പതിനഞ്ചാമത് അന്താരാഷ്ട്ര ഹ്രസ്വ ചിത്രമേള ആഗസ്റ്റ് 4 മുതൽ 9 വരെ തിരുവനന്തപുരത്തെ കൈരളി നിള ശ്രീ തീയറ്റർ കോംപ്ലക്‌സിൽ. 13 വിഭാഗങ്ങളിലായി എഴുപതിലധികം ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. 

കെ പി ശശിയുടെ റെസിസ്റ്റിംഗ് കോസ്റ്റൽ ഇൻവേഷൻ, സുനാമി റീഹാബിലിറ്റേഷൻ: ആൻ അൺഫിനിഷ്ഡ് ബിസിനസ്, എ ക്ലൈമറ്റ് കോൾ ഫ്രം ദി കോസ്റ്റ്, ദി സോഴ്സ് ഓഫ് ലൈഫ് ഫോർ സെയിൽ, ഫാബ്രിക്കേറ്റഡ് എന്നീ  ഡോക്യുമെന്ററികൾ മേളയിൽ പ്രദർശിപ്പിക്കും. നവ്‌റോസ് കോൺട്രാക്ടർ ഛായാഗ്രഹണം നിർവഹിച്ച് സഞ്ജീവ് ഷാ സംവിധാനം ചെയ്ത ലവ് ഇൻ ദ ടൈം ഓഫ് മലേറിയ എന്ന ചിത്രവും ചെക്ക്-ഫ്രഞ്ച് നോവലിസ്റ്റ് മിലൻ കുന്ദേരയുടെ രചനകളും അവയ്ക്ക് പ്രചോദനമായ ഘടകങ്ങളും അടിസ്ഥാനമാക്കി മിലോസ് സ്മിഡ്‌മജർ സംവിധാനം ചെയ്ത "ഫ്രം ദ ജോക്ക് ടു ഇൻസിഗ്ഫിനിക്കൻസ്" എന്ന ഡോക്യുമെന്ററിയും മേളയുടെ ഭാഗമാകും. 

ആർട്ടിസ്റ്റ് നമ്പൂതിരിയെക്കുറിച്ച് സംവിധായകൻ ഷാജി തയാറാക്കിയ 'നേര് വര' എന്ന ഡോക്യൂമെന്ററിയും മേളയിൽ പ്രദർശിപ്പിക്കും. ദേശീയ അവാർഡ് ജേതാവായ ഡോക്യുമെന്ററി സംവിധായിക ചന്ദിത മുഖർജിയുടെ ടോട്ടനാമ, ഡിസ്‌പ്ലേസ്‌മെന്റ് ആൻഡ് റെസിലിയൻസ്, അനതർ വേ ഓഫ് ലേണിങ്, ബഹുത് ഖൂബ് ഹേ എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും. അന്തരിച്ച ചിത്രകാരനും കലാകാരനുമായ വിവാൻ സുന്ദരത്തിന്റെ സ്‌ട്രക്‌ചേഴ്‌സ് ഓഫ് മെമ്മറി, ട്രാക്കിംഗ്, ദി ബ്രീഫ് അസെൻഷൻ ഓഫ് മരിയൻ ഹുസൈൻ, ടേണിംഗ്, ബെയർഫൂട്ട് വിത്ത് ഹുസൈൻ, ഗഗാവാക, ഫ്ലോട്ടേജ്, വിഗ്വാം ട്യൂൺ, ടു ഡ്രോ എ ലൈൻ എന്നീ ഡോക്യൂമെന്ററികളും മേളയിൽ പ്രദർശിപ്പിക്കും.

രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ഭാഗമായി സംഗീതത്തെയും സംഗീതജ്ഞരെയും ആദരിക്കുക എന്ന ലക്ഷ്യത്തോടെ ഒരുക്കിയിരിക്കുന്ന സൗണ്ട് സ്‌കേപ്സ് വിഭാഗത്തിൽ 5 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ന്യൂ ഓർലിയൻസ് സംഗീത ലോകത്തെ പ്രമുഖരായ ഇർമ തോമസ്, ബെന്നി ജോൺസ് സീനിയർ, ലിറ്റിൽ ഫ്രെഡി കിംഗ്, എല്ലിസ് മാർസാലിസ് എന്നിവരുടെ ജീവിതവും കഠിനാധ്വാനവും ഇതിവൃത്തമാക്കിയ ബെൻ ചെസിന്റെ 'മ്യൂസിക് പിക്ചേഴ്സ്: ന്യൂ ഓർലിയൻസ്', സൂറിച്ച് ഓപ്പറ ഹൗസിലെ നർത്തകി ജൂലിയ ടോനെല്ലിയുടെ അതിജീവനത്തിന്റെ കഥ പറയുന്ന ലോറ കെഹർ ചിത്രം 'ബികമിങ് ജൂലിയ', കറുത്ത വംശജനും അമേരിക്കൻ ഇതിഹാസ പിയാനിസ്റ്റും സംഗീതസംവിധായകനുമായ തെലോനിയസ് മങ്കിന്റെ 1969-ൽ പുറത്തുവന്ന അഭിമുഖത്തെ ആസ്പദമാക്കി അലയിൻ ഗോമിസ് സംവിധാനം ചെയ്ത 'റീവൈൻഡ് ആൻഡ് പ്ലേ', പുരുഷാധിപത്യ ലോകത്തേക്ക് തന്റെ കഴിവും പ്രയത്‌നവും കൊണ്ട് കടന്നുവന്ന്, വിജയം കൈവരിച്ച ആദ്യ വനിതാ ഓപ്പറ കണ്ടക്ടർ സിമോൺ യങ്ങിന്റെ ജീവിതത്തെ ആസ്പദമാക്കി ജെനിൻ ഹോസ്‌കിങ് സംവിധാനം ചെയ്ത 'നോയിങ് ദി സ്കോർ' എന്നിവയാണ് ഈ വിഭാഗത്തിലെ മറ്റു ചിത്രങ്ങൾ.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :02-08-2023

sitelisthead