
സംസ്ഥാനത്തെ വ്യവസായ മേഖലയെ നോളജ് ഇക്കോണമി അധിഷ്ഠിതമാക്കി 2031-ഓടെ 20 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും 10 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആകർഷിക്കാനും ലക്ഷ്യമിട്ടുള്ള നയരേഖ അവതരിപ്പിച്ച് വ്യവസായ വകുപ്പിന്റെ വിഷൻ 2031 സംസ്ഥാനതല സെമിനാർ.
ഒക്ടോബർ 23-ന് തിരുവനന്തപുരത്ത് സംഘടിപ്പിച്ച സെമിനാർ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുകയും വകുപ്പിന്റെ സമഗ്രമായ കരട് നയരേഖ അവതരിപ്പിക്കുകയും ചെയ്തു. സംസ്ഥാന രൂപീകരണത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുമ്പോൾ, ലോകോത്തര നിലവാരമുള്ള വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് വിഷൻ 2031-ലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
വിഷൻ 2031-ൻ്റെ ഭാഗമായി കേരളത്തിൻ്റെ വ്യാവസായിക വളർച്ചയെ നയിക്കുന്ന സുപ്രധാന പ്രഖ്യാപനങ്ങൾ സെമിനാറിൽ നടന്നു. 2031-ഓടെ 10 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആകർഷിക്കുക.നേരിട്ടും അല്ലാതെയും 20 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI), റോബോട്ടിക്സ്, ബയോടെക്നോളജി, ഫിൻടെക് തുടങ്ങിയ ഇൻഡസ്ട്രി 4.0 സാങ്കേതികവിദ്യകൾക്ക് പ്രാധാന്യം നൽകി വ്യാവസായിക യൂണിറ്റുകൾ സ്ഥാപിക്കുക. സംസ്ഥാനത്തെ ബിസിനസ് അന്തരീക്ഷം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി 'ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്' നിയമങ്ങളും ഏകജാലക സംവിധാനവും കൂടുതൽ ലളിതമാക്കും.
'ഒരു തദ്ദേശ സ്ഥാപനം, ഒരു ഉൽപ്പന്നം' എന്ന പദ്ധതി ശക്തിപ്പെടുത്തുകയും സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് (MSME) ഉൽപ്പാദനത്തിലും കയറ്റുമതിയിലും പ്രത്യേക പിന്തുണ നൽകുകയും ചെയ്യും. വ്യവസായ സ്ഥാപനങ്ങൾക്കായി വികസിപ്പിച്ചെടുക്കുന്ന ഭൂമി ബാങ്കുകൾ (Land Banks), വരാനിരിക്കുന്ന പ്രധാന വ്യാവസായിക ഇടനാഴികൾ (Industrial Corridors) എന്നിവയുടെ സാധ്യതകൾ ചർച്ച ചെയ്തു.
'വിഷൻ 2031' ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഊന്നൽ നൽകിക്കൊണ്ട് മൂന്ന് പ്രധാന വിഷയങ്ങളിൽ സെമിനാറിൽ പാനൽ ചർച്ചകൾ നടന്നു:
ഇൻഡസ്ട്രി 4.0 സാങ്കേതികവിദ്യയുടെ സ്വീകാര്യത:
കേരളത്തിലെ വ്യവസായ യൂണിറ്റുകളിൽ ആധുനിക സാങ്കേതികവിദ്യകൾ എങ്ങനെ ഫലപ്രദമായി നടപ്പാക്കാം.
എം.എസ്.എം.ഇ. കയറ്റുമതി പ്രോത്സാഹനം: ചെറുകിട സംരംഭങ്ങൾക്ക് അന്താരാഷ്ട്ര വിപണിയിൽ പ്രവേശിക്കുന്നതിന് സർക്കാർ നൽകേണ്ട സഹായങ്ങൾ.
സ്കിൽ ഡെവലപ്മെന്റ് : പുതിയ വ്യവസായങ്ങൾ ആവശ്യപ്പെടുന്ന നൈപുണ്യം തൊഴിലാളികൾക്ക് നൽകുന്നതിനായി അക്കാദമിക സ്ഥാപനങ്ങളും വ്യവസായ ലോകവും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുക.
സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരും വ്യവസായ ലോകത്തെ പ്രമുഖരും ഉൾപ്പെടെ നിരവധി പ്രതിനിധികൾ സെമിനാറിൽ പങ്കെടുത്തു. സെമിനാറിൽ ഉയർന്ന നിർദ്ദേശങ്ങൾ സംസ്ഥാന നയരേഖയിൽ ഉൾപ്പെടുത്തി.