സ്വകാര്യ ബസുകളുടെ മത്സരയോട്ടവും മറ്റ് നിയമലംഘനങ്ങളും തടയുന്നതിനായി ഫെബ്രുവരി 28നകം എല്ലാ സ്റ്റേജ് കാര്യേജ് ബസുകളിലും ക്ലോസ്ഡ് സർക്യൂട്ട് കാമറ സ്ഥാപിക്കും. ബസിൽ നിന്നും റോഡിന്റെ മുൻവശവും   അകവും കാണാവുന്ന തരത്തിൽ 2 കാമറകളാണ് സ്ഥാപിക്കേണ്ടത്.  കാമറ വാങ്ങുന്നതിനാവശ്യമായ തുകയുടെ പകുതി സംസ്ഥാന റോഡ് സുരക്ഷ അതോറിറ്റി വഹിക്കും. കാമറ സംബന്ധിച്ച മാർഗനിർദേശവും അതോറിറ്റി നൽകും. കെ.എസ്.ആർ.ടി.സി. ബസുകളിലും കാമറ സ്ഥാപിക്കും. വെഹിക്കിൾ ലൊക്കേഷൻ  ട്രാക്കിംഗ് ഡിവൈസ് വഴി സംസ്ഥാന തലത്തിലും നിരീക്ഷണം ഏർപ്പെടുത്തും. 

സ്വകാര്യബസുകളുടെ മേൽനോട്ടച്ചുമതല മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് പ്രത്യേകമായി നിശ്ചയിച്ചു നൽകും. ബസിന്റെ ഫിറ്റ്നെസ് അടക്കമുള്ള പരിശോധനകളുടെ ഉത്തരവാദിത്തം ഈ ഉദ്യോഗസ്ഥർക്കായിരിക്കും. ബസിൽ ജോലിക്കായി നിയോഗിക്കുന്ന ഡ്രൈവറുടെയും കണ്ടക്ടറുടെയും പേര്, വിലാസം, ലൈസൻസ്  നമ്പർ തുടങ്ങിയ വിവരങ്ങൾ മോട്ടോർ വാഹന വകുപ്പിന് കൈമാറണം. ബസിനകത്തും പ്രസക്തമായ വിവരങ്ങൾ പ്രദർശിപ്പിക്കണം. യാത്രക്കാർക്കും പൊതുജനങ്ങൾക്കും പരാതി നൽകുന്നതിന് ബസിന്റെ ചുമതലയുള്ള മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ നമ്പറും ഉണ്ടാകണം. മാർച്ച് 1-ന് മുമ്പായി ഇവ നടപ്പാക്കണം.

ബസ് ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും 6 മാസത്തിലൊരിക്കൽ റോഡ് സുരക്ഷ അതോറിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ പരിശീലനവും റിഫ്രഷർ കോഴ്‌സുകളും   കൗൺസലിംഗും നൽകും.  ഇന്ത്യ മെഡിക്കൽ അസോസിയേഷൻ , മോട്ടോർ വാഹന വകുപ്പ്, പൊലീസ്, എക്സൈസ് എന്നീ ഏജൻസികളും  പരിശീലന പരിപാടികളുമായി സഹകരിക്കും. ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും 6 മാസത്തിലൊരിക്കൽ വൈദ്യപരിശോധന നടത്തി ഹെൽത്ത് കാർഡ് നൽകും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :14-02-2023

sitelisthead