മുഴുവന്‍ ഭക്ഷ്യ സംരംഭകരെയും ഭക്ഷ്യ സുരക്ഷ ലൈസന്‍സ് പരിധിയിലാക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷ വകുപ്പ് സെപ്റ്റംബര്‍ 15ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഫോസ്‌കോസ് ലൈസന്‍സ് ഡ്രൈവ് നടത്തും. foscos.fssai.gov.in വഴി ലൈസൻസിനായി അപേക്ഷിക്കാം. സാധാരണ ലൈസന്‍സുകള്‍ക്ക് ഒരു വര്‍ഷത്തേക്ക് ₹ 2,000 ആണ് ഫീസ്.

സ്വന്തമായി ഭക്ഷണം നിര്‍മിച്ച് വില്‍പന നടത്തുന്നവര്‍, പെറ്റി റീടെയ്‌ലര്‍, തെരുവ് കച്ചവടക്കാര്‍, ഉന്തുവണ്ടിയില്‍ കച്ചവടം നടത്തുന്നവര്‍, താത്കാലിക കച്ചവടക്കാര്‍ എന്നിവര്‍ക്ക് മാത്രമാണ് രജിസ്‌ട്രേഷന്‍ അനുമതിയോടെ പ്രവര്‍ത്തിക്കാവുന്നത്. ജീവനക്കാരെ ഉള്‍പ്പെടുത്തി തട്ടുകട നടത്തുന്നവർ ലൈസന്‍സ് എടുക്കേണ്ടതാണ്. എന്നാല്‍ നിരവധി കച്ചവട സ്ഥാപനങ്ങള്‍ ലൈസന്‍സ് എടുക്കുന്നതിന് പകരം രജിസ്‌ട്രേഷന്‍ മാത്രം എടുത്ത് പ്രവര്‍ത്തിക്കുന്നതായി പരിശോധനകളില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ലൈസന്‍സ് പരിശോധനകള്‍ കര്‍ശനമാക്കിയിട്ടുള്ളത്. ലൈസന്‍സിന് പകരം രജിസ്‌ട്രേഷന്‍ മാത്രമെടുത്ത് പ്രവര്‍ത്തിക്കുന്നവരെ ലൈസന്‍സ് ഇല്ലാത്തവരായി പരിഗണിച്ച് നടപടി എടുക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :07-09-2023

sitelisthead