിയിലൂടെ സാധ്യമാകും.
ഗ്രാമീണ പ്രാദേശിക സാമൂഹിക വികസനത്തിന് വിനോദ സഞ്ചാരത്തെ ഉപയോഗിക്കുന്നതിനൊപ്പം ദാരിദ്ര്യ നിർമ്മാർജ്ജനവും സ്ത്രീ ശാക്തീകരണത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള വികസനവും ഉത്തരവാദിത്ത ടൂറിസം മിഷൻറെ ലക്ഷ്യങ്ങളാണ്. കർഷകർക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കുക, അധിക വരുമാനം ഉറപ്പാക്കുക, പാരമ്പര്യ കൈത്തൊഴിലുകൾക്കും പാർശ്വവല്ക്കരിക്കപ്പെട്ടവർക്കും കൂടുതൽ സഹായങ്ങളൊരുക്കുക, മികച്ച സാമൂഹ്യ-പാരിസ്ഥിതിക സന്തുലനം സമൂഹത്തിൽ ഉറപ്പാക്കുക എന്നിവയും ഇതിലൂടെ ലക്ഷ്യമിടുന്നു.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-11-04 11:24:35
ലേഖനം നമ്പർ: 1201