
സംസ്ഥാന സർക്കാരിന്റെ 'വിഷൻ 2031' വികസന ലക്ഷ്യങ്ങൾ രൂപീകരിക്കുന്നതിൻ്റെ ഭാഗമായി എക്സൈസ് വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ സംസ്ഥാനതല സെമിനാർ ഒക്ടോബർ 23-ന് പാലക്കാട് കോസ്‌മോപോളിറ്റൻ ക്ലബ്ബിൽ നടന്നു. 2031-ഓടെ എക്സൈസ് വകുപ്പിന്റെ പ്രവർത്തന കാഴ്ചപ്പാട് രൂപീകരിക്കുക എന്നതായിരുന്നു സെമിനാറിൻ്റെ പ്രധാന ലക്ഷ്യം.
തദ്ദേശസ്വയംഭരണം, എക്സൈസ്, പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എം. ബി. രാജേഷ് സെമിനാറിൽ എക്സൈസ് വകുപ്പിൻ്റെ 2031-ലേക്കുള്ള കരട് നയരേഖ അവതരിപ്പിച്ചു. കഴിഞ്ഞ 10 വർഷത്തെ വകുപ്പിന്റെ നേട്ടങ്ങളും നിലവിലുള്ള സുപ്രധാന നയങ്ങളും ഉൾപ്പെടുന്ന റിപ്പോർട്ട് അഡീഷണൽ ചീഫ് സെക്രട്ടറി കെ. ആർ. ജ്യോതിലാൽ അവതരിപ്പിച്ചു. എ.ഡി.ജി.പി.യും എക്സൈസ് കമ്മീഷണറുമായ എം. ആർ. അജിത് കുമാർ, സംസ്ഥാന ബിവറേജസ് കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ ഹർഷിത അത്തല്ലൂരി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
നാല് വേദികളിലായി നാല് സുപ്രധാന വിഷയങ്ങളെ ആസ്പദമാക്കിയാണ് സെമിനാറിൽ പാനൽ ചർച്ചകൾ സംഘടിപ്പിച്ചത്. സംസ്ഥാനത്തിൻ്റെ സാമ്പത്തിക വികസനം, ലഹരി പ്രതിരോധം, പരമ്പരാഗത വ്യവസായ നവീകരണം എന്നിവ ചർച്ചകളിൽ നിറഞ്ഞുനിന്നു. വിനോദസഞ്ചാരവും വ്യാവസായിക വളർച്ചയും ലക്ഷ്യമിട്ട് വ്യാവസായിക സൗഹൃദ മദ്യനയത്തിൻ്റെ അനിവാര്യതയെക്കുറിച്ച് സെമിനാർ ചർച്ച ചെയ്തു.
മയക്കുമരുന്ന് രഹിത നവകേരളം – പ്രതിരോധവും പ്രതീക്ഷകളും എന്ന വിഷയത്തിൽ സമഗ്രമായ പ്രതിരോധ മാർഗ്ഗങ്ങൾ രൂപീകരിക്കുന്നതിനെക്കുറിച്ച് ചർച്ച നടന്നു. കേരളത്തിലെ പരമ്പരാഗത കള്ള് വ്യവസായത്തിൻ്റെ നവീകരണവും സുസ്ഥിരവികസനവും സംബന്ധിച്ച ശുപാർശകൾ സെമിനാർ മുന്നോട്ട് വച്ചു. എക്സൈസ് നിയമ പരിഷ്കരണവും ലഹരി പ്രതിരോധത്തിലെ പ്രായോഗിക വശങ്ങളും സംബന്ധിച്ച് നിയമപരമായ മാറ്റങ്ങൾ ചർച്ചാവിഷയമായി. സമാപന സെഷനിൽ എക്സൈസ് കമ്മീഷണർ എം.ആർ. അജിത് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.