കേരളത്തിന്റെ ആവേശോജ്ജ്വലമായ സാമൂഹിക പുരോഗതിയുടെ ചരിത്രം പ്രമേയമാക്കി വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന 'വിജ്ഞാന യാത്ര-ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ്' സംസ്ഥാനവ്യാപകമായി ആരംഭിക്കുന്നു. 8 മുതൽ 12 വരെ ക്ലാസുകളിലുള്ള സ്‌കൂൾ വിദ്യാർത്ഥികൾക്കും കോളേജ്/സർവകലാശാല വിദ്യാർത്ഥികൾക്കുമായി പ്രത്യേകം മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്.

സ്‌കൂൾതല മത്സര വിജയികൾക്ക് ഒന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും രണ്ടാം സമ്മാനമായി മൂന്ന് ലക്ഷം രൂപയും മൂന്നാം സമ്മാനമായി രണ്ട് ലക്ഷം രൂപയും ലഭിക്കും. കോളേജ്തല മത്സര വിജയികൾക്ക് ഒന്നാം സമ്മാനമായി മൂന്ന് ലക്ഷം രൂപയും രണ്ടാം സമ്മാനമായി രണ്ട് ലക്ഷം രൂപയും മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും സമ്മാനമായി നൽകും. മൊമന്റോ, പ്രശസ്തി പത്രം എന്നിവയും വിജയികൾക്ക് ലഭിക്കും.

ജനുവരി 12ന് മത്സരങ്ങൾ ആരംഭിക്കും. സ്‌കൂൾ തലത്തിൽ വ്യക്തിഗത മത്സരമായി തുടങ്ങി വിദ്യാഭ്യാസ ജില്ല, ജില്ല, സംസ്ഥാന തലങ്ങളിലായി ടീം അടിസ്ഥാനത്തിൽ ഗ്രാൻഡ് ഫിനാലെ നടക്കും. കോളേജ് വിഭാഗത്തിലും കോളേജ്, ജില്ല, സംസ്ഥാനം എന്നീ തലങ്ങളിലായിരിക്കും മത്സരങ്ങൾ.

പങ്കെടുക്കുന്ന എല്ലാവർക്കും ഓൺലൈൻ സർട്ടിഫിക്കറ്റും, ജില്ലാതല വിജയികൾക്ക് മൊമന്റോയും സർട്ടിഫിക്കറ്റും നൽകും. കൂടാതെ ജില്ലാ തലം മുതൽ ശരിയുത്തരങ്ങൾ നൽകുന്ന പ്രേക്ഷകർക്കും ആകർഷകമായ സമ്മാനങ്ങൾ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് സ്കൂൾ /കോളേജ് പ്രിൻസിപ്പൽമാരുമായി ബന്ധപ്പെടുക. www.prd.kerala.gov.in , Entekeralam.kerala.gov.in

അവസാനമായി അപ്ഡേറ്റ് ചെയ്തത് :30-12-2025

sitelisthead