ആദിവാസി ജനവിഭാഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഊരുകളിൽ പ്രവർത്തിക്കുന്ന ആശ പ്രവർത്തകരുടെ സംഗമം മാർച്ച് 10ന്  തിരുവനന്തപുരത്ത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ആദിവാസി മേഖലകളിൽ പ്രവർത്തിക്കുന്ന അഞ്ഞൂറോളം ഹാംലെറ്റ് ആശമാർ പരിപാടിയിൽ പങ്കെടുക്കും. ഊരുമിത്രം (ഹാംലെറ്റ് ആശ) പദ്ധതി കൂടുതൽ ശക്തമായി നടപ്പാക്കുന്നതിന് ആശ പ്രവർത്തകരെ സജ്ജമാക്കുകയാണ് സംഗമത്തിന്റെ ലക്‌ഷ്യം. ആദിവാസി ജനവിഭാഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള കൂടുതൽ അറിവുകൾ നേടുന്നതിനും പുതിയ പദ്ധതികളെപ്പറ്റിയുള്ള അവബോധം സൃഷ്ടിക്കുന്നതിനും സംഗമത്തിൽ പങ്കെടുക്കുന്നതിലൂടെ സാധിക്കും.

ഊരിലെ ആരോഗ്യ പ്രശ്‌നങ്ങൾ കാലതാമസം കൂടാതെ ആരോഗ്യവകുപ്പ് ജീവനക്കാരെ അറിയിക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതും ഹാംലെറ്റ് ആശ പ്രവർത്തകരാണ്. ഒരേ ഊരിൽ തന്നെ താമസിക്കുന്നവരായതിനാൽ 24 മണിക്കൂറും സേവനലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട്. 

നിശ്ചിത ഗോത്രവർഗ ഊരുകളിൽ സ്ഥിര താമസക്കാരായ സ്ത്രീകളെ ആ ഊരിലെ അംഗങ്ങൾ തന്നെ തെരഞ്ഞെടുക്കുകയും മികച്ച പരിശീലനത്തിലൂടെ അവരെ ആരോഗ്യ പ്രവർത്തകരായി മാറ്റുകയുമാണ് ചെയ്യുന്നത്. ഇതിലൂടെ അവരുടെ ജീവിത രീതികൾക്ക് അനുയോജ്യമായ ആരോഗ്യ സന്ദേശങ്ങൾ സമൂഹത്തിൽ എത്തിക്കാനും അത്യാവശ്യ ഘട്ടങ്ങളിൽ പ്രാഥമിക ആരോഗ്യ സേവനങ്ങൾ നൽകാനും ഹാംലെറ്റ് ആശാ പ്രവർത്തകർക്ക് സാധിക്കുന്നു. ഇതുവരെ 536 ഊരുമിത്രങ്ങളെ 11 ജില്ലകളിലായി തെരഞ്ഞെടുത്ത് 2 ഘട്ട പരിശീലനവും നൽകിയിട്ടുണ്ട്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :09-03-2023

sitelisthead